ഹൈദരാബാദ്: പണം നൽകി വോട്ടർമാരെ സ്വാധീക്കാൻ ശ്രമിച്ച കേസിൽ തെലങ്കാന എംപി കവിത മലോതിനെതിരെ നടപടി. 2019 -ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കവിതയും കൂട്ടാളിയായ ഷൗക്കത്ത് അലിയും ചേർന്ന് വോട്ടർമാർക്ക് പണം നൽകിയെന്നാണ് കേസ്. കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഇരുവർക്കുമെതിരെ സെഷൻസ് കോടതി ആറു മാസത്തെ കഠിന തടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. എംപിമാർക്കും എംഎൽഎമാർക്കുമെതിരെയുള്ള കേസുകൾ കേൾക്കുന്ന പ്രത്യേക സെഷൻസ് കോടതിയുടേതാണ് വിധി.

2019ലെ തിരഞ്ഞെടുപ്പ് സമയത്ത് വോട്ടർമാർക്ക് പണം നൽകുന്നതിനിടെ കവിതയുടെ കൂട്ടാളിയായ ഷൗക്കത്തലിയെ തെരഞ്ഞെടുപ്പ് സ്‌ക്വാഡ് പിടികൂടുകയായിരുന്നു. ഒരു വോട്ടിന് 500 രൂപ വീതമായിരുന്നു വോട്ടർമാർക്ക് വിതരണം ചെയ്തിരുന്നത്. തുടർന്ന് മഹബൂബാബാദ് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നു.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ എംപിക്ക് വേണ്ടിയാണ് താൻ പണം നൽകിയതെന്ന് ഷൗക്കത്തലി മൊഴി നൽകുകയായിരുന്നു. ഇതോടെ കേസിൽ കവിത മലോത് രണ്ടാം പ്രതിയായി. തെലങ്കാനയിലെ മഹബൂബാബാദിൽനിന്നുള്ള ടിആർഎസ് എംപിയാണ് കവിത. സംഭവത്തിൽ ഇന്നലെ മുൻകൂർ ജാമ്യം നേടിയ എംപി കേസിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നാണ് അറിയിച്ചിരിക്കുന്നത്.