തിരുവനന്തപുരം: താരങ്ങളോടുള്ള അമിതി ആരാധാനമൂലം രാജ്യത്ത് നിരവധി ചലച്ചിത്ര താരങ്ങളുടെ പേരിൽ ക്ഷേത്രങ്ങൾ ഉയർന്നിട്ടുണ്ട്. തമിഴ്‌നാട്ടിലും ആന്ധ്രയിലു മൊക്കെയാണ് ഇത്തരം ക്ഷേത്രങ്ങൾ പതിവ് കാഴ്‌ച്ചകളാകുന്നത്. അത്തരം ക്ഷേത്രങ്ങളിൽ മിക്കവയും താരാരാധന കൊണ്ടുമാത്രം നിർമ്മിക്കപ്പെടുന്നവയാണ്. അപൂർവ്വം ചിലതാണ് താരങ്ങളുടെ ജനസേവനത്തിനൊ ഇടപെടലിനോ മറ്റോ പ്രത്യുപകാരമായി നിർമ്മിച്ചിട്ടുള്ളത്. എന്നാൽ ഇതിന് വിപരീതമായി തങ്ങളെ സഹായിച്ചതിന് ദുരിതകാലത്ത് സംരക്ഷിച്ചതിന് ഒരു താരത്തിന്റെ പേരിൽ ക്ഷേത്രം നിർമ്മിച്ചിരിക്കുകയാണ് തെലങ്കാനയിൽ. നടൻ സോനു സൂദിന്റെ പേരിലാണ് പുതുതായി ക്ഷേത്രം ഉയർന്നിരിക്കുന്നത്.

കോവിഡ് നാളിൽ യഥാർത്ഥ ജീവിതത്തിൽ നായകനായി തിളങ്ങിയ നടൻ സോനു സൂദിന് വേണ്ടി അമ്പലം ഉയർന്നിരിക്കുകയാണ് തെലങ്കാനയിലെ ഒരു ഗ്രാമത്തിൽ. ഡബ്ബ താണ്ട എന്ന ഗ്രാമത്തിലാണ് അമ്പലം നിർമ്മിച്ചിരിക്കുന്നത്. കോവിഡ് കാലത്ത് സോനു സൂദ് ചെയ്ത പ്രവർത്തനങ്ങൾക്കുള്ള ആദരമാണ് ഈ പ്രവർത്തി. വൈറസ് വ്യാപന നാളുകളിൽ ആയിരക്കണക്കിന് ആളുകൾക്കാണ് നടൻ സഹായവുമായി എത്തിയത്. ലോക്ഡൗണിൽ സ്വന്തം നാടുകളിലേക്ക് മടങ്ങാൻ തൊഴിലാളികൾക്ക് ബസ് ഒരുക്കിയും പലർക്കും സാമ്പത്തിക സഹായം ചെയ്തുമെല്ലാം നടൻ മുന്നിട്ടിറങ്ങിയിരുന്നു. ഇതിന് പ്രത്യുപകാരമായാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. സോനുസുദിന്റെ ഒരു ശിൽപ്പവും ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ട്.

സോനു മഹാമാരിയുടെ നാളിൽ നിരവധി പേർക്ക് സഹായം ചെയ്‌തെന്നും അദ്ദേഹത്തിനായി ഇങ്ങനൊരു കാര്യം ചെയ്യാനായതിൽ സന്തോഷമുണ്ടെന്നുമാണ് ഗ്രാമവാസികൾ പറയുന്നത്. അതേസമയം വാർത്തയറിഞ്ഞ സോനു സൂദ് ഈ പ്രവർത്തി വളരെയധികം വികാരമുളവാ ക്കുന്നതാണെന്നും ഇതിന് താൻ ഇതിന് അർഹനല്ലെന്നും പ്രതികരിച്ചു. ക്ഷേത്ത്രിന്റെ പടങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലുമാണ്.

ജയലളിത, എംജിആർ, ഖുശ്‌ബു, അമിതാഭ് ബച്ചൻ എന്നിവരുടെയൊക്കെ പേരിൽ പലയിടങ്ങ ളിലായി അമ്പലങ്ങൾ പണിതിട്ടുണ്ട്.സിനിമാതാരങ്ങളോടുള്ള കടുത്ത ആരാധനമൂലമാണ് ഇന്ത്യയിൽ പല അമ്പലങ്ങളും ഉയർന്നിട്ടുള്ളത്.