കൊച്ചി: പന്തീരങ്കാവ് യു.എ.പി.എ കേസിൽ താഹ ഫസൽ കോടതിയിൽ കീഴടങ്ങി. ഹൈക്കോടതി ജാമ്യം റദ്ദാക്കിയ സാഹചര്യത്തിലാണ് ഇത്. പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ രണ്ടാം പ്രതി താഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി ഇന്നലെയാണ് റദ്ദാക്കിയത്. ഒന്നാം പ്രതി അലൻ ഷുഹൈബിന്റെ ജാമ്യം തുടരും. അതിനിടെ ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധിക്കെതിരെ മേൽകോടതിയിൽ അപ്പീൽ നൽകുമെന്ന് താഹ പ്രതികരിച്ചു.

ഇരുവർക്കും ജാമ്യം അനുവദിച്ച എൻഐഎ പ്രത്യേക കോടതി ഉത്തരവിനെതിരെ ദേശീയ അന്വേഷണ ഏജൻസി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ.ഹരിപ്രസാദ്, ജസ്റ്റിസ് കെ.ഹരിപാൽ എന്നിവരുടെ ഉത്തരവ്. എൻഐഎ കോടതി വിധിയിലെ അലന്റെ ജാമ്യ വ്യവസ്ഥകൾ തുടരുമെന്നും കോടതി വ്യക്തമാക്കി. പ്രത്യേക കോടതി ജഡ്ജിക്കു മുന്നിൽ കീഴടങ്ങാൻ താഹയ്ക്കു ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. ഇത് അനുസരിച്ചാണ് താഹയുടെ കീഴടങ്ങൽ.

കീഴടങ്ങിയില്ലെങ്കിൽ കസ്റ്റഡിയിൽ എടുക്കാൻ പ്രത്യേക കോടതി നടപടിയെടുക്കണം എന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. എത്രയും വേഗം വിചാരണ നടത്തി കേസ് ഒരു വർഷത്തിനുള്ളിൽ തീർപ്പാക്കാനും നിർദ്ദേശം നൽകി. ഹൈക്കോടതി ഉത്തരവിലെ നിരീക്ഷണങ്ങൾ വിചാരണക്കോടതിയെ സ്വാധീനിക്കരുതെന്നും നിർദ്ദേശിച്ചു. 2019 നവംബർ ഒന്നിനാണ് സിപിഎം പ്രവർത്തകരായ അലൻ ഷുഹൈബിനെയും താഹ ഫസലിനെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. അലന്റെ പ്രായവും മാനസികാവസ്ഥയും പിടിച്ചെടുത്ത രേഖകളും കോടതി കണക്കിലെടുത്തു

അതിനിടെ താഹയ്ക്ക് ജാമ്യം നിഷേധിച്ച സംഭവത്തിൽ പ്രതികരിച്ച് അലൻ ശുഹൈബ് രംഗത്തുവന്നു. സഹോദരനാണ് ജയിലിൽ പോയതെന്നും നടപടി ഭീകരമായിപ്പോയെന്നും അലൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

അലന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്:

''താഹയാണ് ഈ ദുരന്തം വിളിച്ചറിയിച്ചത്. അവൻ പണി സ്ഥലത്തും ഞാൻ കോളേജിലുമായിരുന്നു. ഇന്നലെ താഹയുടെ ഇക്കാക്കയുടെ പിറന്നാളുമായിരുന്നു. കഴിഞ്ഞയാഴ്‌ച്ച സ്റ്റേഷനിൽ ഒപ്പിടാൻ വേണ്ടി നാട്ടിൽ വന്നപ്പോൾ ഞങ്ങൾ കണ്ടു. കുറേ കാലത്തിന് ശേഷം പുറത്ത് പോയി ഒരു മിൽക്കവിലും ഉന്നക്കായും കഴിച്ചു. പതിവ് പോലെ പൈസ അവൻ തന്നെയാണ് കൊടുത്തത്. ജയിലിൽ നിന്നും ഇറങ്ങിയാലുള്ള ഒരു തരം സാമൂഹിക ഒറ്റപ്പെടുത്തൽ ഞങ്ങൾ പ്രതീക്ഷിച്ചതാണ്. എന്നാൽ പലരും മിണ്ടാതാകുമ്പോൾ എനിക്ക് അത് താങ്ങാൻ കഴിഞ്ഞിരുന്നില്ല. ജയിലിലെന്നപോലെ ഇവിടെയും എന്നെ ചേർത്ത് നിർത്തിയത് താഹയായിരുന്നു. എനിക്ക് എന്തും തുറന്ന് പറയാൻ കഴിയുന്നത് അവനോട് മാത്രമായിരുന്നു. ഇത് ഭീകരമായിപ്പോയി. ഈ താൽക്കാലികമായ വേർപിരിയൽ വളരെ വേദനിപ്പിക്കുന്ന ഒന്നാണ്. എനിക്കിതിൽ സന്തോഷിക്കാൻ ഒന്നുമില്ല. കാരണം എന്റെ സഹോദരനാണ് ജയിലിൽ പോയത്. അല്ലാതെ കേവലം കൂട്ടുപ്രതിയല്ല. അക്ഷരാർഥത്തിൽ അറിയില്ല എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ട് പോകണം എന്ന്''.

സിപിഐ. മാവോയിസ്റ്റ് പാർട്ടിയുമായുള്ള ബന്ധത്തിന്റെ പേരിലായിരുന്നു കഴിഞ്ഞ ജനുവരിയിൽ അലൻ ശുഹൈബ്, താഹ ഫൈസൽ എന്നിവരെ കോഴിക്കോട് സിറ്റി പൊലീസ് അഅറസ്റ്റുചെയ്തത്. കേസിൽ യു.എ.പി.എ. ചുമത്തിയത് വിവാദമായെങ്കിലും വിട്ടുവീഴ്ചയില്ലാതെ പൊലീസ് മുന്നോട്ടുപോയി. ഇരുവരുടെയും സിപിഎം കുടുംബങ്ങളെന്നതും പരിഗണിച്ച് പാർട്ടി ഇടപെട്ടെങ്കിലും പൊലീസ് നടപടിക്ക് മുഖ്യമന്ത്രി പച്ചക്കൊടി കാട്ടിയതോടെ നേതാക്കൾ പ്രതിരോധത്തിലായി, യുഎപിഎ നിലനിർത്തുമെന്ന് ഉറപ്പായി. ഇതോടെ ദേശീയ അന്വേഷണ ഏജൻസിയും രംഗത്തെത്തി കേസ് ഏറ്റെടുത്തു.

ജാമ്യത്തിനായി കുടുംബം പിന്നീടും ശ്രമിച്ചെങ്കിലും ഹൈക്കോടതി അടക്കം അപേക്ഷ തള്ളി. അങ്ങനെ പത്തുമാസം നീണ്ട ജയിൽ വാസത്തിനൊടുവിലാണ് ഇരുവർക്കും ജാമ്യം അനുവദിച്ച് എൻഐഐ വിചാരണാ കോടതി ഉത്തരവായത്. ഇതിനെതിരെ എൻഐഎ അന്വേഷണസംഘം ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിവച്ചു. ഇതോടെ ഹർജി തീർപ്പാാക്കുംവരെ പ്രതികളെ പുറത്തു വിടരുത് എന്ന ആവശ്യവുമായി അന്വേഷണസംഘം എൻഐഎ കോടതിയെ സമീപിച്ചെങ്കിലും തള്ളി. ഇതോടെയാണ് മോചനം സാധ്യമായത്. ഇതിൽ താഹയുടെ ജാമ്യമാണ് ഹൈക്കോടതി റദ്ദാക്കുന്നത്.