കണ്ണൂർ: തലശ്ശേരിയിലെ ബിജെപിയിലെ ആശയക്കുഴപ്പം മുതലെടുക്കാൻ ഒരുങ്ങി കോൺഗ്രസ്. തലശേരിയിൽ ആരുടെ വോട്ടും സ്വീകരിക്കുമെന്ന് കോൺഗ്രസ് നേതാവും എംപിയുമായ കെ സുധാകരൻ വ്യക്തമാക്കി. ഷംസീറിനെ തോൽപ്പിക്കുകയാണ് മുഖ്യലക്ഷ്യം. എന്നാൽ അതിനായി ബിജെപിക്കാരുടെ വോട്ട് ചോദിക്കില്ലെന്ന് സുധാകരൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

കോൺഗ്രസിന് വോട്ട് ചെയ്യുമെന്ന് ബിജെപി പറഞ്ഞാൽ എന്തുചെയ്യും. സിപിഎമ്മിനെ തോൽപ്പിക്കുക എന്നതാണ് ലക്ഷ്യം. അതിനായി ആരു വോട്ടുതന്നാലും സ്വീകരിക്കും. പിന്നെ ഇതിനെതിര വിമർശനം ഉന്നയിക്കുന്നത് എസ്ഡിപിഐ പിന്തുണയിൽ പഞ്ചായത്ത് ഭരിക്കുന്നവരാണെന്നും സുധാകരൻ വ്യക്തമാക്കി.

അതേസമയം തലശ്ശേരിയിൽ മനഃസാക്ഷി വോട്ട് ചെയ്യാനുള്ള ബിജെപി ജില്ലാ നേതൃത്വത്തിന്റെ ആഹ്വാനം തള്ളി കേന്ദ്ര മന്ത്രി വി മുരളീധരൻ രംഗത്തുവന്നു. സിഒടി നസീറിന് വോട്ട് ചെയ്യാനാണ് ബിജെപി നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളത്. അത് അങ്ങനെ തന്നെയാണ്. ഒരു മനഃസാക്ഷിക്കുമല്ല വോട്ട് ചെയ്യുന്നത്. ഇക്കാര്യത്തിൽ ബിജെപി പ്രവർത്തകർക്ക് യാതൊരു ആശയക്കുഴപ്പവും ഇല്ലെന്നും മുരളീധരൻ പറഞ്ഞു.

'ബിജെപിയിൽ ജില്ലാ നേതൃത്വത്തേക്കാളും വലുതാണ് സംസ്ഥാന പ്രസിഡന്റ്. സംസ്ഥാന പ്രസിഡന്റ് പറഞ്ഞത് സിഒടി നസീറിന് വോട്ട് ചെയ്യാനാണ് അതിനപ്പുറം ഒന്നും പറയാനില്ല' മുരളീധരൻ പറഞ്ഞു. തലശ്ശേരിയിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും എതിരേ മനഃസാക്ഷിക്ക് വോട്ടുചെയ്യാനായിരുന്നു ജില്ലാ നേതൃത്വം കഴിഞ്ഞ ദിവസം തീരുമാനിച്ചത്. ഇന്ത്യൻ ഗാന്ധിയൻ പാർട്ടി നേതാവ് സി.ഒ.ടി. നസീർ പിന്തുണ നിരസിച്ച സാഹചര്യത്തിലാണ് ബിജെപി. ജില്ലാ നേതൃത്വം പുതിയ തീരുമാനമെടുത്തത്. ഈ തീരുമാനമാണിപ്പോൾ കേന്ദ്ര വി.മുരളീധരൻ തള്ളി പറഞ്ഞിരിക്കുന്നത്.

നാമനിർദേശ പത്രിക തള്ളിയതിനെ തുടർന്നാണ് തലശ്ശേരിയിൽ ബിജെപി സ്ഥാനാർത്ഥി ഇല്ലാതായാത്. കഴിഞ്ഞ തവണ കണ്ണൂർ ജില്ലയിൽ ബിജെപിക്ക് ഏറ്റവുമധികം വോട്ട് ലഭിച്ച മണ്ഡലമാണ് തലശ്ശേരി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകൾ പ്രകാരം ഇന്നുവരെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ മാത്രം വിജയിച്ചിട്ടുള്ള മണ്ഡലമാണ് തലശ്ശേരി. 1957 ലെ ആദ്യ തിരഞ്ഞെടുപ്പിൽ വിആർ കൃഷ്ണയ്യർ മുതൽ 2016 ൽ എംഎൻ ഷംസീർ വരെ തിരഞ്ഞെടുക്കപ്പെട്ടവർ എല്ലാം കമ്മ്യൂണിസ്റ്റുകാർ (ഇടത് സ്വതന്ത്രനായി മത്സരിച്ച വിആർ കൃഷ്ണയ്യർ ഉൾപ്പടെ).

ഇതിൽ തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പിന് ശേഷം 1970 ൽ മാത്രം സിപിഐ വിജയിച്ചു, ബാക്കി 12 തവണയും വിജയിച്ചത് സിപിഎം സ്ഥാനാനാർത്ഥികൾ. അതേസമയം തന്നെ കോൺഗ്രസ് 'ജയിച്ചിട്ടും തോറ്റ മണ്ണ്' എന്ന വിശേഷണവും തലശ്ശേരിക്കുണ്ട്. ആ തലശ്ശേരിയിൽ ബിജെപിക്ക് ഇത്തവണ സ്ഥാനാർത്ഥി ഇല്ല എന്നുള്ളതാണ് എൽഡിഎഫ് യുഡിഎഫ് പോരാട്ടത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്.

2016 ലെ തിരഞ്ഞെടുപ്പിൽ 22125 വോട്ടുകളാണ് ബിജെപിക്ക് ലഭിച്ചത്. ഈ വോട്ടുകൾ എങ്ങോട്ട് പോവും എന്നത് തലശ്ശേരിയിലെ വിജയത്തെ നിർണ്ണയക്കുന്നതിൽ പ്രധാന ഘടമായി മാറും. വോട്ട് കച്ചവടം ആരോപിച്ച് സിപിഎം കോൺഗ്രസ് ഇതിനോടകം രംഗത്ത് എത്തിയിട്ടുണ്ട്. തലശ്ശേരിയിൽ ഷംസീറിനെ തോൽപ്പിക്കണമെന്ന് സുരേഷ് ഗോപി പരസ്യമായി പറഞ്ഞതും ചർച്ചാ വിഷയമായി. ബിജെപിയുടെ മുഴുവൻ വോട്ടും കോൺഗ്രസിന് പോയാലും തലശ്ശേരിയിൽ വിജയം ഉറപ്പാണെന്നാണ് ഇടതുപക്ഷവും എഎൻ ഷംസീരും അവകാശപ്പെടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് എപി അബ്ദുള്ളക്കുട്ടിക്കെതിരെ 34117 വോട്ടിന്റെ വിജയമായിരുന്നു ഷംസീർ നേടിയത്. ഷംസീറിന്റെ ഭൂരിപക്ഷത്തേക്കാൾ വെറും 2507 വോട്ട് മാത്രം കൂടുതലായിരുന്നു കോൺഗ്രസിന് നേടാൻ സാധിച്ചത്.