വംശനാശം എന്നു പറഞ്ഞാൽ ഒരു സമൂഹം ഇല്ലാതെയാകും എന്നല്ല ഉദ്ദേശിച്ചത്. ഒരു സംസ്‌കാരം അല്ലങ്കിൽ ഭാഷ എന്നാണ് ഉദ്ദേശിച്ചത്. അതായത് മലയാള ഭാഷ സംസാരിക്കുന്ന മലയാളികൾ സമീപഭാവിയിൽത്തന്നെ ആ ഭാഷ സംസാരിക്കുന്ന സംസ്‌ക്കാരം ഇല്ലാതെയാക്കാനുള്ള സാദ്ധ്യതയുണ്ടെന്നുള്ളത് ഞെട്ടിക്കുന്ന സത്യമാണ്. ആ വിഷയത്തെപ്പറ്റിയാണ് നമ്മൾ ഇപ്പോൾ ചർച്ച ചെയ്യേണ്ടത്. പാലായിലെ അച്ചന്മാർ കൂടുതൽ കുട്ടികൾ ഉണ്ടാക്കാനായി ആഹ്വാനം ചെയ്തപ്പോൾ, മതപരമായ കാര്യമായിരുന്നെങ്കിൽപോലും അത് കേരളത്തിലെ ജനസംഖ്യയെക്കുറിച്ചുള്ള ഒരു ചർച്ചക്കുള്ള വഴി തെളിച്ചു എന്നതിൽ സന്ദേഹമില്ല. കേരളത്തിലെ മൂന്നു പ്രബല മതങ്ങളെ പരാമർശിച്ചുകൊണ്ടുള്ളതായിരുന്നു ആ പ്രസ്താവന. അതുതന്നെയാണ് ഞാനും പറയാൻ ഉദ്ദേശിക്കുന്നത്.

ക്രിസ്ത്യാനികളും ഹിന്ദുക്കളും ഫെർട്ടിലിറ്റി നിരക്കിൽ മുസ്ലിം സമുദായത്തേക്കാൾ താഴെയാണെന്നു പറയുമ്പോഴും അവരുടെ നിരക്കും മൂന്നിൽ (3.00) താഴെയാണെന്ന കാര്യം മറക്കരുത്. ഇതര സംസ്ഥാനങ്ങളുമായി താരതമ്മ്യം ചെയ്യുബോൾ ഈ നിരക്ക് വളരെ കുറവാണ്. ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും നിരക്ക് രണ്ടിൽ താഴെയുമാണ്. ഒരു സമുദായം, അല്ലെങ്കിൽ ഒരു സംസ്‌ക്കാരം നിലനിൽക്കണമെങ്കിൽ ആവശ്യമായ ഏറ്റവും കുറഞ്ഞ നിരക്ക് 2.10 ആണ്. അതുകൊണ്ട്, ഒരുതരത്തിൽ പറഞ്ഞാൽ നമ്മൾ മലയാളികളുടെ സംസ്‌ക്കാരവും ഭാഷയും നിലനിർത്തുന്നത് മുസ്ലിം വിഭാഗക്കാർ മാത്രമാണ്! അതും സമീപഭാവിയിൽ താഴേക്കു പോകാനാണു സാധ്യത. വിവരവും വിദ്യാഭ്യാസവും കൂടുമ്പോൾ ലോകത്തെല്ലായിടത്തും സംഭവിക്കുന്നതുതന്നെയാണ് കേരളത്തിലും സംഭവിക്കുന്നത്. ഉദാഹരണത്തിന് യൂറോപ്പിലേക്കു നോക്കിയാൽ മതി.

അല്ലെങ്കിൽ കേരളത്തിനു പുറത്ത് എന്തുകൊണ്ട് ഇങ്ങനെയൊരവസ്ഥ നിലനിൽക്കുന്നില്ല എന്നു ചിന്തിക്കുക. കത്തോലിക്കരുടെ എണ്ണം കുറയുന്നതിനു കാരണം അതു മാത്രമല്ല. കുടിയേറ്റം (migration) ഒരു പ്രധാനപങ്കു വഹിക്കുന്നുണ്ട്. ഇന്ന് അമേരിക്കയിലേക്കും യൂറോപ്പിലേക്കും ഏറ്റവും കൂടുതൽ കുടിയേറ്റം നടത്തുന്നത് പ്രസ്തുത വിഭാഗത്തിൽപ്പെട്ടവരാണ്. അങ്ങനെ പലായനം ചെയ്യുന്നവർ ഒരിക്കലും തിരിച്ചുവരുന്നില്ല എന്നതൊരു വസ്തുതയാണ്. കുട്ടികൾ മറ്റു രാജ്യങ്ങളിലേക്കു പോവുകയും അവിടെ പഠിക്കുകയും ചെയ്യണമെന്നാണ് മാതാപിതാക്കൾ ആഗ്രഹിക്കുന്നത്. അതിനു സാമ്പത്തികമോ അല്ലാത്തതോ ആയ പല കാരണങ്ങളുണ്ടാകാം. അവയെക്കുറിച്ചു തൽക്കാലം പരാമർശിക്കുന്നില്ല.

ഒരാൾ കുടിയേറിപ്പോകുമ്പോൾ പിന്നാലെ അതേ കുടുംബത്തിലെ പത്തുപേരെങ്കിലും കേരളത്തിൽ നിന്നു കടക്കുന്നു. അങ്ങനെ കുടുംബത്തിലുള്ളവർ തന്നെ ഇത്തരം കുടിയേറ്റങ്ങളെ പരോക്ഷമായെങ്കിലും പിന്തുണയ്ക്കുന്നു എന്നതാണു സത്യം. ഞാൻ അമേരിക്കയിലേക്കു വന്നതുകൊണ്ടു മാത്രം എന്റെ കുടുംബത്തിൽനിന്നു പതിനഞ്ചു പേരിൽ ക്കൂടുതൽ നാടുവിട്ടെന്ന യാഥാർത്ഥ്യം ഞാൻ മറച്ചുവയ്ക്കുന്നില്ല. അങ്ങനെ എത്രയോ കുടുംബങ്ങളിൽനിന്ന് എത്രയോ പേർ വരുന്നു!

കഴിഞ്ഞ ഇരുപതു വർഷമായി കേരളത്തിലെ ഹിന്ദുക്കളുടെ കുടിയേറ്റവും ക്രമാതീതമായി വർദ്ധിച്ചിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. അമേരിക്കയിലേക്കു വരുന്നതു ജോലിക്കായാണെങ്കിലും അവരിൽ തൊണ്ണൂറു ശതമാനവും തിരിച്ചുപോകുന്നില്ലെന്നാണു കണക്കുകൾ വ്യക്തമാക്കുന്നത്. യൂറോപ്പും അമേരിക്കയുമൊക്കെ കുടിയേറ്റക്കാരെ സ്വീകരിക്കുന്നത് അവരോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല, അവർക്കു ജോലിക്കാർ വേണം വർഷം തോറും താഴ്ന്നുപോകുന്ന ജനസംഖ്യ നിരക്കിനൊരു പരിഹാരം വേണം . നമ്മള് ഇതര സംസ്ഥാനതൊഴിലാളികളെ സ്വീകരിക്കുന്നതും അവരോടുള്ള ഇഷ്ടംകൊണ്ടൊന്നുമല്ല എന്നറിയാമല്ലോ.

ക്രിസ്ത്യാനികളുടെ ആദ്യത്തെ യൂറോപ്യൻ കുടിയേറ്റം തുടങ്ങിവച്ചത് കത്തോലിക്കാ പുരോഹിതന്മാർ തന്നെയാണ്. ആദ്യം, നഴ്സിങ് പഠിച്ച പെൺകുട്ടികളെ ജർമനിയിലേക്കാണ് അവർ കൊണ്ടുപോയത്. അവിടെനിന്നാണ് അമേരിക്കൻ കുടിയേറ്റത്തിനു തുടക്കം കുറിച്ചത്. ഇനിയിപ്പോൾ പാലാ പിതാവല്ല, പോപ്പ് നേരിട്ടവതരിച്ച് കൂടുതൽ കുട്ടികളാകാമെന്ന് ആഹ്വാനം ചെയ്താലും ആരും അനുസരിക്കാൻ പോകുന്നില്ല.

കാലക്രമത്തിൽ ഗൾഫ് രാജ്യങ്ങളിലേക്കു വ്യാപകമായ കുടിയേറ്റമുണ്ടായെങ്കിലും അവരാരും മലയാളം മറന്നില്ലെന്നു മാത്രമല്ല, മാതൃരാജ്യത്തേക്കു തിരിച്ചുവരുന്നുമുണ്ട്. പക്ഷേ അവരുടെയും മക്കൾ പോകാനാഗ്രഹിക്കുന്നത് അമേരിക്കയിലേക്കും മറ്റു വിദേശരാജ്യങ്ങളിലേക്കുമാണ്!

ബംഗാളികളുടെ കുടിയേറ്റമില്ലായിരുന്നെങ്കിൽ കേരളത്തിലെ പോപ്പുലേഷൻനിരക്ക് മൈനസ് ആകുമായിരുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അതുകൊണ്ട്, ആര് എന്തൊക്കെപ്പറഞ്ഞാലും മലപ്പുറത്തുകാരാണ് മലയാളികൾ അന്യംനിന്നുപോകാതിരിക്കാൻ സഹായിക്കുന്ന ഒരേയൊരു നാട്ടുകാർ. അവർ അറിഞ്ഞികൊണ്ടല്ലെങ്കിൽപോലും അതൊരു വസ്തുതയാണ്. അവരും കൂടുതൽ വിദ്യാഭ്യാസമാർജ്ജിക്കുന്തോറും മറ്റു സമുദായക്കാരുടെ പാത പിന്തുടരാനാണു സാധ്യത.

ഇനി പറയാൻ പോകുന്നത് വരാനിരിക്കുന്ന വംശനാശത്തെപ്പറ്റിയാണ്.

ഞാൻ ആദ്യം പറഞ്ഞതുപോലെ, ഏതു ഭാഷയും സംസ്‌ക്കാരവും നിലനിൽക്കണമെങ്കിൽ ഒരു കുടുംബത്തിൽ കുറഞ്ഞത് രണ്ടിനു മുകളിൽ കുട്ടികളുണ്ടാകണം. ബ്രിട്ടനിലും പല യൂറോപ്യൻ രാജ്യങ്ങളിലും ജാതിയും മതവും വർഗ്ഗവും നോക്കാതെ ഓരോ കുട്ടികളെ വളർത്തുന്നതിനും സർക്കാർ മാസംതോറും നല്ല ഒരു തുക പ്രോത്സാഹനമായി കൊടുക്കാറുണ്ട്. ഇതൊക്കെ ആ രാജ്യങ്ങളിലെ ജനനനിരക്ക് രണ്ടിൽ താഴെയായതുകൊണ്ടു മാത്രമാണ്. അമേരിക്കയിൽ കുടിയേറ്റക്കാരുടെ ബാഹുല്യമാണ് ഈ കുറവു പരിഹരിക്കുന്നത്. കേരളത്തിൽ ഇപ്പോഴത്തെ കണക്കനുസരിച്ച് അങ്ങനെ സംഭവിക്കുന്നില്ല.

അല്ലെങ്കിൽ മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവരുടെ കുടിയേറ്റം ശക്തമായി നിലനിൽക്കുന്നതുകൊണ്ട് തൽക്കാലം നമ്മളതറിയുന്നില്ലെന്നു മാത്രം. ചുരുക്കിപ്പറഞ്ഞാൽ, കേരളത്തിലെ ജനസംഖ്യ കുറയുന്നില്ലെങ്കിലും മലയാളികളുടെ ജനസംഖ്യ ക്രമാതീതമായി കുറയുന്നു. ഇങ്ങനെ പോയാൽ അടുത്ത നൂറു വർഷത്തിനുള്ളിൽ മലയാളികൾ എന്ന വർഗ്ഗം വിരലിലെണ്ണാവുന്നവരായി മാറുമെന്നതിൽ സംശയമില്ല. അത് പരിഹരിക്കാനുള്ള ഒരേയൊരു മാർഗ്ഗം കുടിയേറ്റക്കാരായ ബംഗാളികളുടെ മക്കളെ നിർബന്ധമായും മലയാളം പഠിപ്പിക്കുക എന്നതുമാത്രമാണ്. അവരുടെ മക്കളും പഠിച്ചുകഴിയുബോൾ നാടുവിടാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല.

അതുകൊണ്ട് ഇതൊരു ശ്വാസത പരിഹാരമൊന്നുമല്ല എന്നാലും തൽക്കാലത്തേക്ക് ഒന്നാശ്വസിക്കാമെന്നു കരുതുന്നതിൽ തെറ്റില്ല. ഇതര സംസ്ഥാന തൊഴിലാളികളെ സ്വീകരിക്കുന്നതും അവരോടുള്ള ഇഷ്ടം കൊണ്ടൊന്നുമല്ല എന്നറിയാമല്ലോ. ഇനിയിപ്പം ഇതര സംസ്ഥാന തൊഴിലാളികൾ തിരിച്ചുപോയാൽ, സമീപഭാവിയിൽ ത്തന്നെ കേരളത്തിലും ഓരോ കുട്ടിക്കും സർക്കാരുതന്നെ സഹായ വാഗ്ദാനങ്ങൾ പ്രഖ്യാപിക്കേണ്ടിവരും എന്നകാര്യത്തിൽ സംശയമില്ല. കത്തോലിക്കാ സഭക്കത് മറ്റു പല ഉദ്ദേശത്തോടു കൂടിയാണങ്കിലും കുറച്ചു നേരത്തെ പറയേണ്ടി വന്നുവെന്നു മാത്രം.

Nature has its own way to control everything എന്ന് പറയുന്നതാവും ശരി. ലോകത്തിൽ ജനസംഖ്യാ വിസ്‌ഫോടനം ഉണ്ടാകുമെന്നും, വിശന്നിട്ടു മനുഷ്യൻ മനുഷ്യനെ ഭക്ഷിക്കുന്ന കാലമുണ്ടാകുമെന്നുമൊക്കെ അൻപതുകൊല്ലം മുൻപ് പല പ്രമുഖരും പ്രവചിച്ചതൊക്കെ ഇന്നു വായിക്കുബോൾ വെറും തെറ്റായ പ്രവചനമായിരുന്നുവെന്നു മനസിലാകും. ജനസംഖ്യയെ നിയമങ്ങൾ കൊണ്ട് നിയന്ത്രിച്ച ചൈന പോലും ഇപ്പോൾ മാറി ചിന്തിച്ചു തുടങ്ങി. ഇങ്ങനെപോയാൽ സമീമഭാവിയിൽത്തന്നെ പല രാജ്യങ്ങളിലും ജനസംഖ്യ ക്രമാതീതമായി കുറയുമെന്നുള്ളതിൽ സംശയമില്ല.

വിദേശ രാജ്യങ്ങളിൽ പോകുന്ന മലയാളികളുടെ കുട്ടികൾ മലയാളം പറയുന്നില്ലെന്നു മാത്രമല്ല, മലയാളികളെ കല്ല്യാണം കഴിക്കുന്നുമില്ല എന്നത് അപ്രിയസത്യമാണ്. അങ്ങനെ, കുടിയേറ്റക്കാരുടെ മക്കളാരും മലയാളം പഠിക്കുന്നില്ല എന്നതും ഈ വംശനാശത്തിനു കാരണമാകും.