തിരുവനന്തപുരം: സിപിഎം പരിപാടിയിൽ പങ്കെടുക്കരുതെന്ന കെപിസിസി നിർദ്ദേശം കെവി തോമസ് ലംഘിക്കുമെന്ന് സൂചന. തിരുവനന്തപുരം എംപിയായ ശശി തരൂരും യോഗത്തിന് എത്താനാണ് സാധ്യത. ഇക്കാര്യം നേതൃത്വത്തെ തരൂർ അറിയിക്കും. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അടക്കമുള്ളവർ സിപിഎം സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. യുപിഎയിലെ പ്രധാന കക്ഷിയാണ് ഡിഎംകെ. അങ്ങനെ എല്ലാ രാഷ്ട്രീയക്കാരും സിപിഎം പരിപാടിയിൽ പങ്കെടുക്കാറുണ്ട്. അതുകൊണ്ട് തന്നെ അതിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നാണ് തരൂരിന്റെ നിലപാട്.

കോൺഗ്രസ് നേതാക്കളായ കെ.വി.തോമസ്, ശശി തരൂർ എന്നിവർക്ക് സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി നടക്കുന്ന സെമിനാറിന് ക്ഷണമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കെ.സുധാകരൻ നിലപാട് വ്യക്തമാക്കിയത്. നീതി രഹിതമായ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന സിപിഎമ്മുമായി ഒരു സഹകരണവുമില്ലെന്ന് സുധാകരൻ വ്യക്തമാക്കിയിരുന്നു. ബിജെപിയുടെയും എസ്ഡിപിഐയുടേയും പരിപാടികളിൽ പോകാൻ മടിയില്ലാത്തവരാണ് കോൺഗ്രസെന്നും ജനം ഇത് തിരിച്ചറിയുന്നുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തിരിച്ചടിച്ചു.

കോൺഗ്രസിൽ അർഹമായ പരിഗണ കിട്ടുന്നില്ലെന്നാരോപിച്ച് മാസങ്ങളായി ഇടഞ്ഞ് നിൽക്കുന്ന നേതാവാണ് കെവി തോമസ്. വികസന കാര്യങ്ങളിൽ പാർട്ടിക്കതീതമായി നിലപാടെടെക്കുകയും പിണറായിയെ പൊതുവേദിയിൽ പോലും പ്രശംസിക്കാനും മടി കണിക്കാത്ത നേതാവാണ് ശശി തരൂർ. ഇരുവരേയും 23-ആം പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായുള്ള സെമിനാറുകളിലേക്ക് സിപിഎം ക്ഷണിച്ചതും തന്ത്രത്തിന്റെ ഭാഗമാമണ്. മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിലെ സെമിനാറിലേക്കാണ് തരൂരിനെ ക്ഷണിച്ചത്. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ബന്ധം എന്ന വിഷയത്തിലുള്ള സെമിനാർ വേദിയിലേക്കാണ് കെ വി തോമസിനെ സി പി എം ക്ഷണിച്ചിരിക്കുന്നത്.

സിപിഎം പരിപാടിയിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്നത് പ്രവർത്തകർക്ക് ഇഷ്ടമല്ലെന്നും കോൺഗ്രസിനെ ദ്രോഹിക്കുന്ന സി പി എമ്മുമായി ഒരു സഹകരണത്തിനും തയ്യാറല്ലെന്നുമാണ് കെ സുധാകരൻ വിശദീകരിച്ചത്. കോൺഗ്രസ് സമരങ്ങൾ അടിച്ചമർത്തുന്ന പിണറായി സർക്കാർ നയം കൂടി കണക്കിലെടുത്താണ് പോകേണ്ടെന്ന തിട്ടൂരം. എന്നാൽ സിപിഎം വേദിയിൽ കോൺഗ്രസ് നയം വിശദീകരിക്കാൻ കിട്ടുന്ന അവസരമാണ് സെമിനാറുകൾ എന്ന് തരൂരും കെ വി തോമസും വിശദീകരിക്കുന്നു. അതുകൊണ്ട് തന്നെ സെമിനാറിൽ പങ്കെടുക്കുന്നതിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നാണ് നിലപാട്. മുമ്പും യുഡിഎഫ് നേതാക്കൾ സിപിഎം സെമിനാറുകളിൽ പങ്കെടുത്തിട്ടുണ്ട്.

കെവി തോമസിനെ കൂടെ നിർത്താൻ സിപിഎം ആഗ്രഹിക്കുന്നുണ്ട്. മുമ്പും ഇതിനുള്ള ശ്രമം മുമ്പും നടന്നിരുന്നു. അവസാന നിമിഷം സോണിയാ ഗാന്ധിയുടെ ഇടപെടൽ കാരണമാണ് അത് നടക്കാതെ പോയത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിറ്റിങ് എംപിയായിരുന്ന തോമസിന് സീറ്റ് നിഷേധിച്ചു. അതിന് ശേഷം അർഹിക്കുന്ന പരിഗണനയും കിട്ടിയില്ല. അതുകൊണ്ട് തന്നെ കോൺഗ്രസ് നേതൃത്വവുമായി എല്ലാ അർത്ഥത്തിലും ഇടഞ്ഞു നിൽക്കുകയാണ് കെവി തോമസ്. ഇതു കൂടി തിരിച്ചറിഞ്ഞാണ് തോമസിനെ സിപിഎം ക്ഷണിച്ചതെന്ന വിലയിരുത്തലും സജീവമാണ്.

ശശി തരൂരും കോൺഗ്രസിലെ വിമതർക്കൊപ്പമാണ്. ജി 23 കൂട്ടായ്മയിലെ പ്രധാന നേതാവാണ് തരൂർ. ഗാന്ധി കുടുംബത്തിന്റെ പ്രവർത്തന രീതിയെയാണ് ജി 23 ചോദ്യം ചെയ്യുന്നത്.