നുറ്റാണ്ടുമുമ്പ് നടന്ന കുറിയേടത്ത് താത്രിയുടെ സ്മാത്ത വിചാരക്കാലത്ത് കേട്ട അത്ര ലൈംഗിക അരാജകത്വം മലയാളി അതിനും മുമ്പും പിമ്പും കേട്ടിട്ടില്ല. മറുകും പുള്ളിയും അടക്കം തെളിവ് കൊടുത്ത് താനുമായി ശാരീരിക ബന്ധം പുലർത്തിയ പത്തിരുനൂറുപേരെ സമുദായ ഭ്രഷ്ടാക്കിയശേഷം, അവസാനം താത്രിയെന്ന അന്തർജനം പുറത്തെടുത്തത് ഒരു മോതിരം ആയിരുന്നത്രേ. അതുകൊച്ചി രാജാവിന്റെതാണെന്നാണ് പറയുന്നത്. അതോടെ സ്മാത്ത വിചാരം അവസാനിച്ചുവെന്നാണ് കഥ. ആധുനിക സമൂഹം ആയിട്ടും നമ്മൾ അത്രയൊന്നും മാറിയിട്ടില്ല എന്നാണ് ഇന്നും അവസാനിക്കാത്ത ലൈംഗിക ആരോപണങ്ങളുടെയും തട്ടിപ്പുകളുടെയും കഥകൾ പറയുന്നത്.

കൊള്ളയും കൊലയും തട്ടിപ്പിനുമൊന്നും ലിംഗഭേദമില്ലെന്ന്   കേരളത്തിന്റെ 
സമകാലീന ചരിത്രം ഓർമ്മിപ്പിക്കുന്നു. ഒരു പറ്റം വിവാദ  വനിതകളുടെ ഈ കഥ കേരളത്തിന്റെ അടഞ്ഞു കിടക്കുന്ന ലൈംഗിക ജീവിതത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ്. ഇന്ന് സ്വപ്ന സുരേഷിന്റെ കഥകളിൽ എന്ത് പുറത്തുവരും എന്ന് ഭയന്ന് നിൽക്കയാണ് സർക്കാർ. ഈ സമയത്താണ് കേരളത്തെ പിടിച്ചുകുലുക്കിയ വിവാദ വനിതകളുടെ ചരിത്രം പ്രസക്തമാകുന്നത്.

തുണിയിരുഞ്ഞ് ഭേദ്യം ചെയ്യപ്പെട്ട മറിയം റഷീദ

കേരളത്തിന്റെ മാധ്യമങ്ങളുടെ വിശ്വാസ്യതയെ ഏറ്റവും കൂടുതൽ ബാധിച്ച സംഭവങ്ങളിൽ ഒന്നായിരുന്ന മറിയം റഷീദയും ചാരക്കഥയും. മനോരമ ഒരുക്കിയ ട്യൂണ മൽസ്യക്കഥക്ക് സമാനമായി മാധ്യമങ്ങൾ മൽസരിച്ച് നുണയെഴുതിയപ്പോൾ ചാരനായി മാറി കെ കരുണാകരന് സ്ഥാനം ഒഴിയേണ്ടിവന്നതും കേരള ചരിത്രം. ആടിനെ പട്ടിയാക്കി പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുന്ന തന്ത്രം മലയാളത്തിൽ തുടങ്ങിയത് ഐസ്ആർഒ ചാരക്കേസിലൂടെ ആയിരുന്നു.

1994ലായിരുന്നു സംഭവം. തിരുവനന്തപുരം ഐ.എസ്.ആർ.ഒ യിലെ ഉദ്യോഗസ്ഥരായിരുന്ന ഡോ. ശശികുമാരനും ഡോ. നമ്പിനാരായണനും ചേർന്ന് മറിയം റഷീദ എന്ന മാലി സ്വദേശിനി വഴി ഇന്ത്യയുടെ ബഹിരാകാശ പരിപാടിയുടെ രഹസ്യങ്ങൾ വിദേശികൾക്ക് ചോർത്തിനൽകി എന്നതായിരുന്നു ആരോപണം. ആയിടെ മാലിയിൽ നിന്നും കേരളത്തിൽ വന്ന മറിയം റഷീദ എന്ന യുവതി വിസ പുതുക്കാൻ എത്തിയപ്പോൾ അവരെ തന്ത്രപരമായി അറസ്റ്റ് ചെയ്തു. അവരെക്കുറിച്ച് 'കിടപ്പറയിലെ ട്യൂണ' എന്നുവരെ ചില പത്രങ്ങൾ എഴുതിപ്പിടിപ്പിച്ചു. ഫൗസിയ ഹസൻ എന്ന യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരെയും പുരുഷപൊലീസുകാർ വസ്ത്രമുരിഞ്ഞും ലൈംഗികാതിക്രമങ്ങൾ നടത്തിയുമാണു ചോദ്യം ചെയ്തത്. ഫൗസിയയുടെ 14 വയസ്സുള്ള മകളെ മുന്നിൽ നിർത്തി, കുറ്റം സമ്മതിച്ചില്ലെങ്കിൽ പെൺകുട്ടിയെ ബലാൽസംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണു കുറ്റം സമ്മതിപ്പിച്ചത് എന്ന് പിന്നീട് മൊഴി നൽകിയിരുന്നു. 1996ൽ സിബിഐ, ഐഎസ്ആർഒ ചാരക്കേസ് വ്യാജ സൃഷ്ടിയാണെന്ന് കണ്ടെത്തിയതോടെയാണു നമ്പി നാരായണൻ വീണ്ടും നിയമപോരാട്ടം തുടങ്ങിയത്.

കുറ്റാരോപിതയായ മറിയം റഷീദ തന്നോടു പറഞ്ഞ കാര്യങ്ങൾ നമ്പി നാരായണൻ ഓർത്തത് ഇങ്ങനെയാണ്. '..എന്നോടു ക്ഷമിക്കണം... ഇതായിരുന്നു മറിയം റഷീദയുടെ ആദ്യവാചകം. സംസാരത്തിനു താൽപര്യമില്ലാത്തതിനാൽ ഞാൻ മൗനം പാലിച്ചു. അവർ അത്ര വശമില്ലാത്ത ഇംഗ്ലീഷിൽ താൻ നിരപരാധിയാണെന്നും ഞാനും നിരപരാധിയാണെന്ന് അറിയാമെന്നും പറഞ്ഞു. നിരപരാധിയാണെങ്കിൽ പിന്നെന്തിനു നിങ്ങൾ സോറി പറഞ്ഞു...? ഞാൻ ചോദിച്ചു. അവർ എന്നെ ഭീഷണിപ്പെടുത്തി... തല്ലി... അതുകൊണ്ട് എനിക്ക് അവരോട് നിങ്ങളെക്കുറിച്ച് മോശമായി സംസാരിക്കേണ്ടി വന്നു...ഐബി ഉദ്യോഗസ്ഥർ എന്റെ ഫോട്ടോ കാണിച്ചപ്പോൾ ആരാണെന്നു പോലും തിരിച്ചറിയാൻ തനിക്ക് കഴിഞ്ഞില്ലെന്ന് മറിയം പറഞ്ഞു.''-നമ്പി നാരായണൻ പറയുന്നു. നമ്പിനാരയാണനെ അറിയില്ലായിരുന്നുവെന്നും ഭീഷണിപ്പെടുത്തിയാണ് പേരു പറയിച്ചതെന്നും ഫൗസിയ പിന്നീട് പറഞ്ഞിരുന്നു. നമ്പി നാരായണന്റെ ആത്മകഥയിൽ പറഞ്ഞതിനെയെല്ലാം ശരിവയ്ക്കുന്നതായിരുന്നു അവരുടെ വാക്കുകൾ. മറിയം റഷീദയെ തുണിപോലും ഉടുക്കാൻ സമ്മതിക്കാതെ ദിവസങ്ങളോളം പൊലീസ് ചോദ്യവും ഭേദ്യവും ചെത്തിരുന്നുവെന്ന് പിന്നീട് അവർ വെളിപ്പെടുത്തിയിരുന്നു.

സിനിമാ നടിയായി മാറിയ ഫൗസിയ ഹസൻ

ഐ.ബി ഉദ്യോഗസ്ഥരും കേരള പൊലീസും ചേർന്നു ഭീഷണിപ്പെടുത്തി നമ്പി നാരായണന്റെ പേരു പറയിക്കുകയായിരുന്നെന്നു ഫൗസിയ ഹസൻ കഴിഞ്ഞ വർഷം വെളിപ്പെടുത്തിയിരുന്നു. നാരായണനെ ആദ്യമായി കണ്ടതു സിബിഐ കസ്റ്റഡിയിലായിരുന്നു. രമൺ ശ്രീവാസ്തവയെ ഒരിക്കൽപോലും നേരിട്ടു കണ്ടിട്ടില്ല. 14 വയസുകാരിയായ മകളെ മുന്നിൽ കൊണ്ടുവന്നു മാനഭംഗപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയതോടെയാണു ഉദ്യോഗസ്ഥർ പറഞ്ഞ പലതും സമ്മതിക്കേണ്ടി വന്നത്. - ഫൗസിയ പറയുന്നു.

ചാരക്കേസിലെ വിവാദ നായികമാരായ ഫൗസിയ ഹസനും, മറിയം റഷീദയും ഇപ്പോഴും മാലദ്വീപിൽ സാധാരണ ജീവിതം നയിക്കുകയാണ്. അത്യാവശ്യം തിരക്കുള്ള സിനിമാതാരമാണ് ഫൗസിയ. നൂറിലേറെ ചിത്രങ്ങളിൽ വേഷമിട്ടു കഴിഞ്ഞു. മിക്കതും പ്രേതറോളുകളാണ്. 1985 മുതൽ സിനിമയിലുണ്ട്. പതിനേഴാം വയസിൽ മൂത്തമകന്റെ ജനനശേഷം മാലദ്വീപിലെ സൗന്ദര്യറാണി പട്ടം നേടി.2008ൽ ചാരക്കേസ് ഇതിവൃത്തമാക്കിയ മലയാള സിനിമയുടെ ചിത്രീകരണത്തിന് ഫൗസിയ തിരുവനന്തപുരത്ത് എത്തിയിരുന്നു. ചിത്രാഞ്ജലിയായിരുന്നു ലൊക്കേഷൻ. ഒരുമാസം ആരുമറിയാതെ കേരളത്തിലുണ്ടായിരുന്നു. തിരിച്ചു പോകുമ്പോൾ തിരുവനന്തപുരം വിമാനത്താവളത്തിൽ എമിഗ്രേഷൻ ഉദ്യോഗസ്ഥൻ തടഞ്ഞു. ഏറെനേരം ചോദ്യംചെയ്ത ശേഷം വിട്ടയച്ചു. പിന്നീട് ഫൗസിയ എവിടെയാണ് താമസിച്ചതെന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. ഫൗസിയയെ ഫോണിൽ വിളിച്ചെങ്കിലും അവർ വിവരം നൽകിയില്ല. മകൻ നാസിഫ് ബിസിനസ് ആവശ്യത്തിനായി പലപ്പോഴും ഇന്ത്യയിലെത്താറുണ്ട്.മറിയം റഷീദയും മാലദ്വീപിൽ തന്നെയുണ്ട്. അടുത്തിടെ ദ്വീപിലെത്തിയ മലയാളി മാധ്യമപ്രവർത്തകയെ കാണാൻ മറിയം വിസമ്മതിച്ചിരുന്നു. കഴിഞ്ഞ വർഷം ഫൗസിയ തിരുവനന്തപുരത്ത് എത്തിയതും വാർത്തയായിരുന്നു. നമ്പി നാരായണൻ നടത്തിയ നിയമപോരാട്ടത്തിന്റെ പാത പിന്തുരുമെന്നും നഷ്ടപരിഹാരത്തിന് കേസ് കൊടുക്കുമെന്ന് അവർ അന്ന് പ്രതികരിച്ചിരുന്നു.

കുട്ടികളെ പഠിപ്പിക്കാനും ചികിൽസാ ആവശ്യങ്ങൾക്കുമൊക്കെയായി ധാരാളം പേർ അന്ന് മാലിയിൽനിന്ന് തിരുവനന്തപുരത്ത് എത്തിയിരുന്നു. ഒരുകാലത്ത് തിരുവനന്തപുരത്തെ നല്ല വീടുകൾ ഒക്കെയും മാലിക്കാർക്ക് വാടകക്ക് നൽകിയിരിക്കയായിരുന്നു. ഒരു പ്രമുഖനായ പൊലീസ് ഉദ്യോഗസ്ഥൻ തിരുവനന്തപുരത്തേക്ക് സ്ഥലം മാറിവന്നപ്പോൾ അയാൾക്ക് വാടക വീട് കിട്ടിയില്ല. ഇതാണ് മാലിക്കാർക്കെതിരെ അന്വേഷണത്തിന് കാരണമായത്. അതിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ സെക്ഷ്വൽ ഫസ്ട്രേഷൻ കൂടിയായതതോടെ സംഭവം വലിയ കേസായി. ഇന്ന് മുതിർന്ന മാധ്യമ പ്രവർത്തകർപോലും ലജ്ജയോടെയാണ് ഐഎസ്ആർഒ ചാരക്കേസിനെ ഓർക്കാറ്. പക്ഷേ കെ കരുണാകരൻ എന്ന രാഷ്ട്രീയ ഭീഷ്മാചാര്യരെ പുറത്താക്കാൻ ഈ ചാരക്കഥ കൊണ്ട് എതിരാളികൾക്ക് പറ്റിയെന്നതും ചരിത്രം.

കേരളത്തിന്റെ നൊമ്പരമായി സൂര്യനെല്ലി

കേരളത്തിന്റെ നൊമ്പരമായ കഥയാണ് ഇടുക്കി സൂര്യനെല്ലിയിലെ പെൺകുട്ടിയുടേത്. ഒരു ബസ് കണ്ടക്ടറുടെ പ്രേമത്തിൽ വീണപോയതിന് ആ കൗമാരക്കാരിയെ പിച്ചിച്ചീന്തിയത് നൂറോളംപേരാണ്. ഇത്രയും ആസൂത്രിതമായി കേരളത്തിൽ ക്രിമിനൽ  മനസ്സ് വർക്ക് ഔട്ട് ആകുമെന്ന് കേരളം അറിഞ്ഞതും അപ്പോഴാണ്.

വിവിധ രാഷ്ട്രീയപ്പാർട്ടികൾക്ക് കേസ് വിവിധ തലങ്ങളിൽ വെല്ലുവിളിയായി. കോൺഗ്രസിന്റെ ഉന്നത നേതാക്കൾ കേസിൽ ഉൾപ്പെടുകയോ സംശയത്തിന്റെ നിഴലിലാകുകയോ ചെയ്തപ്പോൾ, സിപിഎം, ജെ.എസ്.എസ്. കേരളാ കോൺഗ്രസ് തുടങ്ങിയ പാർട്ടികളുടെ പ്രാദേശിക നേതാക്കൾ കേസിൽ പ്രതികളായി. ധർമ്മരാജൻ എസ്.എഫ്.ഐ. സജീവപ്രവർത്തകനായിരുന്നു. പിന്നീട് സി.പിഎമ്മിന്റെ പ്രാദേശിക കേസുകൾ വാദിച്ചിരുന്നു.
എന്നാൽ സൂര്യനെല്ലി കേസിനു മുമ്പേ തന്നെ ധർമ്മരാജൻ സിപിഎമ്മിൽ നിന്ന് പുറത്താകുകയുണ്ടായി. അഭിഭാഷകനായിരിക്കുമ്പോൾ പൊൻകുന്നത്തിനടുത്ത് ചേനപ്പാടിയിൽ അടിപിടിക്കേസിൽ ഉൾപ്പെട്ടതാണ് ധർമ്മരാജൻ ആ പാർട്ടിക്ക് അനഭിമതനാകാൻ കാരണം. തുടർന്ന് ജെ.എസ്.എസി.ൽ ചേരുകയും പാർട്ടിയുടെ ഘടകം പൊൻകുന്നം പ്രദേശത്ത് രൂപീകരിക്കാൻ മുൻകൈയെടുത്തു പ്രവർത്തിച്ച്, പ്രാദേശിക നേതാവായി മാറുകയും ചെയ്തു. 28ാംപ്രതി ജോർജ്ജ് ചെറിയാൻ മുമ്പ് മഹാത്മാഗാന്ധി സർവ്വകലാശാല യൂണിയൻ ചെയർമാനും, സ്റ്റുഡന്റ് ഡീനും ആയിരുന്നു.

കോട്ടയം ഡി.സി.സി. സെക്രട്ടറിയും കോൺഗ്രസിലെ എ ഗ്രൂപ്പ് നേതാവുമായിരുന്ന ജേക്കബ് സ്റ്റീഫൻ എന്ന സ്റ്റീഫൻജി ആണ് പീഡനക്കേസിൽ ഉൾപ്പെട്ട ഒരു പ്രധാന രാഷ്ട്രീയപ്രവർത്തകൻ. അക്കാലത്ത് ഇയാൾ കോട്ടയം ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു. പക്ഷേ മുൻ കോളജ് അദ്ധ്യാപകനും മുതിർന്ന കോൺഗ്രസ് നേതാവുമായ പി ജെ കൂര്യൻ പ്രതിയായതോടെയാണ് കേസിന് രാഷ്ട്രീയ പ്രധാന്യം കൈവരുന്നത്. ബാജി എന്ന് അറിയപ്പെട്ടിരുന്ന ഒരു നേതാവാണ് തന്നെ പീഡിപ്പച്ചവരിൽ ഒരാൾ എന്ന് പെൺകുട്ടി പിന്നീട് പറഞ്ഞിരുന്നു. ഒരു പത്രത്തിൽ വന്ന പടം കണ്ടാണ് പെൺകുട്ടി ഇത് കുര്യനാണെന്ന് തിരിച്ചറിയുകയും 'ബാജി, ബാജി' എന്ന് അലറിക്കരയുകയും ആയിരുന്നു.

കേസന്വേഷണത്തിന്റെ വേളയിൽ അന്നു കേന്ദ്രമന്ത്രിയായിരുന്ന പി.ജെ. കുര്യന്റെ പേരും പെൺകുട്ടി പറഞ്ഞുവെങ്കിലും അന്വേഷണ ഉദ്യോഗസ്ഥനായ സിബി മാത്യൂസ് അദ്ദേഹത്തിനെതിരെ കേസെടുക്കാൻ തയ്യാറായില്ല. തുടർന്ന് പെൺകുട്ടി അദ്ദേഹത്തെ കേസിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പീരുമേട് ഒന്നാം ക്ളാസ് ജ്യുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തു. ഈ കേസിൽ ഹാജരാകാൻ കുര്യനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരേ കുര്യൻ ഹൈക്കോടതിയിൽ അപ്പീൽ നൽകിയെങ്കിലും അത് കോടതി തള്ളി. തുടർന്ന് സുപ്രീംകോടതിയിൽ കുര്യൻ അപ്പീൽ നൽകി. പീരുമേട് കോടതിയുടെ നടപടികൾ നിർത്തിവയ്ക്കാനായിരുന്നു സുപ്രീം കോടതിവിധി.

തലനാരിഴക്ക് തടിയൂരിയ കുര്യൻ

കേസിൽ സംശയത്തിലായിരുന്ന പി.ജെ. കുര്യന് അനുകൂലമായി, ബിജെപി.യുടെ അന്നത്തെ ആലപ്പുഴ ജില്ലാ പ്രസിഡന്റ് മൊഴി നൽകിയത് ബിജെപി.യ്ക്കുള്ളിലും വിവാദമുണ്ടാക്കിയിരുന്നു.2013 ജനുവരി അവസാനം എൻ.എസ്.എസും കോൺഗ്രസ്സുമായി തിരഞ്ഞെടുപ്പ് സമയത്ത് ധാരണയുണ്ടായിരുന്നെന്ന എൻ.എസ്.എസ്. സെക്രട്ടറി സുകുമാരൻ നായരുടെ വാദം, മറ്റെല്ലാ കോൺഗ്രസ് നേതാക്കളും തള്ളിക്കളഞ്ഞിട്ടും. പി.ജെ. കുര്യൻ മാത്രം പിന്തുണച്ചത്, സൂര്യനെല്ലി കേസിൽ നിന്നും രക്ഷപെടാനുള്ള വഴിയൊരുക്കിയതിനുള്ള നന്ദിപ്രകടനമായിട്ടാണെന്ന് വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. 2013 ജനുവരി 31-നു സുപ്രീം കോടതി വിധിയെത്തുടർന്ന് രാജ്യസഭാ ഉപാദ്ധ്യക്ഷനായ പി.ജെ. കുര്യൻ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് വൻവിവാദം ഉണ്ടായിയെങ്കിലും, കുര്യനെ സുപ്രീംകോടതി കുറ്റവിമുക്തനാക്കിയതാണെന്ന വാദമാണ് ഉമ്മൻ ചാണ്ടി സർക്കാർ പൊതുവേ കൈക്കൊണ്ടത്.

കേസിനിടെ എല്ലാ രാഷ്ട്രീയപാർട്ടിക്കാരും തന്നെ സഹായിച്ചിട്ടുണ്ടെന്നും, പി.ജെ. കുര്യനെതിരായി മൊഴി കൊടുക്കരുതെന്ന് യുഡിഎഫിലെ പല അംഗങ്ങളും അന്ന് ജയിലിൽ വന്നുകണ്ട് അഭ്യർത്ഥിച്ചിരുന്നുവെന്നും ധർമരാജൻ അവകാശപ്പെട്ടിട്ടുണ്ട്.സൂര്യനെല്ലി കേസിൽ കുര്യനനുകൂലമായി മൊഴി മാറ്റാൻ അന്വേഷണോദ്യോഗസ്ഥനിൽ നിന്ന് സമ്മർദ്ദമുണ്ടായി എന്ന് പെൺകുട്ടി പറഞ്ഞിട്ടുണ്ട്. സാങ്കേതികത്വം പറഞ്ഞും കുര്യനെപ്പോലെയുള്ള ഉന്നതനെ കേസിലുൾപ്പെടുത്തിയാലുണ്ടാകുന്ന പ്രത്യാഘാതത്തെക്കുറിച്ച് പറഞ്ഞും മൊഴി മാറ്റാൻ സമ്മർദ്ദമുണ്ടായി എന്ന് ചാനൽ അഭിമുഖത്തിൽ പെൺകുട്ടി വെളിപ്പെടുത്തിയത്. രക്ഷിക്കണം എന്നപേക്ഷിച്ചിട്ടും കുര്യൻ ഉപദ്രവിക്കുകയായിരുന്നുവെന്നും പെൺകുട്ടി പറഞ്ഞിരുന്നു.ശാരീരിക പ്രത്യേകതകളും ശരീരത്തിലെ മറുക് അടക്കമുള്ള അടയാളങ്ങളും പെൺകുട്ടി മൊഴിയിൽ നൽകിയിരുന്നു എന്ന് പലരും പറയുന്നു. പി.ജെ. കുര്യനെതിരെ പെൺകുട്ടിയുടെ മാതാവ് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്കും ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിക്കും അഹമ്മദ് പട്ടേലിനും കത്ത് അയച്ചിരുന്നു. കുര്യൻ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് രക്ഷപെട്ടെന്നാണ് ഇവരുടെ വിശ്വാസം.

കേസിലെ പ്രധാന പ്രതിയായ ധർമ്മരാജൻ പി.ജെ. കുര്യൻ തന്റെ കാറിൽ കുമളി ഗസ്റ്റ് ഹൗസിൽ വന്നിരുന്നു എന്ന് മാതൃഭൂമി ചാനലിൽ നടത്തിയ അഭിമുഖത്തിൽ പറയുകയുണ്ടായി. സുഹൃത്തുക്കളായ ഉണ്ണി, ജമാൽ, ചെറിയാൻ എന്നിവരും തന്നോടൊപ്പമുണ്ടായിരുന്നു എന്നും ധർമ്മരാജൻ അവകാശപ്പെട്ടിരുന്നു. കുര്യനെത്തിയത് 1996 ഫെബ്രുവരി 19-ന് ആണെന്നും, അത് കേസിലെ മറ്റൊരു പ്രതിയും കോൺഗ്രസ് നേതാവുമായിരുന്ന ജേക്കബ് സ്റ്റീഫൻ അറിയിച്ചിട്ടായിരുന്നുവെന്നുമാണ് ധർമ്മരാജൻ അവകാശപ്പെട്ടത്ധ56പ. പി.ജെ. കുര്യൻ ഇക്കാര്യങ്ങൾ നിഷേധിക്കുകയുണ്ടായി തുടർന്ന് പുതിയ സാഹചര്യമുണ്ടായെന്ന കാരണത്താൽ, സൂര്യനെല്ലി കേസിലെ ഇരയായ പെൺകുട്ടി പീരുമേട് മജിസ്ട്രേട്ട് കോടതിയിൽ കുര്യനെ, തെളിവില്ലെന്ന കാരണത്താൽ വിട്ടയച്ച കോടതിവിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകുകയുണ്ടായി. എന്നാൽ വാദം നടന്ന മെയ് 28-നു, കുര്യനെ അറിയില്ലെന്നും, റിപ്പോർട്ടറുടെ നിരന്തരമായ ചോദ്യങ്ങൾക്ക് മുമ്പിൽ പതറിയാണ് കുര്യനുൾപ്പെട്ടിട്ടുണ്ടെന്ന് പറഞ്ഞതെന്നും, ചാനലിനു അഭിമുഖം നൽകിയപ്പോൾ താൻ മദ്യലഹരിയിലായിരുന്നുവെന്നും ധർമ്മരാജൻ വക്കീൽ മുഖാന്തരം മൊഴിമാറ്റി സത്യവാങ്മൂലം സമർപ്പിക്കുകയുണ്ടായി. തുടർന്ന് കോടതി ഹർജി തള്ളുകയുണ്ടായി.അതിനു ശേഷം ഇതേ വിഷയത്തിൽ പി.ജെ. കുര്യനെ കേസിൽ നിന്നും ഒഴിവാക്കിക്കൊണ്ട് 2006-ൽ ഹൈക്കോടതി നടത്തിയ വിധിക്കെതിരെ, പെൺകുട്ടി 2013-ൽ ഹൈക്കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകുകയും, 2006-ൽ പരാതിക്കാരിയുടെ വാദം കേൾക്കാതെ കുര്യനെ കേസിൽ നിന്ന് ഒഴിവാക്കിയത് ശരിയായിരുന്നില്ലെന്ന് കോടതി നിരീക്ഷിക്കുകയും ചെയ്തു. പക്ഷേ കേസ് തുടർന്നപ്പോൾ കുര്യന്റെ പേര് ഒഴിവായി.

പക്ഷേ ഹൈക്കോടതി ധർമ്മരാജൻ ഒഴികെയുള്ള മറ്റ് പ്രതികളെ വെറുതിവിട്ടതും സൂര്യനെല്ലി പെൺകുട്ടിയെ ബാലവേശ്യ എന്ന് വിധിയിൽ പറഞ്ഞതും വൻ വിമർശനം ഉയർത്തിയിരുന്നു. പിന്നീട് സുപ്രീം കോടിതി ഇത് സ്റ്റേ ചെയ്യുകയും കൂടുതൽ പ്രതികളെ ശിക്ഷക്കകയും ചെയ്തു. അവസാനം സർക്കാർ നൽകിയ ജോലി മാത്രമാണ് ഈ കുട്ടിക്ക് ആശ്വാസം. ആ ജോലിക്കിടയിലും അവളെ കള്ളിയാക്കി പുറത്താക്കാൻ നീക്കം നടന്നതായും ആരോപണം ഉണ്ടായിരുന്നു.

കുഞ്ഞാലിക്കുട്ടിയെ വീഴ്‌ത്തി റജീനയും ശ്രീദേവിയും

കേരളരാഷ്ട്രീയത്തെ ഞെട്ടിച്ച അടുത്ത പെൺവാണിഭക്കേസായി വരുന്നത് കോഴിക്കോട് ഐസ്‌ക്രീം പാർലർ കേസാണ്. 90കളിൽ കേരളം ഏറെ ചർച്ച ചെയ്ത കേസ്. ഈ കേസിൽ തുടക്കം മുതൽ പ്രവർത്തിച്ച മനുഷ്യവകാശ പ്രവർത്തക കെ അജിത ഇങ്ങനെ ചൂണ്ടിക്കാട്ടുന്നു. ' ശ്രീദേവിയുടെ നേതൃത്വത്തിലുള്ള കോഴിക്കോട്ട് ബീച്ചിന് സമീപത്തെ ഐസ്‌ക്രീം പാർലർ  കേന്ദ്രീകരിച്ച് ഒരു സെക്സ് റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്ന്
വിവരം ലഭിച്ചു. ലഭിച്ച വിവരം ശരിയാണോയെന്ന് ഞങ്ങളുടെ പ്രവർത്തകർ വഴി അന്വേഷിക്കാൻ തീരുമാനിച്ചു. അതിനുമുൻപ് ആ വിവരം ഞങ്ങൾ ഉടൻ തന്നെ അന്ന് കോഴിക്കോട് കമ്മീഷണറായിരുന്ന നീരാ റാവത്തിനെ നേരിട്ടുപോയി അറിയിച്ചു. താനുള്ളിടത്തോളം ഇങ്ങനെയൊരു റാക്കറ്റ് ഇവിടെ പ്രവർത്തിക്കാൻ സമ്മതിക്കില്ലെന്ന് നീരാ റാവത്ത് ഉറപ്പുതന്നു. അങ്ങനെ രണ്ട് മാസം കഴിഞ്ഞപ്പോൾ ശ്രീദേവിക്ക് മനസ്സിലാകാൻ തുടങ്ങി ഞങ്ങൾ പുറകെയുണ്ടെന്ന്. ശ്രീദേവി പരസ്യമായി വെല്ലുവിളിക്കാൻ തുടങ്ങി. അപ്പോൾപിന്നെ ഞങ്ങൾക്ക് തോന്നി ആരുമറിയാതെ ഈ പ്രശ്നം കൈകാര്യം ചെയ്താൽ ഞങ്ങളെ കൊന്നാൽ പോലും എന്താണ് സംഭവിച്ചതെന്ന് ജനം അറിയില്ല. അതുകൊണ്ട് പരസ്യമാക്കാൻ തീരുമാനിച്ചു. അങ്ങനെയാണ് മുഖ്യമന്ത്രി നായനാർക്ക് മെമോറാണ്ടം കൊടുത്തത്. അങ്ങനെയാണ് കേസ് തുടങ്ങുന്നത്. എഫ്.ഐ.ആറിട്ട് അന്വേഷണം തുടങ്ങി. നീരാ റാവത്താണ് തുടക്കത്തിൽ അന്വേഷണത്തിന് നേതൃത്വം നൽകിയത്. അന്വേഷണത്തിന്റെ ഒരു ഘട്ടത്തിൽ സിപിഎം നേതാവ് ടി.പി ദാസനെയും മുൻ മേയറും സിപിഐ നേതാവുംഗായ രാജഗോപാലിനെയും അറസ്റ്റ് ചെയ്തു. പക്ഷേ അന്വേഷണം കുഞ്ഞാലിക്കുട്ടിയിലേക്ക് എത്തിയതോടെ കേസ് അട്ടിമറിക്കപ്പെട്ടു'- അവർ ചൂണ്ടിക്കാട്ടി.

പക്ഷേ പണം കിട്ടാത്തതിനെ കുറിച്ചുള്ള തർക്കം അവിടെയും വിനയായി. ശ്രീദേവിയുടെ ഇരകളായ റജീന മാധ്യമങ്ങൾക്ക് മുന്നിൽ കുഞ്ഞാലിക്കുട്ടി തന്നെ പീഡിപ്പിച്ചുവെന്ന വെടിപൊട്ടിച്ചപ്പോൾ കേരളം രാഷ്ട്രീയം നടുങ്ങി. പെൺവാണിഭക്കാരെ കൈയാമം വെച്ച് റോഡിലൂടെ നടത്തിക്കുമെന്ന് പറഞ്ഞ് വിഎസും രംഗത്തെത്തിയതോടെ പ്രക്ഷോഭം ശക്തമായി. തുടർന്ന മന്ത്രി സ്ഥാനം രാജിവെച്ച കുഞ്ഞാലിക്കുട്ടി തന്റെ സ്വന്തം മണ്ഡലമായ കുറ്റിപ്പുറത്ത് കെ ടി ജലീലിനോട് തോറ്റ് നാണം കെടുകയും ചെയ്തു. പക്ഷേ കോടികൾ വാരി വിതറി ആ കേസിനിന്ന് കുഞ്ഞാലിക്കുട്ടി തടിയൂരി. ഇത് പിന്നെയും വിവാദമായി. കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവായ റൗഫ് കേസ് എങ്ങനെയാണ് അട്ടിമറിച്ചതെന്ന് പറഞ്ഞ് വിശദമായി വാർത്താ സമ്മേളനം നടത്തി. പക്ഷേ പ്രതികൾ ഒന്നൊന്നായി കൂറുമാറിയതും ഭരണപക്ഷവും പ്രതിപക്ഷവും കുഞ്ഞാലിക്കുട്ടിക്കായി ഒന്നിച്ചതും പിന്നീടുള്ള ചരിത്രം. പ്രശസ്ത ഗായകൻ നജ്മൽ ബാബുവിന്റെ മകൾ അടക്കമുള്ള നിരവധി പെൺകുട്ടികളുടെ ആത്മഹ്യതടക്കമുള്ള വിവധി വിഷയങ്ങൾ ഈ പെൺവാണിഭ റാക്കറ്റിന്റെ ഉപശാലകളിൽ പറഞ്ഞു കേൾക്കുന്നുണ്ട്. പക്ഷേ അവയൊന്നും തെളിയിക്കപ്പെട്ടില്ല.

റൗഫിന്റെ വാക്കുകൾ കടമെടുത്താൽ ലോക ചരിത്രത്തിലെ ഏറ്റവു പണം ചെലവായ പെൺവാണിഭം ആയിരുന്നു കുഞ്ഞാലിക്കുട്ടി നടത്തിയത്. ഡ്രൈവർ മുതൽ മതമേലധ്യക്ഷന്മാർക്കുവരെ ലക്ഷങ്ങൾ കൊടുക്കേണ്ടിവന്നു. റജീന, റജുല, ബിന്ദു തുടങ്ങിയ പലരെയും ഗൾഫിലേക്ക് കൊണ്ടുപോയും വീടുവെച്ചും സഹായിച്ചു. പലർക്കും കല്യാണം വരെ നടത്തിക്കൊടുക്കേണ്ടിവന്നു. റജീന ഇപ്പോൾ ഗൾഫിലാണെന്നാണ് അറിയുന്നത്. കുറേ പട്ടികളുമായി കോഴിക്കോട് കുന്ദമംഗലതത്തിനടുത്തെ ഒരു വീട്ടിൽ ഏകാന്തവാസം നയിക്കയായിരുന്നു ശ്രീദേവി. ഇവർ മരിച്ചതായും അഭ്യൂഹം ഉണ്ട്.

പിജെ ജോസഫും നീലനും പി ശശിയുമായി എത്രയെത്ര നീലക്കഥകൾ

തനിക്കുനേരെ ഉയർന്ന ഇല്ലാത്ത ഒരു ലൈംഗിക ആരോപണത്തിന്റെ പേരിൽ ഹൃദയം പൊട്ടി മരിച്ചതാണ് പി ടി ചാക്കോയെന്നും ആ ചാരത്തിൽനിന്നാണ് കേരള കോൺഗ്രസ് ഉണ്ടായതെന്നും ആർ ബാലകൃഷ്ണപ്പിള്ള അടക്കമുള്ളവർ നേരത്തെ പറഞ്ഞതാണ്. പക്ഷേ കേരളത്തിലെ ഇടതും വലതുമായ രാഷ്ട്രീയ നേതാക്കൾക്ക് ഇത്തരം കേസുകൾ ഒന്നും യാതൊരു പുത്തരിയുമല്ല. അതിൽ അവർക്ക് യാതൊരു മനസാക്ഷിക്കുത്തുമില്ല. വി എസ് മന്ത്രിസഭയിൽ അംഗമായിരിക്കെയാണ് പി ജെ ജോസഫ് വിമാനയാത്രാ പീഡന വിവാദത്തിൽ പെടുന്നത്. തിനിക്ക് കൈ പൊങ്ങില്ലെന്ന് സ്വയം കൈപൊക്കെി മധ്യമ പ്രവർത്തകർക്കുമുമ്പാകെ കാണിച്ച് ജോസഫ് സ്വയം അപഹാസ്യനായി. വിവാദത്തെത്തുടർന്ന് മന്ത്രിക്കസേര തെറിച്ചെങ്കിലും വൈകാതെ തിരിച്ചുവന്നു.

മുൻ മന്ത്രി നീലലോഹിത നാടാർക്ക് സംഭവിച്ചത്, ഉയർന്ന ഉദ്യോഗസ്ഥയായ നളിനെറ്റോയുടെ കൈക്ക് കയറിപ്പിടിച്ചതായിരുന്നു. അതും വൻ വിവാദമായതോടെ നീലൻ രാജിവെച്ചു. പക്ഷേ നളിനെറ്റോയെപ്പോലുള്ള ഒരു ഉയർന്ന ഉദ്യോഗസ്ഥപോലും കേസുമായി മുന്നോട്ട് പോകാൻ താൽപ്പര്യം കാണിച്ചില്ല. കേരളത്തിൽ രാഷ്ട്രീയക്കാർ പ്രതികളാവുന്ന കേസുകൾ ഒക്കെയും തന്നെ ഇങ്ങനെ അലിഞ്ഞില്ലാതാവുകയാണ് ചെയ്യുന്നത്. സിപിഎമ്മിൽ ഒരു കാലത്ത് പിണറായി കഴിഞ്ഞാൽ ഏറ്റവും ശക്തനായ നേതാവായി അറിയപ്പെട്ടിരുന്നത് പി ശശിയാണ്. എന്നാൽ ശശി പോലും ലൈംഗിക അപവാദത്തിൽപെട്ട് പാർട്ടിയിൽനിന്ന് പുറത്തായി. പാലക്കാട്ടെ പി കെ ശശി എംഎൽഎയുടെ പേരിലും സമാനമായ പീഡന ആരോപണം ഉണ്ടായി. എന്നാൽ നിസ്സാര അച്ചടക്ക നടപടി നൽകി ശശിയെ സംരക്ഷിക്കയാണ് സിപിഎം പോലും ചെയ്തത്. കുറ്റം മുഴുവൻ പലപ്പോളും വരുന്നത് ഇരകൾക്കാണ്.

ഗെയിൽ ട്രഡ്വെൽ തൊട്ട് സിസ്റ്റർ സെഫി വരെ

അമൃതസാമ്രാജ്യമല്ല അത് ഒരു അധോലോകമാണെന്നാണ്, മാത അമൃതാനന്ദമയിയുടെ മുൻ ശിഷ്യയായ ഗെയിൽ ട്രഡ് വെൽ എഴുതിയ 'ദ ഹോളി ഹെൽ' എന്ന പുസ്തകം വായിച്ചാൽ വ്യക്തമാവുക. കള്ളക്കടുത്തുമുതൽ ലൈംഗിക പീഡനത്തിനുവെ താൻ സാക്ഷിയാണെന്നായിരുന്നു അവർ എഴുതിയത്. ഇതിൽ ഏറ്റവും പ്രധാനം അമൃതാനന്ദമയിയുടെ ഒന്നാമത്തെ അനുയായി അമൃത സ്വരൂപാനന്ദ എന്ന ബാലുവിൽ നിന്നേറ്റ ലൈംഗിക പീഡനങ്ങളാണ്. 'മഠത്തിനകത്തും യാത്രക്കിടയിലും താൻ നിരവധി തവണ ലൈംഗിക പീഡനത്തിനു വിധേയയായി. പലപ്പോഴും അമ്മ ഉറങ്ങിക്കിടക്കുന്ന കട്ടിലിനടിയിൽവെച്ചുപോലും ഇതു സംഭവിച്ചു. ഇത് ഒന്നുകിൽ അമ്മ അറിഞ്ഞു അല്ലെങ്കിൽ അറിഞ്ഞില്ല. രണ്ടിൽ ഒരു സാധ്യതയാണുള്ളത്. അറിഞ്ഞുവെങ്കിൽ ഈ ക്രൂരതക്കെല്ലാം അവർ കൂട്ടുനിന്നുവെന്നർഥം. ഇനി അറിഞ്ഞില്ല എങ്കിൽ പിന്നെ ലോകം അവരെ അമ്മ എന്നും ദേവി എന്നുമൊക്കെ വിളിക്കുന്നതിലെന്തർത്ഥം?'- ഗെയിൽ ട്രഡ്വെൽ പുസ്‌കത്തിൽ എഴുതിയ വാക്കുകൾ ആണിത്.

അതുപോലെതന്നെ അമൃതാനന്ദമയിയും മറ്റ് ശിഷ്യന്മാരുമായി വഴിവിട്ട ബന്ധം ഉണ്ടെന്നു ഇതിന് താൻ സാക്ഷിയാണെന്നും അവർ പുസ്‌കത്തിൽ എഴുതി. രണ്ടു പതിറ്റാണ്ടോളം അമ്മ'യുടെ വലം കൈയായിരുന്നു ഒരു സ്ത്രീ ഉന്നയിച്ച ആരോപണം കേരളത്തെ അങ്ങേയറ്റം ഞെട്ടിച്ചു കളഞ്ഞു. പക്ഷേ ഇതിന്റെ പേരിൽ യാാെതരു അന്വേഷണവും ഉണ്ടായില്ല എന്ന് മാത്രമല്ല, അപ്പുക്കുട്ടൻ വള്ളിക്കുന്ന് തൊട്ടുള്ള കേരളത്തിലെ ചിന്തകരിൽ ഒരു വിഭാഗം അമൃതാനന്ദമയിയെ ന്യായീകരിക്കയാണ് ചെയ്തത്. മറ്റൊരു രാജ്യത്താണെങ്കിൽ ആ ജീവനാന്തം ജയിലിൽ കിടക്കാനുള്ള വകുപ്പുകൾ ഈ പുസ്‌കത്തതിൽ ആരോപണങ്ങളായി ഉന്നയിക്കുന്നുണ്ട്. പക്ഷേ ഒരു അന്വേഷണം പോലും നടന്നില്ല. എന്ന് മാത്രമല്ല എതിർ പ്രചാരണം നടത്തുന്നവർക്ക് രാഷ്ട്രീയ തിരിച്ചടിയും ഉണ്ടായി. കൈരളി ടീവിക്കുവേണ്ടി ജോൺ ബ്രിട്ടാസ് ഓസ്ട്രേലിയയിൽപോയി ഗെയിൽ ട്രഡ്വെല്ലിനെ കണ്ട് അഭിമുഖം നടത്തിയത് തൊട്ടടുത്ത പാർലിമെന്റ് തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് വൻ തിരിച്ചടിയായതായി പാർട്ടി തന്നെ വിലയിരുത്തി. അതായത് മതത്തെയും ആൾ ദൈവങ്ങളെയും എപ്പോഴൊക്കെ തൊടുന്നോ അപ്പോഴൊക്കെ കേരളത്തിലെ രാഷ്ട്രീയ നേതൃത്വം നടങ്ങുന്നുവെന്ന് ചുരുക്കം.

അഭയാ കേസിൽ ആരോപിതയായ സിസ്റ്റർ സെഫിക്കുവേണ്ടി മുന്നിട്ടറങ്ങുന്നവരാണ് കേരളത്തിലെ ക്രിസത്യൻ വിശ്വാസികളിൽ ഏറെയും. എന്തിന് സിപിഎം നേതാവ് വൃന്ദാകാരട്ട് പോലും അവർക്കായി രംഗത്തെത്തി. കന്യകയാണെന്ന് തെളിയിക്കാനായി അവർ കന്യാചർമ്മം കൃത്രിമമായി ശസ്ത്രക്രിയയിലൂടെ വെച്ചു പിടിപ്പിച്ചുവെന്നത് സിബിഐ പരിശോധിച്ചതാണ് കടുത്ത മനുഷ്യവകാശ ലംഘനവും   അവഹേളനവുമായി വൃന്ദാകാരാട്ടിന് തോന്നിയത്. സിസ്റ്റർ അഭയ കേസിൽ ഒന്നും രണ്ടും പ്രതികൾക്കൊപ്പം കുറ്റകൃത്യങ്ങളിൽ പങ്കുചേർന്ന വ്യക്തിയാണ് സിസ്റ്റർ സെഫിയെന്ന് സിബിഐ. ആരോപിക്കുന്നു. പ്രതികളുമായി ഇവർക്കുള്ള വിഴിവിട്ട ബന്ധം അഭയം കണ്ടതാണ് കൊലക്ക് ഇടയാക്കിയതെന്നാണ് ആരോപണം. ഇത് ശരിവെക്കുന്ന നാർക്കോ അനാലിസ് വീഡിയോകൾ പുറത്തായതും വിവാദമായിരുന്നു. എന്നാൽ കേസിൽ അന്തിമ വിധി വരുംവരെ ഇവർ ആരോപിതർ മാത്രമാണ്.

ലതാ നായരുടെ സെക്സ്റാക്കറ്റിൽ പൊലിഞ്ഞ ജീവിതങ്ങൾ

കോളിളക്കം സൃഷ്ടിച്ച കിളിരൂർ- കവിയൂർ കേസുകളിലാണ് ലതാ നായരുടെ പേര് ഉയർന്നുവന്നത്. പെൺകുട്ടികളെ സീരിയലിൽ അഭിനിയിപ്പിക്കാനെന്നപേരിൽ കൊണ്ടുപോയി പെൺവാണിഭ സംഘങ്ങൾക്ക് ഇവർ കാഴ്ച വെച്ചുവെന്നാണ് ആരോപണം. 2004 സെപ്റ്റംബർ 28നാണ് കവിയൂരിൽ മൂന്ന് കുട്ടികളടക്കം അഞ്ച് പേരടങ്ങുന്ന കുടുംബത്തെ മരിച്ച നിലയിൽ കണ്ടത്തിയതോടെയാണ് ലതാ നായർ എന്ന പേര് മാധ്യമങ്ങളിൽ നിറഞ്ഞത്. ചുമത്ര ക്ഷേത്രത്തിലെ പൂജാരി കണ്ണൂർ മയ്യിൽ ചെറുപഴശ്ശി ഒണിക്ക്യാംപറമ്പ് കുണ്ടുംകര ഇല്ലത്തു കെ.ഐ. നാരായണൻ നമ്പൂതിരി (42), ഭാര്യ കോഴിക്കോട് കുറ്റ്യാടി ചേലോട് ഇല്ലത്തു ശോഭന (32), മക്കളായ അനഘ (15), അഖില (7), അക്ഷയ് (5) എന്നിവരെ കവിയൂർ മഹാദേവർ ക്ഷേത്രത്തിനു സമീപമുള്ള വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടത്.

ഇതിലെ പതിനഞ്ച് വയസുകാരി പീഡനത്തിന് ഇരയായെന്ന് കണ്ടെത്തുകയും പിന്നിൽ രാഷ്ട്രീയ നേതാവായ വി.ഐ.പിയെന്ന ആരോപണവും ഉയർന്നതോടെ കേസ് വലിയ വിവാദമായി മാറി. സെക്സ് റാക്കറ്റിൽ അംഗമായ ലതാ നായർ പെൺകുട്ടിയെ പല വി.ഐ.പികൾക്ക് കാഴ്ചവച്ചിട്ടുണ്ടെന്നായിരുന്നു ആരോപണം. ഇതോടെ ലതാ നായരും അറിസ്റ്റിലായി. കിളിരൂർ സ്വദേശിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ മുഖ്യപ്രതി മല്ലപ്പള്ളി ചെങ്ങരൂർ സ്വദേശി ലതാ നായരുമായി ഈ കുടുംബത്തിന് ബന്ധമുണ്ടെന്നു വാർത്ത പ്രചരിച്ചതിനെ തുടർന്നായിരുന്നു ആത്മഹത്യയെന്നായിരുന്നു അന്ന് ഉയർന്ന മാധ്യമ റിപ്പോർട്ടുകൾ. കോട്ടയം വെസ്റ്റ് പൊലീസ് നാരായണൻ നമ്പൂതിരിയെ ചോദ്യം ചെയ്തിരുന്നു.ലതാ നായരാണു മരണത്തിന് ഉത്തരവാദി എന്ന് ആത്മഹത്യാ കുറിപ്പിലെഴുതിയിരുന്നു. നാട്ടുകാരായ ചിലർ അസഭ്യം പറഞ്ഞതിൽ പ്രയാസം ഉണ്ടെന്നും അതും കാരണമാണെന്നും കുറിപ്പിലുണ്ടായിരുന്നു. ലതയുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായും വ്യക്തമായിരുന്നു.

നാരായണൻ നമ്പൂതിരി ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു. ശോഭന, അഖില, അക്ഷയ് എന്നിവരുടെ മൃതദേഹങ്ങൾ അതേ മുറിയിലെ കട്ടിലിലും അനഘയുടെ മൃതദേഹം അടുത്ത മുറിയിലെ കട്ടിലിലുമാണു കിടന്നിരുന്നത്. മുറികളിലെ ലൈറ്റ് അണച്ചിരുന്നില്ല. ഐസ്‌ക്രീമിലാണ് മക്കൾക്കു വിഷം നൽകിയത്. ഭാര്യയ്ക്കും മക്കൾക്കും വിഷം കൊടുത്ത ശേഷം നാരായണൻ നമ്പൂതിരി തൂങ്ങിമരിച്ചതാകാമെന്നായിരുന്നു പൊലീസ് നിഗമനം. ചുമത്ര ക്ഷേത്രം തുറക്കാത്തതിനെ തുടർന്നു നമ്പൂതിരിയുടെ വീട്ടിൽ കഴകക്കാരൻ അന്വേഷിച്ച് എത്തിയപ്പോഴാണ് ദുരന്തം അറിഞ്ഞത്.പത്തു വർഷത്തിലേറെയായി കവിയൂരിലായിരുന്നു ഇവരുടെ താമസം. അനഘ എന്ന പേരിൽ നാരായണൻ നമ്പൂതിരി വീട്ടിൽ ജ്യോതിഷ കാര്യാലയം നടത്തിയിരുന്നു. ഇവിടത്തെ സന്ദർശകയായിരുന്നു ലതാ നായർ. കവിയൂരിൽ ഇവർ താമസിച്ചിരുന്ന വാടകവീട് 14 വർഷമായി അടഞ്ഞുകിടക്കുന്നു. ഇത് ഇപ്പോൾ ജീർണാവസ്ഥയിലാണ്.

വിവാദങ്ങളെ തുടർന്ന് ഈ കേസ് സിബിഐ എറ്റെടുത്തെങ്കിലും പ്രതികളെ കണ്ടെത്തനായില്ല.
കവിയൂർ പീഡനക്കേസിൽ തുടരന്വേഷണം സാധ്യമല്ലെന്ന് കാണിച്ച് സിബിഐ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. പെൺകുട്ടി പീഡിപ്പിക്കപ്പെട്ടെന്ന് ഉറപ്പാണങ്കിലും ആരാണ് പീഡിപ്പിച്ചതെന്ന് കണ്ടെത്താനാവുന്നില്ല. വി.ഐ.പികൾ പീഡിപ്പിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എന്നാൽ ഈ റിപ്പോർട്ട് സിബിഐ കോടതി തള്ളുകയായിരുന്നു. ലതാനായർ അനഘയെ ക്ഷേത്രങ്ങളിലും സിനിമയ്ക്കും കൊണ്ടുപോയത് അന്വേഷിച്ചില്ല. അനഘയുടെ സുഹൃത്ത് രമ്യാരാജന്റെ മൊഴിയിൽ ഇതെല്ലാം വ്യക്തമാണ്.

പീഡിപ്പിച്ചതാരാണെന്നതിന് തെളിവ് ലഭിച്ചില്ലെന്ന നാലാം തുടരന്വേഷണ റിപ്പോർട്ട് തള്ളിക്കളഞ്ഞ് സമഗ്രമായ തുടരന്വേഷണം നടത്താൻ 2020 ജനുവരി 1 ന് സിബിഐ കോടതി ഉത്തരവിട്ടിരുന്നു. തുടർന്ന് ഫെബ്രുവരി 20 , ഏപ്രിൽ 7, മെയ് 19 , ജൂലൈ 23 , സെപ്റ്റംബർ 11 എന്നിങ്ങനെ 5 പ്രാവശ്യം കേസ് തുറന്ന കോടതിയിൽ പരിഗണിച്ചപ്പോഴും സിബിഐ തുടരന്വേഷണ റിപ്പോർട്ട് ഹാജരാക്കുകയോ എന്തൊക്കെ അന്വേഷണം നടത്തിയെന്നത് സംബന്ധിച്ച സ്റ്റേജ് റിപ്പോർട്ട് ഹാജരാക്കുകയോ കൂടുതൽ സമയം തേടിയുള്ള എക്സ്റ്റൻഷൻ റിപ്പോർട്ടോ കോടതിയിൽ സമർപ്പിച്ചില്ല. മുഖ്യ പ്രതി ലതാ നായരും ഈ ദിവസങ്ങളിൽ കോടതിയിൽ ഹാജരായില്ല. സി ബി ഐ യുടെയും പ്രതിയുടെയും നിരുത്തരവാദപരമായ രീതിയെയും അലംഭാവത്തെയും കോടതി രൂക്ഷമായി വിമർശിച്ചു. കവിയൂർ പീഡനക്കേസിൽ തുടരന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ തിരുവനന്തപുരം സി ബി ഐ കോടതി ഉത്തരവിട്ടു. മുഖ്യ പ്രതി ലതാനായർ ഒക്ടോബർ 20 ന് ഹാജരാകാനും ജഡ്ജി സനിൽകുമാർ അന്ത്യശാസനം നൽകി. കോളിളക്കം സൃഷ്ടിച്ച കേസ് അങ്ങനെ പതിനാറുവർഷം കഴിഞ്ഞിട്ടും എങ്ങുമെത്തിയിട്ടില്ല.

ലതാ നായർ പറയാത്ത ആ വിഐപി ആര് ?

കവിയൂർ കേസിനേക്കാൾ പ്രമാദമായത് കിളിരൂരിലെ ശാരിയുടെ മരണം ആയിരുന്നു. ഈ കേസിൽ ഒരു വിഐപിയുണ്ടെന്ന് വി എസ് അച്യുതാനന്ദൻ ആരോപിച്ചതോടെ ഇത് സിപിഎം വിഭാഗീതയിലേക്ക്വരെ കാര്യങ്ങൾ നീണ്ടു. ഈ വിഐപിയെ ലതാ നായർക്ക് അറിയാമായിരുന്നെുവെന്നായിരുന്നു അന്ന് ഉയർന്ന പ്രധാന ആരോപണം. എന്നാൽ ലതാ നയാർ അതേക്കുറിച്ച് ഒന്നും വെളിപ്പെടുത്തിയിട്ടില്ല.

സീരിയലിന്റെ മറവിലായിരുന്നു ലതാനായർ തന്റെ പെൺവാണിഭം നടത്തിയിരുന്നത്. സുന്ദരികളെ ഇവർ തേടി അലഞ്ഞതായി സാക്ഷി മൊഴി. ശാരിയുടെ അയൽവീടുകളിൽ സുന്ദരികളായ പെൺകുട്ടികളുണ്ടെങ്കിൽ അവരെയും സീരിയലിൽ അഭിനയിക്കാൻ കൊണ്ടുപോകാമെന്ന് കിളിരൂർ കേസിലെ പ്രതി ലതാ നായർ ശാരിയോട് പറഞ്ഞിരുന്നതായാണ് കോടതിയിൽ സാക്ഷികൾ മൊഴി രേഖപ്പെടുത്തിയത്.

ലതാ നായർ ഇങ്ങനെ പറഞ്ഞതായി ശാരി തന്നോടു പറഞ്ഞിരുന്നതായി അയൽവാസി രാധയാണു സിബിഐ കോടതിയിൽ മൊഴി നൽകിയത്. കാലത്തു ലതാ നായർ ശാരിയുടെ വീട്ടിലെ നിത്യസന്ദർശകയായിരുന്നുവെന്നും സാക്ഷി മൊഴിയിൽ പറയുന്നു.ശാരിയുടെ വീട്ടിൽ താൻ പോകാറുണ്ടായിരുന്നുവെന്നും ശാരി തന്റെ വീട്ടിലും വരാറുണ്ടായിരുന്നുവെന്നും മറ്റൊരു അയൽവാസിയായ രഞ്ജിനി മൊഴി നൽകി. സീരിയലിൽ അഭിനയിക്കാൻ പോകുന്ന കാര്യം ശാരി പറഞ്ഞിരുന്നതായും സാക്ഷി പറഞ്ഞു. മറ്റൊരു സാക്ഷിയായ ജോയിന്റ് ആർടിഒയും മൊഴി നൽകി.

കിളിരൂർ കേസിലെ വി.ഐ.പിയെ സംബന്ധിച്ച് വി എസ് അച്യുതാനന്ദൻ നടത്തിയ പരാമർശം തോമസ് ചാണ്ടിയെ ലക്ഷ്യമിട്ടായിരുന്നെന്ന് ആരോപണമുയർന്നിരുന്നു. 2004ൽ തോമസ് ചാണ്ടിയുടെ കുട്ടനാട്ടിലെ റിസോർട്ടിൽ വച്ചാണ് ശാരി പീഡിപ്പിക്കപ്പെട്ടതെന്ന് ശാരിയുടെ അച്ഛൻ സുരേന്ദ്രകുമാർ കഴിഞ്ഞ ദിവസവും ആവർത്തിച്ചു. ഇവിടെ വച്ചാണ് പലർക്കും ശാരിയെ കാഴ്ച വെച്ചത്. തോമസ് ചാണ്ടി ശാരിയെ ശാരീരികമായി പീഡിപ്പിച്ചിട്ടില്ലെങ്കിലും 'പോയി ശരീരം നന്നാക്കി വരാൻ' പറഞ്ഞിരുന്നെന്ന് നേരത്തേ തന്നെ സുരേന്ദ്രകുമാർ വെളിപ്പെടുത്തിയിരുന്നു. കേസിലെ മുഖ്യുപ്രതി ലതാ നായരാണ് തോമസ് ചാണ്ടിയുടെ റിസോർട്ടിലേക്ക് ശാരിയെ എത്തിച്ചത്. ഇതിൽ തോമസ് ചാണ്ടിക്കും പങ്കുണ്ടെന്നും പിതാവ് ആരോപിക്കുന്നു. ഛർദിച്ചു തളർന്നാണ് അന്ന് മകൾ റിസോർട്ടിൽ നിന്ന് മടങ്ങിവന്നത്. അവിടെ എന്താണ് നടന്നതെന്ന് സിബിഐ അന്വേഷിച്ചിട്ടില്ലെന്നും ഇതൊക്കെ പറഞ്ഞ് പലതവണ സെക്രട്ടേറിയേറ്റിൽ കയറിയിറങ്ങിയെങ്കിലും ഒന്നു സംഭവിച്ചില്ലെന്നും സുരേന്ദ്രകുമാർ പറയുന്നു.

2003ൽ ഓഗസ്റ്റ് മുതൽ ഒരു വർഷത്തോളം വിവിധ സ്ഥലങ്ങളിലായി പീഡിപ്പിക്കപ്പെട്ട് ഗർഭിണിയായ ശാരി 2004 ആഗസ്റ്റിൽ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. പ്രസവശേഷം അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ശാരി നവംബർ 13ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരണപ്പെടുകയായിരുന്നു. എന്നാൽ കിളിരൂർ കേസിൽ വി.ഐ.പി ഉൾപ്പെട്ടിട്ടില്ലെന്നും തോമസ് ചാണ്ടി അടക്കമുള്ളവരെ ചോദ്യം ചെയ്തുവെന്നുമാണ് അന്ന് കേസ് അന്വേഷിച്ച ആർ ശ്രീലേഖ പറഞ്ഞത്. എന്നാൽ ശ്രീലേഖ ശാരിയുടെ മൊഴി രേഖപ്പെടുത്തിയതിലും ദുരൂഹതയുണ്ടെന്ന് മാതാപിതാക്കൾ ആരോപിച്ചിരുന്നു.

താത്ത തൊട്ട് ശോഭ ജോൺ വരെയുള്ള ക്വട്ടേഷൻ റാണിമാർ

സ്ത്രീകൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങളുടെ എണ്ണവും കേരളത്തിൽ വർധിച്ചുവരികയാണ്. : പൊലീസ് രേഖകളിൽ ഉൾപ്പെട്ടില്ലെങ്കിലും കേരളത്തിലെ ആദ്യത്തെ വനിതാ ഗുണ്ടയെന്ന കുപ്രസിദ്ധി മടിക്കാലി മറിയയുടെ പേരിലാണ്. തിരുവനന്തപുരത്തെ തീരപ്രദേശമായ പൊഴിയൂരിലാണ് മറിയ സമൂഹത്തെ വെല്ലുവിളിച്ച് ജീവിച്ചത്. ഒരു വലിയ വ്യാജ വാറ്റ് സംഘത്തെ ഒറ്റയ്ക്ക് നയിച്ചു. പുരുഷന്മാരെ വെല്ലുന്ന തലയെടുപ്പോടെ പുരുഷ സംഘത്തിന്റെ നേതാവായി.

പക്ഷേ പൊലീസ് രേഖകളിൽ സംസ്ഥാനത്തെ ആദ്യ വനിതാ ഗുണ്ടയെന്ന് വിശേഷണം. ചെറുകിടാ ഗൂണ്ടായിസത്തിലൂടെ വളർന്ന് ക്വട്ടേഷൻ സംഘത്തിന്റെ നേതാവായി. ശബരിമല തന്ത്രിയുടെ നഗ്നചിത്രങ്ങളെടുത്ത് ബ്ലാക്ക്‌മെയിൽ ചെയ്തതോടെ കുപ്രദ്ധിയാർജ്ജിച്ചു. ജയിലിലും പരോളിലുമായി കഴിയുന്ന ശോഭാ ജോൺ ഇപ്പോഴും പൊലീസിന് സ്ഥിരം തലവേദനയാണ്. അതുപോലെ ക്വട്ടേഷൻ റാണി എന്ന അപരനാമധേയത്തൽ അറിയപ്പെടുന്ന മിത്ര സൂസണിന്റെ പേരും ഇതോടൊപ്പം ചേർത്ത് വായിക്കണം. . യുവാവിനെ കൊലപ്പെടുത്താൻ കൊളേജ് വിദ്യാർത്ഥികൾക്ക് ക്വട്ടേഷൻ നൽകുകയും സംഘത്തിന് സഹായം ചെയ്തു നൽകുകയും ചെയ്തു. 2012ൽ പത്തനംതിട്ട പൊലീസാണ് മിത്ര സൂസനെതിരേ കേസ് യൽ ചെയ്തത്.

മടിക്കാലി മറിയത്തെപോലെ പ്രശസ്തയായിരുന്നു കൊല്ലം കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ പ്രതി ഹയറുന്നീസയെന്ന താത്തയും. 2000 ഒക്ടോബർ 21 ശനിയാഴ്ച രാത്രി കൊല്ലം ജില്ലയിലെ കല്ലുവാതുക്കൽ, പള്ളിക്കൽ പ്രദേശങ്ങളിലായിരുന്നു നാടിനെ നടുക്കിയ വിഷമദ്യ ദുരന്തം. തടവിൽ കഴിയവെ 2009 മാർച്ച് 31 ന് അസുഖ ബാധിതയായി മരിച്ചു. വാജ്യമദ്യ നിർമ്മാണവും വിൽപ്പനുയുമായി ഇവർ ഏറെ കുപ്രസിദ്ധയായിരുന്നു. അേതപോലെ ബ്ലാക്ക്മെയൽ കേസിൽ കേരളത്തെ ഞെട്ടിച്ച രണ്ടുപേരുകൾ ആയിരുന്നു ബിന്ധ്യാസും റുക്‌സാനയും. കിടപ്പറ രംഗങ്ങൾ പകർത്തി അത് വച്ച് ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം. സമ്പന്നരെ ബ്‌ളാക് മെയിൽ ചെയ്ത് സംഘാംഗങ്ങളുമായി ചേർന്ന് പണം തട്ടുന്നു. കേസിലെ പ്രതികൾ എംഎൽഎ ഹോസ്റ്റൽ ഒളിത്താവളമാക്കിയത് രാഷ്ട്രീയ ബന്ധങ്ങൾ തെളിയിക്കുന്നു.കവിതാ പിള്ള മെഡിക്കൽ സീറ്റ് തട്ടിപ്പിലൂടെയാണ് കുപ്രസിദ്ധയായത്. ലഹരിമരുന്നുകേസിലെ പ്രതികളുമായ ബന്ധം. പലരിൽനിന്നായി തട്ടിയെടുത്തത് കോടികൾ. കേസുകൾ ഒതുക്കിത്തീർക്കാൻ കൈക്കൂലി നൽകിയെന്നും ആരോപണം. പത്തിലധികം കേസുകൾ.വീട്ടുകാരെ മയക്കുമരുന്നു നൽകി കൊള്ള നടത്തുന്ന വിരുതയാണ് നീസമ. അടുക്കള ജോലിക്കാരി ചമഞ്ഞ് വീടുകളിലെത്തി വിശ്വാസ്യത വരുത്തി തട്ടിപ്പ്. പരപ്പനങ്ങാടി സ്വദേശിനി. മാനസിക രോഗം അഭിനയിച്ച് രക്ഷപെടാൻ ശ്രമം. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്റെ ഭിത്തി തുരന്ന് രക്ഷപ്പെട്ടെങ്കിലും പിടിയിലായി.മുത്തശിയുടെ കണ്ണിൽ കുരുമുളകു സ്‌പ്രേയടിച്ച് സ്വർണമാല കവർന്ന കേസിൽ പിടിയിലായതോടെ കോട്ടയം സ്വദേശിനി സുറുമി മാധ്യമങ്ങളി ഇടം പിടിച്ചത്. സ്പിരിറ്റു കടത്തിലും കുഴൽപ്പണം കടത്തുന്നതിലും വിദഗ്ദ്ധ. വാഹന പരിശോധനകളിൽ പൊലീസിനെ വ!ഴിതെറ്റിക്കാൻ മാഫിയ സംഘങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നു.

ഡോ. ഓമന മുതൽ സയനൈഡ് ജോളി വരെ

കുറ്റകൃത്യത്തിനും പൈശാചികത്തും ലിംഗഭേദമില്ലെന്ന് മലയാളി തിരിച്ചറിഞ്ഞത് ഡോ ഓമനയിലൂടെയായിരുന്നു. കാമുകനെ വെട്ടിനുറുക്കി സ്യൂട്ട് കെയ്‌സിലാക്കി നാടിന്റെ പല ഭാഗങ്ങളിൽ ഉപേക്ഷിച്ച കൊടും കുറ്റവാളി. 1996 ജൂലായ് 11 നാണ് കണ്ണൂർ സ്വദേശിനിയായ ഡോക്ടർ ഓമന കാമുകനെ കൊന്ന് നാടിനെ ഞെട്ടിച്ചത് 2001-ൽ പരോളിലിറങ്ങിയ ഓമന തിരികെ വന്നില്ല. ഇന്റർപോൾ തിരയുന്ന പിടികിട്ടാപ്പുള്ളി വിദേശത്തവെച്ച് മരിച്ചുവെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരങ്ങൾ.

അതുപോലെ കേരളത്തെ ഞെട്ടിച്ചതായിരുന്നു ഭാസ്‌ക്കര കാരണവർ വധക്കേസ്. 2009 നവംബർ ഒൻപതിനാണ് ഭാസ്‌കര കാരണവർ കിടപ്പുമുറിയിൽ കൊല ചെയ്യപ്പെട്ടത്. മോഷണത്തിനിടെ നടന്ന കൊലപാതകമെന്നു വരുത്തിത്തീർക്കാനായിരുന്നു ശ്രമം. എന്നാൽ കേസ് അന്വേഷിച്ച പൊലീസ് അടുത്ത ബന്ധുക്കളുടെ സഹായം കൊലപാതകത്തിന് പിന്നിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. അമേരിക്കയിൽ ഉന്നത ഉദ്യോഗസ്ഥനായിരുന്ന കാരണവർ വിശ്രമജീവിതത്തിനായാണ് കുടുംബ ഓഹരി കിട്ടിയ വസ്തുവിൽ വീട് വച്ചത്. ഇളയ മകൻ ബിനു, മരുമകൾ ഷെറിൻ എന്നിവരോടൊപ്പമായിരുന്നു താമസം. ഷെറിന്റെ അവിഹിത ബന്ധങ്ങളാണ് കൊലപാതകത്തിന് കാരണമായത്. കൊലപാതകത്തിനു ശേഷം ഇവിടെ ആരും താമസിച്ചിരുന്നില്ല. വീടിനോടൊപ്പമുള്ള ഔട്ട്ഹൗസ് വാടകയ്ക്ക് നൽകിയിരിക്കുകയാണ്.

്അമേരിക്കയിൽ നിന്നെത്തി നാട്ടിൽ വിശ്രമജീവിതം നയിച്ചിരുന്ന ഭാസ്‌കര കാരണവരെ ഉറക്കത്തിനിടെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. മരണം നടന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ പൊലീസ് കാരണവരുടെ മകൻ ബിനു പീറ്ററുടെ ഭാര്യ ഷെറിനെ അറസ്റ്റു ചെയ്തിരുന്നു. നിർദ്ധന കുടുംബത്തിലെ അംഗമായ ഷെറിനെ ഭാസ്‌കര കാരണവർ മരുമകളാക്കിയത് ബുദ്ധിമാന്ദ്യമുള്ള മകനെ ശുശ്രൂഷിക്കുമെന്നോർത്താണ്. 2001ൽ വിവാഹത്തെ തുടർന്ന് ഷെറിനെയും ബിനുവിനെയും കാരണവർ ന്യൂയോർക്കിലേക്ക് കൊണ്ടുപോയെങ്കിലും മരുമകളുടെ സ്വഭാവദൂഷ്യം കാരണം കൊലപാതകം നടക്കുന്നതിനു മൂന്നു വർഷം മുമ്പ് നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു.ഭർത്താവിന്റെ പണത്തിൽ ധൂർത്തടിച്ച് നടക്കാനും ഇഷ്ടമുള്ളവർക്കൊപ്പം കഴിയാനുമായിരുന്നു ഷെറിനു താത്പര്യം. മകന്റെ കാര്യത്തിൽ തന്റെ കണക്കു കൂട്ടലുകൾ തെറ്റിയെന്ന് മനസിലാക്കിയ കാരണവർ പ്രവാസി ജീവിതം മതിയാക്കി നാട്ടിലെത്തുകയായിരുന്നു. ഇതോടെ സ്വൈര്യവിഹാരം നഷ്ടപ്പെട്ട ഷെറിൻ അസ്വസ്ഥയായി. തന്റെ ആവശ്യങ്ങൾക്ക് പണ നിയന്ത്രണം വച്ചപ്പോൾ പക കടുത്തു. സ്വത്ത് വിഹിതം വച്ച ആധാരത്തിൽ നിന്ന് തന്റെ പേര് ഒഴിവാക്കിയെന്ന് അറിഞ്ഞതോടെയാണ് കൊലപാതകം എന്ന രീതിയിൽ കാര്യങ്ങൾ നടത്തിയത്.സുഹൃത്തും കാമുകനുമായ ബാസിത് അലിയെയും ഒപ്പം കൂട്ടി. മോഷണത്തിനിടെ മരണം നടന്നുവെന്ന് കാണിക്കാനുള്ള ഒരുക്കങ്ങൾ നടത്തിയെങ്കിലും അതെല്ലാം പാളിപ്പോയി.

ഭർത്താവിനെയും കുഞ്ഞിനെയും കൊല്ലാൻ കാമുകനൊപ്പം പദ്ധതിയിട്ട ടെക്‌നോപാർക്ക് ജീവനക്കാരി അനുശാന്തയുടെ കഥയും കേരളം ഏറെ ചർച്ച ചെയ്തതാണ്. 2014 ഏപ്രിലിൽ ആറ്റിങ്ങലിലാണ് സംഭവം. ടെക്‌നോപാർക്കിലെ സഹ പ്രവർത്തകനായ നിനോ മാത്യുവുമൊത്ത് ജീവിക്കാനാണ്, മനഃസാക്ഷി മരവിക്കുന്ന കുറ്റകൃത്യത്തിന് അനുശാന്തി കൂട്ടുനിന്നത്.തിരുവാണിയൂരിൽ 2013 ഒക്ടോബറിലായിരുന്നു നാല് വയസ്സുള്ള മകളെ കൊല്ലാൻ റാണി കാമുകന്മാർക്കു കൂട്ടുനിന്നത്. കാമുകന്മാർ മകളെ ക്രൂരമായി മർദിച്ചു കൊന്ന് കുഴിച്ചിട്ടു. റാണി ഒന്നുമറിയാത്തവളെ പോലെ കുഞ്ഞിനെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകി.

ഏറ്റവും ഒടുവിലായി പിണറായിയുടെ സൗമ്യയുടെയും കണ്ണൂർ ശരണ്യയുടെയും കൂടത്തായി ജോളിയുടെയും വാർത്തകളിൽ ഞെട്ടിത്തരിച്ചിരിക്കയാണ് കേരളം. കാമുകനൊപ്പം ജീവിക്കാൻ വേണ്ടി കണ്ണൂർ തയ്യിലിൽ സ്വന്തം കുഞ്ഞിനെ പാറക്കല്ലിൽ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശരണ്യ കേരളത്തെ ഞെട്ടിച്ചിരുന്നു.

കോഴിക്കോട് കൂടത്തായിയിൽ ആറ് കൊലപാതകങ്ങൾ നടത്തിയ ജോളി കേരളക്കരയെ ശരിക്കും ഞെട്ടിച്ചു. . ജോളി സ്വത്തു തട്ടാൻ വേണ്ടിയും അവിഹിത ബന്ധത്തിനുമായി ആറ് പേരെയാണ് കൊലപ്പെടുത്തിയത് എന്നാണ് പുറത്തുവരുന്ന വാർത്തകൾ. വെറുമൊരു മാനസിക വിഭ്രാന്തിക്ക് അപ്പുറത്തേക്ക് കൃത്യമായ പ്ലാനിംഗോടെ കാത്തിരുന്നു നടത്തിയ കൊലപാതകങ്ങളാണ് ഇതെല്ലാമെന്നാണ് വ്യക്തമാകുന്ന കാര്യം. ആറു പേരെ കൊലപ്പെടുത്തിയെന്ന് സംശയിക്കുന്ന ജോളിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തതോടെ കേരളം കണ്ട ഏറ്റവും വലിയ വനിതാ കുറ്റവാളിയുടെ നിലയിലേക്കാണ് കൂടത്തായിക്കാരി ജോളി മാറുന്നത്. കൂടത്തായി കൊലപാതകത്തിന് സമാനമാണ് പിറണായിയിലെ കൊലപാതകവും. കൂടത്തായിയിൽ സംഭവിച്ചതു പോലെ ഒരു വീട്ടിൽ നാലു മാസത്തിനിടെ മൂന്നു മരണങ്ങൾ സംഭവിച്ചു. എല്ലാവരും മരിച്ചത് ഛർദിയെത്തുടർന്ന്. വീട്ടിൽ അവശേഷിച്ച യുവതിയും ഛർദിച്ച് ആശുപത്രിയിലായതോടെ നാട്ടുകാരുടെ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസാണ് സംഭവത്തിലെ ഗൂഢാലോചന വെളിയിൽ കൊണ്ടുവന്നത്. കേസിൽ അറസ്റ്റിലായി ജയിലിലായ സൗമ്യ വിചാരണ നടക്കുന്നതിനിടെ, ജയിൽവളപ്പിലെ കശുമാവിൽ സാരിത്തുമ്പിൽ തൂങ്ങി ജീവനൊടുക്കുകയും ചെയ്തു. കൂടത്തായിൽ ജോളി ഉപയോഗിച്ചത് സയനൈഡ് ആയിരുന്നെങ്കിൽ പിണറായിയിൽ സൗമ്യ ഉപയോഗിച്ചത് എലിവിഷമാണെന്ന് മാത്രം.

സിനിമ താരങ്ങൾ ഉൾപ്പെടുന്ന സാമ്പത്തിക തട്ടിപ്പുകൾ

വനിതകൾ ഉൾപ്പെടുന്ന സാമ്പത്തിക തട്ടിപ്പുകളും കേരളത്തിൽ വർധിക്കുകയാണ്. ഇപ്പോഴത്തെ 2000 കോടിയുടെ പോപ്പുലർ ഫിനാനസ് തട്ടിപ്പിന്റെ യഥാർഥ കാരണമായി പറയുന്നത് ഉടമയുടെ പെൺമക്കളുടെ ആഡംബര ജീവിതമാണ്. വിവാഹത്തട്ടിപ്പുകൽും നിരവധിപേർ ഉൾപ്പെടുന്നു. ശാലിനി വിവാഹ തട്ടിപ്പുകാരിയുടെ കഥ ആ രീതിയിൽ പ്രശസ്തമാണ്. വെറും ഏഴാംക്ലാസ്സ് വിദ്യാഭ്യാസംമാത്രമുള്ള ശാലിന് കേരളത്തിന് പുറത്തും തട്ടിപ്പ് നടത്തിയിട്ടുണ്ട്. പുനർവിവാഹ പരസ്യങ്ങൾ വഴി ബന്ധപ്പെട്ട് തട്ടിപ്പ് നടത്തി സ്വർണവും പണവുമായി മുങ്ങുന്നതിൽ വിദഗ്ദ്ധ. 50ൽ അധികം കേസുകളിലെ പ്രതിയാണ്.

നടി ലീന മരിയ പോളുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഒരു കാലത്ത് പത്രങ്ങളുടെ തലക്കെട്ടുകൾ അപഹരിച്ചിരുന്നു. പങ്കാളിയുമായി ചേർന്ന് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മലായാളി സിനിമാതാരം. ചങ്ങനാശ്ശേരിക്കാരിയാണ് ലീന മരിയ പോൾ. വിദ്യാഭ്യാസം ദുബായിൽ. മോഹൻലാൽ നായകനായ റെഡ് ചില്ലീസ് എന്ന ചിത്രത്തിലടക്കം പത്തിൽ അധികം ചിത്രങ്ങളിൽ വേഷമിട്ടു. കൊച്ചി ഉൾപ്പടെ മെട്രോ നഗരങ്ങളിൽ തട്ടിപ്പ് നടത്തി ആഡംബര ജീവിതം.

സ്വർണക്കടത്തു കേസിൽ പിടിയിലായ എയർഹോസ്റ്റസ് ഫിറമോസ സെബാസ്റ്റ്യനിലൂടെയാണ് ഈ റാക്കറ്റിന്റെ ശക്തി മലയാളികൾ അറിഞ്ഞത്. കള്ളക്കടത്തുസംഘവുമായി ചേർന്ന് വിമാനത്താവളങ്ങൾ വഴി ഫിറമോസ കടത്തിയത് കോടികൾ വിലമതിക്കുന്ന സ്വർണമാണ്. ഫിറമോസ സെബാസ്റ്റ്യനോപ്പം സന്തതസഹചാരിയായ റാഹിലയും പിടിയിലായി. ഇരുവർക്കുമെതിരേ കോഫേപോസ നിയമം ചുമത്തി. ഇപ്പോഴിതാ സ്വർണ്ണക്കടുത്തുകേസിൽ സ്വപ്ന കൂടി ഉൾപ്പെട്ടതോടെ അന്വേഷണം മന്ത്രി പുത്രന്മാർ അടക്കമുള്ള ഉന്നതരിലേക്ക് നീങ്ങുകയാണ്.

സരിതയിൽ നിന്ന് സ്വപ്നയിലേക്ക്

ഇതുവെരെ നാം കണ്ട ലൈംഗിക അപവാദങ്ങൾ എല്ലാം വെറും സാമ്പിൾ വെടിക്കെട്ട് മാത്രമായിരുന്നു സോളാർ കേസിന്റെ മുന്നിൽ. ജോസ് കെ മാണിമുതൽ അബ്ദുല്ലക്കുട്ടിവരെയുള്ള അന്ന് ഭരണപക്ഷത്തിലെ പ്രമുഖർ എല്ലാം ആരോപിതരായ രണ്ടാം കുറിയേടത്ത് താത്രീവിചാരം. താത്രീ വിചാരണയിൽ എന്നപോലെ അവസാനം സരിതാ കേസും എത്തിയത് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയിലേക്ക് ആയിരുന്നു. പിതൃതുലൻ എന്ന് സരിത മുമ്പ് ഉമ്മൻ ചാണ്ടിയെ വിശേഷിപ്പിച്ച പേരുപോലും ട്രോൾ ആയി മാറിയ കാലം. അരുവിക്കര ഉപരെഞ്ഞെടുപ്പിൽ ജയിച്ച് അത്യ്യാവശ്യം പേരുണ്ടായിരുന്ന, ഉമ്മൻ ചാണ്ടി സർക്കാറിനെ കടപുഴക്കിയതും ഈ വിവാദം തന്നെ. ഇതിന്റെ പേരിൽ ഉമ്മൻ ചാണ്ടിയടക്കമുള്ള നേതാക്കളുടെ പേരിൽ ബലാൽസംഗക്കുറത്തിന് കേസ് എടുത്തുകൊണ്ട് പിണറായി സർക്കാർ നടത്തിയ നീക്കവും ഏറെ ചർച്ചയായിരുന്നു. പക്ഷേ കേരളത്തിലെ പതിവുപോലെ രാഷ്ട്രീയവും മതവും പ്രതിക്കൂട്ടിലാവുന്ന കേസുകളിൽ എല്ലാ വളരെ പെട്ടെന്ന് തേഞ്ഞ് മായുന്നു.

ചരിത്രം പ്രഹസനമായും ആവർത്തിക്കുമെന്ന്  മാർക്‌സ്‌  പറഞ്ഞപോലെ
സരിതയെ രാഷ്ട്രീയമായി ഉപയോഗിച്ച എൽഡിഎഫിന് ഇടിത്തീയായി സ്വപ്ന എന്ന അവതാരം വരുന്നു. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ ശിവശങ്കർ തൊട്ട് ഒരു മന്ത്രിയുടെ മകൻവരെ വിവാദത്തിൽ ആവുന്നു. സ്വപ്നയുടെ നിശാപാർട്ടികളിൽ ഉന്നതർ ഒഴുകിയെത്തുന്നു. അവൾക്കായി ലോക്കറുകൾ തുറക്കപ്പെടുന്നു. പീഡിഗ്രി മാത്രം വിദ്യാഭ്യാസമുള്ള ഒരു സ്ത്രീ അധികാരത്തിന്റെ ഇടനാഴികളിലെ പവർ ബ്രോക്കറായി മാറുന്നു. 'ഒറ്റനോട്ടത്തിൽ സരിതയായാലും സ്വപ്നയായാലും സെക്ഷ്വൽ ഫസ്ട്രേഷൻ എന്ന മലയാളി പുരഷന്റെ പൊതു വികാരത്തെയാണ് മുതലെടുത്തത്. ഇക്കാര്യത്തിൽ മലയാളി ഇപ്പോഴും നുറ്റാണ്ടുകൾ പിന്നിലാണ്'- പ്രശസ്ത മനഃശാസ്ത്രഞൻ വിനോദ് മാത്യു ഈയിടെ എഴുതിയത് ഇങ്ങനെയാണ്. നിയമവാഴ്ചയുള്ള ഒരു സ്വതന്ത്ര സമൂഹമായി നാം പരുവപ്പെട്ടില്ലെങ്കിൽ ഇത്തരം അവതാരങ്ങളെ ഏത് നിമിഷവും പ്രതീക്ഷിക്കാമെന്ന് ചുരുക്കം.