പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ നിന്ന് രണ്ട് വർഷം മുമ്പ് കാണാതായ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തമിഴ്‌നാട് മധുരയിൽ നിന്ന് പൊലീസ് കണ്ടെത്തി. പെൺകുട്ടിക്കൊപ്പം നാല് മാസം പ്രായമുള്ള കൈക്കുഞ്ഞുമുണ്ടായിരുന്നു. കൂടെയുണ്ടായിരുന്ന യുവാവിന് വേണ്ടി പോക്‌സോ കേസ് രജിസ്റ്റർ ചെയ്ത് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.

നെന്മാറ സംഭവത്തിന്റ പശ്ചാത്തലത്തിൽ കാണാതായവരെ കണ്ടെത്താൻ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് സൈബർ സെല്ലിന്റെ സഹായത്തോടെ ഇവരെ കണ്ടെത്തിയത്. പാലക്കാട്ടെത്തിച്ച പെൺകുട്ടിയെയും കൈക്കുഞ്ഞിനെയും വൈദ്യപരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കി.

2019 ൽ കൊഴിഞ്ഞാംപാറയിൽ നിന്ന് കാണാതായ പതിനാല് വയസ്സുകാരിയെയാണ് മധുരയ്ക്ക് സമീപമുള്ള ശേകനൂറണി എന്ന സ്ഥലത്ത് വച്ച് പൊലീസ് കണ്ടെത്തിയത്. വാടകവീട്ടിൽ കഴിയുകയായിരുന്ന പെൺകുട്ടിക്കൊപ്പം നാല് മാസം പ്രായമുള്ള കൈക്കുഞ്ഞുമുണ്ടായിരുന്നു. അമ്മയ്‌ക്കൊപ്പം നേരത്തെ ജോലിയെടുത്തിരുന്ന ശെൽവകുമാറിനൊപ്പമാണ് താൻ നാടുവിട്ടതെന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി.

അമ്മയ്‌ക്കൊപ്പം ജോലിയെടുത്തിരുന്ന പരിചയമാണ് പെൺകുട്ടിയെയും ശെൽവകുമാറിനെയും അടുപ്പിച്ചത്. നിലവിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ പരാതി നൽകിയിട്ടില്ലെങ്കിലും പെൺകുട്ടിക്ക് പ്രായപൂർത്തിയാവാത്തതിനാൽ ഇയാൾക്കെതിരെ പോക്‌സോ വകുപ്പുകൾ ചുമത്തിയാണ് അന്വേഷണം പുരോഗമിക്കുന്നത്. സംസ്ഥാനത്ത് കാണാതാവുന്ന ആളുകളുടെ എണ്ണം പാലക്കാട് കൂടുതലെന്നാണ് പൊലീസ് കണക്ക്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക സംഘം പഴയകേസുകളിൽ ഉൾപ്പെടെ ഊർജ്ജിത അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.