തൊടുപുഴ: ചീനിക്കുഴിയിൽ, മകനെയും കുടുംബത്തെയും പെട്രോൾ ഒഴിച്ച് തീയിട്ട് കൊന്ന ഹമീദ് സുഖലോലുപനും, സ്വന്തം ഇഷ്ടത്തിന് മാത്രം ജീവിക്കുന്ന ആളും. ചുട്ടുകൊല്ലുമെന്ന് പലപ്പോഴും, ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നെങ്കിലും, ഒരിക്കലും ഇങ്ങനെ കൊടുംക്രൂരത കാട്ടുമെന്ന് ആരും കരുതിയിരുന്നില്ല. നിരവധി സ്ത്രീകളുമായി ഹമീദിന് ബന്ധമുണ്ടായിരുന്നു. 20 വർഷത്തോളമായി മറ്റൊരു സ്ത്രീയോടൊപ്പം ഇടുക്കി കരിമ്പനിൽ താമസിക്കുകയായിരുന്നു. മൂന്ന് വർഷം മുമ്പാണ് തിരികെ നാട്ടിലെത്തിയത്.

ആദ്യ ഭാര്യ രണ്ട് വർഷം മുമ്പാണ് മരിച്ചത്. മകളും നേരത്തെ മരിച്ചിരുന്നു. മറ്റൊരു മകൻ വേറെയാണ് താമസം. വല്ലപ്പോഴും ബീഡി വാങ്ങാനോ പള്ളിയിൽ പോകാനോ മാത്രമാണ് ഇയാൾ പുറത്തിറങ്ങിയിരുന്നത്. പരമ്പരാഗതമായി സ്വത്തുള്ള കുടുംബമായിരുന്നു ഹമീദിന്റെ. ചീനിക്കുഴിയിൽ മെഹ്‌റിൻ സ്റ്റോഴ്സെന്ന പേരിൽ പച്ചക്കറി, പലചരക്ക് കട നടത്തുന്ന മകൻ മുഹമ്മദ് ഫൈസലിന്, കൊലപാതകം നടന്ന വീട് ഉൾപ്പെടുന്ന 58 സെന്റ് പുരയിടം വർഷങ്ങൾക്ക് മുമ്പ് ഇഷ്ടദാനം നൽകിയതാണ്. ഇതുകൂടാതെ 60 സെന്റ് സ്ഥലവും ഹമീദിന്റെ പേരിലുണ്ട്. ആറ് ലക്ഷം രൂപയോളം ബാങ്കിലുണ്ട്. ഫൈസലിന് സ്ഥലം നൽകുമ്പോൾ മരണം വരെ ഹമീദിന് ആദായമെടുക്കാനും ഒപ്പം മകൻ ചെലവിന് നൽകാനും നിബന്ധനയുണ്ടായിരുന്നു.

വീട്ടിൽ നിന്ന് പോയത് 30 വർഷം മുമ്പ്

നേരത്തെ മുതൽ പിതാവിന് തങ്ങളോട് വൈരാഗ്യമാണെന്ന് മരണപ്പെട്ട ഫൈസലിന്റെ സഹോദരൻ ഷാജി പറഞ്ഞു. 30 വർഷം മുമ്പ് വാപ്പ വീട്ടിൽ നിന്ന് പോയതാണ്. വീട്ടിൽ നെല്ല് പുഴുങ്ങാൻനിന്നിരുന്ന സ്ത്രീയോടൊപ്പമാണ് വാപ്പ പോയത്. അന്ന് മുതലേ ഞങ്ങളോട് വൈരാഗ്യമാണ്. ഞങ്ങൾക്കെതിരേ ഓരോ കേസുകൾ കൊടുത്തുകൊണ്ടിരുന്നു . അഞ്ച് കേസുകൾ കോടതിയിലും രണ്ട് കേസുകൾ കളക്ടറേറ്റിലുമുണ്ടായിരുന്നു. അമ്പതോളം കേസുകൾ കരിമണ്ണൂർ സ്റ്റേഷനിലുമുണ്ട്. അതിൽ കോടതിയിലെ കേസുകൾ തീർന്നു. കളക്ടറേറ്റിലെ കേസിൽ കമ്മിഷൻ വീട്ടിലെത്തി അന്വേഷണം നടത്തിയാണ് തീർപ്പാക്കിയത്. മകന്റെ കൂടെയാണ് താമസമെന്നും വസ്ത്രവും ഭക്ഷണവുമെല്ലാം കിട്ടുന്നുണ്ടെന്നും അന്വേഷണത്തിൽ കമ്മിഷന് ബോധ്യപ്പെട്ടതാണ്. അതിന്റെ ഉത്തരവുകളെല്ലാം കൈയിലുണ്ട്.

വാപ്പ ഇഷ്ടദാനം നൽകിയത് റദ്ദാക്കണമെന്നതാണ് നിലവിലെ കേസ്. വല്യുപ്പാനെയും വല്യുമ്മയെയും നോക്കിയത് ഞങ്ങളാണ്. അവരുടെ സ്വത്തും ഞങ്ങളുടെ പേരിലാണ് എഴുതിയിരുന്നത്. അതും വേണമെന്ന് പറഞ്ഞ് കേസ് കൊടുത്തിരുന്നു. സ്ഥലം എഴുതിത്ത്ത്ത്തരുന്ന സമയത്തും വാപ്പ ഇവിടെവന്ന് ബഹളംവെച്ചിരുന്നു. പകുതി സ്ഥലം വേണമെന്നാണ് അന്ന് ആവശ്യപ്പെട്ടിരുന്നത്. 14 സെന്റ് കൊടുക്കാമെന്ന് സമ്മതിച്ചു. അതുകൊടുക്കുകയും ചെയ്തു. അന്നും വാപ്പ ഹൈറേഞ്ചിൽ മറ്റൊരു സ്ത്രീയ്ക്കൊപ്പമാണ് താമസിച്ചിരുന്നത്.

ഞങ്ങളെ അവസാനിപ്പിക്കുക എന്നത് മാത്രമായിരുന്നു വാപ്പയുടെ ലക്ഷ്യം. വാപ്പയുടെ പേരിൽ ഇപ്പോഴും നാല് ലക്ഷം രൂപയോളം പണമായിട്ടുണ്ട്. അത് കൂടാതെ യാതൊരുവിധ ബാധ്യതകളുമില്ലാത്ത 65 സെന്റ് സ്ഥലവും ഉണ്ട്. സ്വത്തിന് വേണ്ടിയാണ് ഇത് ചെയ്തതെന്ന് പറയാൻ പറ്റില്ല. ഞങ്ങളെ തീർക്കുക എന്നതായിരുന്നു ഉദ്ദേശ്യം. ഇങ്ങനെ ചെയ്യുമെന്ന് ഒരിക്കലും ഭയപ്പെട്ടിരുന്നില്ല. പേടിപ്പിക്കാൻ വേണ്ടി ഓരോന്ന് പറയുമെങ്കിലും കേസുകൾ കൊടുത്തിരുന്നെങ്കിലും ഇങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചതേയില്ല. ഫൈസൽ പുതിയ വീട്ടിലേക്ക് മാറുമ്പോൾ നിലവിലുള്ള സ്ഥലം വാപ്പയ്ക്ക് കിട്ടും. കാടുപിടിച്ച് കിടക്കുന്ന 45 സെന്റ് സ്ഥലവും വീടിരിക്കുന്ന പത്ത് സെന്റ് വസ്തുവുമാണുണ്ടായിരുന്നത്. അതിൽനിന്നുള്ള ആദായം മരണംവരെ വാപ്പയ്ക്കുള്ളതാണ്.

മൂന്നുനേരം മീനും ഇറച്ചിയും വേണം

മൂന്നുനേരം മീനും ഇറച്ചിയുമടങ്ങുന്ന ഭക്ഷണം നൽകുന്നില്ലെന്ന് കുറ്റപ്പെടുത്തി ഹമീദ് എന്നും വഴക്കിടുമായിരുന്നു. സ്ഥലം തിരികെ നൽകിയില്ലെങ്കിൽ പെട്രോളൊഴിച്ച് തീവച്ച് കൊലപ്പെടുത്തുമെന്ന് ഹമീദ് ഭീഷണിപ്പെടുത്തിയതായി ഫൈസൽ ഫെബ്രുവരി 25ന് കരിമണ്ണൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതിനുശേഷം ഫൈസലും ഭാര്യയും രണ്ട് മക്കളും ഒരു മുറിയിലായി ഉറക്കം. ഇത് കൂട്ടക്കൊല എളുപ്പമാക്കി. മരണം ഉറപ്പാക്കിയ വൈരാഗ്യ ബുദ്ധിയായിരുന്നു പൊലീസിനോട് സംഭവം വിവരിക്കുമ്പോഴും ഹമീദിന്റെ മുഖത്ത്. സ്വത്ത് നൽകിയിട്ടും മകൻ നോക്കാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ഹമീദ് നൽകിയ മൊഴി.

'എല്ലാദിവസവും മീനും ഇറച്ചിയും വേണമെന്ന് പറയാറുണ്ടായിരുന്നു. ഒരിക്കൽ ഉമ്മയുടെ കൂടെ ഹജ്ജിന് പോകാനായി ഒരുവർഷത്തോളം വാപ്പയെ എന്റെ വീട്ടിൽ താമസിപ്പിച്ചിരുന്നു. അന്ന് ഉമ്മയുടെ ചില രേഖകൾ ശരിയാകാത്തതിനാൽ ഹജ്ജ് യാത്ര നടന്നില്ല. അതോടെ വീണ്ടും വാപ്പ വീട്ടിൽ നിന്ന് തിരിച്ചുപോയി. പിന്നീട് ഉമ്മയ്ക്ക് സ്ട്രോക്ക് വന്നു. ആ സമയത്ത് ഒപ്പം താമസിച്ചിരുന്ന സ്ത്രീ വാപ്പയെ ഇറക്കിവിട്ടു. അത് കഴിഞ്ഞ് ഒറ്റയ്ക്കായിരുന്നു താമസം.

അവിടെനിന്ന് ഞാൻ വിളിച്ചുകൊണ്ടുവന്ന് എട്ടുമാസം എന്റെ കൂടെ താമസിപ്പിച്ചു. ഇതിനിടെ തൃപ്പുണിത്തുറ ആയുർവേദ കോളേജിൽ ചികിത്സയ്ക്ക് പോയപ്പോൾ അവിടെയുണ്ടായിരുന്ന സ്ത്രീയുമായി വാപ്പ ബന്ധം സ്ഥാപിച്ചു. ആ ബന്ധത്തെ ഉമ്മ എതിർത്തപ്പോൾ ഉമ്മയെ അടിച്ചു. ഉമ്മയുടെ ദേഹത്ത് തൊട്ടപ്പോൾ അതിനെ ഞാനും എതിർത്തു. ഇനി ഈ പരിപാടി പറ്റില്ലെന്നും ഉമ്മയെ മർദിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും പറഞ്ഞു. അങ്ങനെയാണെങ്കിൽ വാപ്പ എന്റെ വീട്ടിൽ നിന്ന് മാറണമെന്നും ആവശ്യപ്പെട്ടു. അതോടെ വീണ്ടും ഇവിടെനിന്ന് പോയി കൊളപ്പാറ എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിച്ചു. അതിനുശേഷം ഒരു വക്കീലിനെ വാപ്പ കണ്ടിരുന്നു. സ്വന്തം പേരിൽ സ്ഥലമുണ്ടല്ലോ, നിങ്ങളുടെ വീട്ടിൽ പോയി കിടന്നൂടെ എന്ന് അദ്ദേഹം ചോദിച്ചപ്പോഴാണ് വാപ്പ ചീനിക്കുഴിയിലെ വീട്ടിൽ താമസം ആരംഭിച്ചത്'- ഷാജി പറഞ്ഞു.

കസ്റ്റഡിയിൽ ഇരിക്കുമ്പോഴും പ്രതി ഹമീദ് രാവിലെയും ഉച്ചയ്ക്കും വയറുനിറച്ചു ഭക്ഷണം കഴിച്ചു.മട്ടനും മീനും അടങ്ങിയ ഭക്ഷണം വേണമെന്നായിരുന്നു ഡിമാൻഡ്. നല്ല ഭക്ഷണം കിട്ടുന്നില്ലെന്നു പറഞ്ഞ് വീട്ടിൽ ഹമീദ് വഴക്കുണ്ടാക്കിയിരുന്നതായി നാട്ടുകാർ പൊലീസിനോടു പറഞ്ഞു. 'ജയിലിൽ പോലും ആഴ്ചയിലൊരിക്കൽ മട്ടൻ വിളമ്പും, അതുപോലും വാങ്ങിത്തരാറില്ല' എന്നു കഴിഞ്ഞദിവസം ഹമീദ് പറഞ്ഞിരുന്നതായി പരിസരത്തുള്ളവർ വെളിപ്പെടുത്തി.

മകനെയും കുടുംബത്തെയും മുറിയിൽ പൂട്ടിയിട്ടാണ് ഹമീദ് കൂട്ടക്കുരുതി നടത്തിയത്. ഇടുക്കി ചീനിക്കുഴി മുഹമ്മദ് ഫൈസൽ (ഷിബു45), ഭാര്യ ഷീബ (40), മക്കളായ മെഹ്‌റിൻ (16), അസ്‌ന (13) എന്നിവരാണു മരിച്ചത്. ഫൈസലിന്റെ പിതാവ് ആലിയക്കുന്നേൽ ഹമീദ് മക്കാറിനെ (79) പൊലീസ് അറസ്റ്റ് ചെയ്തു