തിരുവനന്തപുരം: വിദേശ മദ്യം പിടിച്ചതിന് പിന്നാലെ എക്‌സൈസ് നടത്തിയ അന്വേഷണം ചെന്നെത്തിയത് ബിവറേജസ് കോർപറേഷനിലെ വെയർ ഹൗസിൽ നടന്ന മോഷണത്തിലേക്ക്. കഴിഞ്ഞ ലോക്ക് ഡൗണിലും മോഷണം നടന്ന ആറ്റിങ്ങലിലെ ബിവറേജസ് കോർപ്പറേഷൻ വെയർഹൗസിൽ നിന്ന് ഇക്കുറിയും മദ്യകുപ്പികൾ മോഷണം പോയി. 101 കെയ്‌സുകളിൽ സൂക്ഷിച്ചിരുന്ന മദ്യം ആണ് നഷ്ടപ്പെട്ടത്.

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ആറ്റിങ്ങലിലും സമീപ പ്രദേശങ്ങളിലും വ്യാജ മദ്യം സുലഭമായി ലഭിക്കുന്നതായി എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വർക്കലയിൽ നിന്ന് കാറിൽ കടത്താൻ ശ്രമിച്ച 54 ലിറ്റർ വിദേശ മദ്യം രണ്ടു ദിവസം മുൻപ് പിടികൂടി. തുടർന്നാണ് വെയർ ഹൗസിൽ നിന്ന് മദ്യം മോഷണം പോയ വിവരം അറിയുന്നത്.

ഗോഡൗൺ പരിശോധിക്കുന്നതിനായി വെയർഹൗസ് മാനേജരെ വിളിച്ചു വരുത്തി നടത്തിയ അന്വേഷണത്തിലാണ് മോഷണം നടന്നത് ഉറപ്പിച്ചത്. മെയ് 9ന് വെളുപ്പിന് 1 മണിയോടെ മോഷണം നടന്നതായാണ് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. വെയർ ഹൗസിന് പിന്നിലെ കെട്ടിടത്തിലെ ഷീറ്റ് ഇളക്കി മോഷ്ടാക്കൾ ഉള്ളിൽ കടന്നതായാണ് പ്രാഥമിക നിഗമനം.

കൂടാതെ ഇത്രയും കെയ്സ് മദ്യം കാണാതെ പോയതിനാൽ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ചു ഗോഡൗൺ തുറന്നോ എന്നതും അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ലോക്ക് ഡൗണിൽ ഇവിടെ നിന്നും 40 കെയ്‌സ് മദ്യമാണ് കാണാതായത്