അടൂർ: ഒരു മോഷണം നടത്തി കൃത്യം 10 വർഷം കഴിഞ്ഞപ്പോൾ മോഷ്ടാവ് കുടുങ്ങി. ഇത്രയും കാലമായ സ്ഥിതിക്ക് തന്നെ തേടി ആരും വരില്ലെന്ന് കരുതിയിരുന്ന മോഷ്ടാവിന് മുന്നിലേക്കാണ് കഴിഞ്ഞ ദിവസം പൊലീസ് എത്തിയത്. അവർ തേടിയ മോഷണക്കേസിൽ ഇയാൾ പ്രതിയല്ലായിരുന്നു. പക്ഷേ, പത്തു വർഷം മുമ്പത്തെ പള്ളി മോഷണക്കേസിൽ ഇയാൾ അകത്തായി. മോഷ്ടാവും പൊലീസും മറന്നിരുന്ന മോഷണക്കേസിൽ അപ്രതീക്ഷിത ട്വിസ്റ്റ് സമ്മാനിച്ചത് പാറശാല പൊലീസാണ്.

അടൂർ ആനന്ദപ്പള്ളി സെന്റ് കുറിയാക്കോസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ 10 വർഷം മുമ്പ് മോഷണം നടത്തിയ കേസിലെ പ്രതിയാണ് പാറശാല പൊലീസ് നടത്തിയ വിരലടയാള പരിശോധനയിൽ കുടുങ്ങിയത്. തിരുവനന്തപുരം ചെങ്കൽ അരയൂർ വടവൂർക്കോണം എം.എസ് ഭവനിൽ നിന്ന് അയിര കാരോട് ചൂരക്കുഴി കിഴക്കേക്കര വീട്ടിൽ താമസിക്കുന്ന സാൻ ജോസ്(39) ആണ് പിടിയിലായത്.

മറ്റൊരു മോഷണക്കേസുമായി ബന്ധപ്പെട്ടാണ് ഇയാളെ പാറശാല പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വിരലടയാളം പരിശോധിക്കുമ്പോഴാണ് ആനന്ദപ്പള്ളിയിൽ മോഷണ സ്ഥലത്ത് നിന്ന് കിട്ടിയ വിരലടയാളവുമായി ചേർന്ന കണ്ടെത്തിയത്. തുടർന്ന് അടൂർ പൊലീസിന് കൈമാറി.

2011 എപ്രിൽ 24 ന് രാത്രിയാണ് ആനന്ദപ്പള്ളി ഓർത്തേഡോക്സ് പള്ളിയിൽ ഇയാൾ മോഷണം നടത്തിയത്. പള്ളിയുടെ മധ്യഭാഗത്തെ രണ്ടു വഞ്ചികളും തിരുശേഷിപ്പ് സൂക്ഷിച്ചിരുന്ന പേടകവും അതിനോടൊപ്പം സൂക്ഷിച്ചിരുന്ന വഞ്ചിയും കുത്തി തുറന്ന് അവയിലുണ്ടായിരുന്ന നാണയങ്ങളും കറൻസികളും അടക്കം 75,000 രൂപ അപഹരിച്ചു. പള്ളിയുടെ തെക്കുഭാഗത്തായി അൾത്താരയിൽ പൂട്ടി സുക്ഷിച്ചിരുന്ന 75,000 രൂപ വില വരുന്ന ഓർഗൺ, മൈക്രോഫോൺ എന്നിവയാണ് ഇയാൾ മോഷ്ടിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.