മാവേലിക്കര: അസമിലെ ഹൊജയ് ജില്ലയിൽ കോവിഡ് രോഗി മരിച്ചതിന് യുവ ഡോക്ടർക്ക് നേരെ ആൾക്കൂട്ടം നടത്തിയ ആക്രമണത്തിന്റെ വീഡിയോ കണ്ടവരെല്ലാം തലയിൽ കൈവെക്കുകയാണ്. അത്രയ്ക്ക് ക്രൂരമായിട്ടായിരുന്നു യുവ ഡോക്ടറെ രോഗിയുടെ ബന്ധുക്കൾ മർദ്ദിച്ചത്. പാത്രവും ചൂലും ഉപയോഗിച്ചുള്ള ഈ മർദ്ദനം ദൃശ്യങ്ങൾ പ്രചരിച്ചതോടെ രാജ്യ വ്യാപകമായി പ്രതിഷേധവും കനത്തു.

തുടർന്ന് യുവ ഡോക്ടറായ സ്വേജ് കുമാർ സോനാപതിയെ ജനക്കൂട്ടം മർദ്ദിക്കുകയായിരുന്നു. മരിച്ചയാളുടെ കുടുബാംഗങ്ങൾ ഉൾപ്പടെയുള്ളവർ ഡോക്ടറെ ചവിട്ടുകയും ഇടിക്കുകയും ചെയ്തു. ചൂലും പാത്രങ്ങളും ഉപയോഗിച്ചും ഇവർ ഡോക്ടറെ ആക്രമിച്ചു. സംഭവത്തിൽ 24 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇത്തരം ക്രൂരമായ നടപടികൾ സ്വീകരിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഉറപ്പ് നൽകിയെങ്കിലും കനത്ത പ്രതിഷേധമാണ് രാജ്യമെങ്ങും ഉണ്ടാകുന്നത്.

അസം സംഭവത്തിൽ പ്രതിഷേധിച്ച് കേരളത്തിലെയും ഡോക്ടർമാർ രംഗത്തുവരികയുണ്ടായി. എന്നാൽ, കേരളത്തിലും സമാനമായ സംഭവങ്ങൾ അടുത്തിടെ ഉണ്ടായിരുന്നു. തിരുവല്ല ജില്ല ആശുപത്രിയിൽ ഡ്യൂട്ടി ഡോക്ടറെ മർദ്ദിച്ച സംഭവം ഡോക്ടർമാരുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ യുവാവ് മർദിച്ച സംഭവം നടന്നു 19 ദിവസം പിന്നിട്ടു കഴിഞ്ഞു. എന്നിട്ടും കുറ്റക്കാരെ അറസ്റ്റുചെയതിട്ടില്ല. ഈ സംഭവത്തിൽ കഴിഞ്ഞ ദിവസം ഡോക്ടർമാർ കറുത്ത ബാഡ്ജ് ധരിച്ചാണ് പ്രതിഷേധിച്ചത്. കേരള ഗവ. മെഡിക്കൽ ഓഫിസേഴ്‌സ് അസോസിയേഷൻ (കെജിഎംഒഎ) ജില്ല കമ്മിറ്റിയുടെ ആഹ്വാന പ്രകാരമായിരുന്നു പ്രതിഷേധം. മാവേലിക്കര ജില്ല ആശുപത്രിയിലെ എല്ലാ ആരോഗ്യപ്രവർത്തകരും കറുത്ത ബാഡ്ജ് ധരിച്ചാണു ജോലിക്കെത്തിയത്.

സംഭവത്തിനു പിന്നിലുള്ളവരെ ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ കോവിഡ് സേവനങ്ങൾ നിർത്തിവെച്ചുള്ള പ്രതിഷേധത്തിലേക്ക് നീങ്ങേണ്ടി വരുമെന്നാണ് കേരളത്തിലെ ഡോക്ടർമാർ പറയുന്നത്. കോവിഡ് സ്ഥിരീകരിച്ചു വീട്ടിൽ കഴിയവേ ബുദ്ധിമുട്ട് അനുഭവപ്പെട്ടു ജില്ല ആശുപത്രിയിലെത്തിച്ച ഉമ്പർനാട് അഭിലാഷ് ഭവനം ലാലി (56) കഴിഞ്ഞ മാസം 14ന് ആണ് മരിച്ചത്. ലാലിയെ കാറിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സ വൈകിയെന്നാണു ബന്ധുക്കളുടെ പരാതി.

അമ്മ മരിച്ചതറിഞ്ഞെത്തിയ, ലാലിയുടെ മകനും സിവിൽ പൊലീസ് ഓഫിസറുമായ അഭിലാഷ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. രാഹുൽ മാത്യുവുമായി തർക്കമുണ്ടായി ഡോക്ടറെ കയ്യേറ്റം ചെയ്‌തെന്നാണ് അസോസിയേഷൻ ആക്ഷേപം. ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും നേരെ അതിക്രമം കൂടുന്ന സാഹചര്യത്തിൽ സർക്കാർ ആശുപത്രികളിൽ ജനപ്രതിനിധികളെയും മറ്റും ഉൾപ്പെടുത്തി ആശുപത്രിതലത്തിൽ ജാഗ്രതാ സമിതികൾ രൂപീകരിക്കണമെന്നു കേരള ഗവ. മെഡിക്കൽ ഓഫിസേഴ്‌സ് അസോസിയേഷൻ (കെജിഎംഒഎ) സംസ്ഥാന എത്തിക്‌സ് കമ്മിറ്റി ചെയർമാൻ ഡോ. സാബു സുഗതൻ ആവശ്യപ്പെട്ടുട്ടുണ്ട്.

ഒന്നര വർഷമായി രാപകൽ ഭേദമില്ലാതെ കോവിഡിന് എതിരെയുള്ള പോരാട്ടത്തിൽ, മുഖ്യധാരയിൽ സേവനം അനുഷ്ഠിക്കുന്ന ആരോഗ്യ പ്രവർത്തകർക്കു നേരേയുണ്ടായ അതിക്രമങ്ങൾക്കെതിരെ പൊതു സമൂഹം പ്രതികരിക്കണം. കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുന്നതു വൈകുന്നത് ആരോഗ്യ പ്രവർത്തകരുടെ ആത്മവിശ്വാസം തകർക്കും. ജില്ലയിലെ പ്രധാന ആശുപത്രികളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് എയ്ഡ് പോസ്റ്റ് ക്രമീകരിക്കണമെന്നും ആവശ്യപ്പെട്ടു.