തിരുവനന്തപുരം: തലസ്ഥാനം പിടിച്ചാൽ ഭരണം ഉറപ്പ് എന്ന പൊതുവിശ്വാസത്തിന് അനുസരിച്ച് സ്ഥാനാർത്ഥി നിർണയം നടത്താനൊരുങ്ങി കോൺഗ്രസ്. തിരുവനന്തപുരം ജില്ലയിലെ 14 സീറ്റുകളിലെയും സ്ഥാനാർത്ഥികളെ സംബന്ധിച്ച് തീരുമാനം ആയിട്ടില്ലെങ്കിലും പുറത്താകുന്നവർ ആരൊക്കെയെന്ന കാര്യത്തിൽ നേതൃത്വം ധാരണയിലെത്തിയിട്ടുണ്ട്. പരമാവധി വിജയസാധ്യതയുള്ള പുതുമുഖങ്ങളെ നിർത്താനാണ് തീരുമാനം. മുതിർന്ന നേതാക്കളുടെ മോഹത്തെ തകർക്കുന്ന തരത്തിലാകും തീരുമാനം.

നേമത്ത് കോൺഗ്രസ് സസ്‌പെൻസ് തുടരുകയാണ്. അയാൾ വരുന്നു എന്ന പേരിൽ സോഷ്യൽ മിഡിയയിൽ കാംപെയിൻ തുടങ്ങി. ഉമ്മൻ ചാണ്ടിയെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ നേതൃത്വം തുടരുന്നുണ്ട്. എന്നാൽ പുതുപ്പള്ളി വിടില്ലെന്ന ഉമ്മൻ ചാണ്ടിയുടെ പ്രഖ്യാപനം വെട്ടിലാക്കിയിട്ടുണ്ട്. അതിശക്തനെ നേമത്ത് നിർത്തണമെന്ന ചർച്ച ഇപ്പോഴും സജീവമാണ്. ഉമ്മൻ ചാണ്ടിക്ക് അപ്പുറം വിജയസാധ്യതയുള്ള ഒരു പേരും നേമത്തേക്ക് കോൺഗ്രസിന് മുമ്പിൽ വയ്ക്കാനില്ല.

വട്ടിയൂർകാവിൽ ഒരു മികച്ച സ്ഥാനാർത്ഥിയെ നിർത്താനാണ് നീക്കം. ശബരിമല പ്രചരണ വിഷയമായതോടെ തിരുവനന്തപുരത്ത് 'യു ഡി എഫ് പ്രതീക്ഷ വെയ്ക്കുന്നുവെന്നതാണ് വസ്തുത. അതു കൊണ്ട് തന്നെ കഴക്കൂട്ടത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രനെ പോലും തോൽ്പ്പിക്കാമെന്ന വിലയിരുത്തലുമുണ്ട്. യു.ഡി.എഫ് കൺവീനർ എം.എം ഹസൻ, പാലോട് രവി, വർക്കല കഹാർ, എം.എ വാഹിദ്, തമ്പാനൂർ രവി, എ.ടി ജോർജ്, എൻ. ശക്തൻ, ടി. ശരത്ചന്ദ്ര പ്രസാദ് എന്നിവർക്ക് ഇത്തവണ സീറ്റ് നൽകില്ല. വി എസ് ശിവകുമാർ തിരുവനന്തപുരം സീറ്റിന് അവകാശവാദം ഉന്നയിച്ച് നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്.

എന്നാൽ ശിവകുമാറിന് സീറ്റ് നൽകിയാൽ അത് നേമം ആയിരിക്കും. ഉദ്യോഗതലത്തിൽ ഉണ്ടായിരുന്ന ഒരു പ്രമുഖനെ തിരുവനന്തപുരത്ത് രംഗത്തിറക്കാനാണ് ആലോചന. ഇതിലുള്ള ചർച്ചകൾ കോൺഗ്രസ് ഹൈക്കമാണ്ട് തലത്തിൽ സജീവമാണ്. തിരുവനന്തപുരത്ത് മത്സരിക്കാൻ ജിജി തോംസൺ അടക്കമുള്ളവർ തയ്യാറാകും. വേണു രാജാമണിക്കും വട്ടിയൂർക്കാവിനേക്കാൾ തിരുവനന്തപുരത്ത് മത്സരിക്കാനാണ് താൽപ്പര്യം. ഇതെല്ലാം കോൺഗ്രസ് ഗൗരവത്തോടെ പരിഗണിക്കും.

വർക്കലയിൽ ലത്തീഫ്, ബി ആർ.എം ഷഫീർ എന്നിവരേയും പരിഗണിക്കുന്നു. നാടാർ സംവരണത്തിലെ തട്ടിപ്പ് തുറന്നുകാട്ടാൻ സെൽവരാജും രംഗത്തുണ്ട്. ഇതിനൊപ്പം വിനോദ് സെൻ എന്ന യുവ നേതാവിനേയും പരിഗണിക്കുന്നു. ആൻസലൻ എന്ന സിപിഎം എംഎൽഎയ്‌ക്കെതിരെ വിനേദ് സെൻ മികച്ച സ്ഥാനാർത്ഥിയാണെന്ന വിലയിരുത്തൽ സജീവമാണ്. നെയ്യാറ്റിൻകര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നേതാവാണ് വിനോദ് സെൻ. സിപിഎമ്മിൽ നിന്ന് കോൺഗ്രസിലെത്തിയ പരിഗണന സെൽവരാജിനും സാധ്യതയായി മാറും.

വട്ടിയൂർക്കാവിൽ മുതിർന്ന നേതാവ് വി എം സുധീരന്റെ പേരാണ് പരിഗണനയിലുള്ളത്. എന്നാൽ മത്സരിക്കാനില്ലെന്ന നിലപാടിലാണ് സുധീരൻ. കക്ഷിരാഷ്ട്രീയത്തിന് അതീതമായി ജനസ്വാധീനമുള്ള നേതാവ് എന്ന നിലയിൽ സുധീരനെ രംഗത്തിറക്കി വട്ടിയൂർക്കാവ് തിരിച്ചുപിടിക്കണമെന്ന ആവശ്യം ഒരുവിഭാഗം നേതാക്കൾക്കുണ്ട്. കഴക്കൂട്ടത്ത് ഡോ.എസ്.എസ് ലാൽ സ്ഥാനാർത്ഥിയാകുമെന്ന് ഏറെക്കുറേ ഉറപ്പായിട്ടുണ്ട്. സീറ്റ് നൽകില്ലെന്ന് തീരുമാനിച്ചിട്ടുള്ള നേതാക്കളിൽ അൽപമെങ്കിലും സാധ്യത കൽപിക്കുന്നത് മുൻ സ്പീക്കർ കൂടിയായ എൻ. ശക്തനാണ്. കാട്ടാക്കടയിൽ യോഗ്യനായ മറ്റൊരാളെ കണ്ടെത്താനായില്ലെങ്കിൽ ശക്തന് വീണ്ടും അവസരം ലഭിച്ചേക്കും.

അതേസയമം വർക്കല, വാമനാപുരം, ആറ്റിങ്ങൽ, ചിറയിൻകീഴ്, പാറശാല, നെടുമങ്ങാട് മണ്ഡലങ്ങളിൽ പുതുമുഖങ്ങളെ പരീക്ഷിക്കാനാണ് കോൺഗ്രസ് തീരുമാനം. കോവളത്ത് എം. വിൻസന്റ് തന്നെ മത്സരിക്കും. അരുവിക്കരയിൽ കെ.എസ് ശബരീനാഥനും വീണ്ടും അങ്കത്തിനിറങ്ങും. ജില്ലയിൽ വൻഭൂരിപക്ഷത്തിൽ സിപിഎം വിജയിക്കുന്ന ആറ്റിങ്ങലിലും ഇത്തവണ ഒരു തുറുപ്പുചീട്ട് കരുതിയിട്ടുണ്ടെന്നാണ് സൂചന. ചിറയിൻകീഴിലും മികച്ച യുഡിഎഫ് സ്ഥാനാർത്ഥിയുണ്ടാകും.

സാമുദായിക ഘടകങ്ങൾ തിരുവനന്തപുരത്ത് നിർണ്ണായകമാണ്. ഇതെല്ലാം കോൺഗ്രസ് പരിഗണിക്കും. പകുതിയിൽ അധികം സീറ്റുകൾ ജയിക്കുകയാണ് ലക്ഷ്യം. നിലവിൽ കോവളത്തും തിരുവനന്തപുരത്തും അരുവിക്കരയിലും മാത്രമാണ് കോൺഗ്രസിന് എംഎൽഎമാരുള്ളത്. നെടുമങ്ങാട്, നെയ്യാറ്റിൻകര, പാറശ്ശാല, കഴക്കൂട്ടം, വർക്കല തുടങ്ങിയ മണ്ഡലങ്ങൾ എങ്ങനേയും ജയിക്കാനാണ് കോൺഗ്രസ് തന്ത്രങ്ങൾ ഒരുക്കുന്നത്. ബിജെപിയുടെ വളർച്ചയെ ചെറുക്കാനും ബോധപൂർവ്വമായ ഇടപെടൽ ഉണ്ടാകും.