തിരുവനന്തപുരം: ദാമ്പത്യ പ്രശ്‌നങ്ങൾ തീർക്കാൻ ഏതുവഴിയും സ്വീകരിക്കുന്ന ദമ്പതിമാരുടെ കഥകൾ കേരളത്തിൽ നിന്നും നിരവധി തവണ പുറത്തുവന്നിരുന്നു. ക്വട്ടേഷൻ കൊടുത്തു പരിഹാരം കാണുന്ന വിധത്തിലേക്ക് കാര്യങ്ങൾ മാറുന്ന സംഭവങ്ങൾ നിരവധിയാണ്. കൂടാതെ കുഞ്ഞുങ്ങളെ കരുവാക്കി വാശി തീർക്കുന്നവരെ കുറിച്ചുള്ള വാർത്തകളും കേരളത്തിൽ നിന്നും പുറത്തുവന്നിട്ടുണ്ട്. തിരുവനന്തപുരം കടയ്ക്കാവൂരിൽ സ്വന്തം മകനെ മാതാവ് പീഡിപ്പിച്ചെന്ന വാർത്തയുടെ വസ്തുതകൾ തേടുമ്പോഴും ഇത്തരമൊരു ദാമ്പത്യ പ്രശ്‌നത്തിലെ വാശി തീർക്കലാണോ എന്ന ആക്ഷേപം ശക്തമാകുകയാണ്. വിദേശത്തുള്ള ഭർത്താവ് മൊഴി ചൊല്ലിയ യുവതിയാണ് പോക്‌സോ കേസിൽ അറസ്റ്റിലായി അഴിക്കുള്ളിൽ കഴിയുന്നത്. രണ്ടാമത്തെ മകനെ യുവതി ലൈംഗികമായി ദുരുപയോഗം ചെയ്തു എന്നുള്ള പരാതിയിലാണ് മാതാവ് അറസ്റ്റിലായതും ജയിലിൽ അടയ്ക്കപ്പെട്ടതും.

ഈ വാർത്ത പുറത്തുവന്നപ്പോൾ വലിയ ഞെട്ടലാണ് കേരളത്തിൽ ഉണ്ടായത്. എന്നാൽ, പോക്‌സോ കേസ് എന്ന നിലയിൽ തീർത്തും അസ്വഭാവിക സംഭവം എന്ന നിലയിലാണ് ഇതേക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ മറുനാടൻ അന്വേഷിച്ചത്. ഏതെങ്കിലും ഒരു അമ്മയ്ക്ക് തന്റെ മകനോട് അങ്ങനെ പ്രവർത്തിക്കാൻ സാധിക്കുമോ എന്ന് തീർത്തും അവിശ്വസനീയ കാര്യം ആയതു കൊണ്ടാണ് അത്തരമൊരു പരിശോധനക്ക് മറുനാടൻ മുതിർന്നത്. എന്നാൽ, ഈ കേസുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങൾ കൂടി പരിശോധിച്ചപ്പോൾ വിഷയം ദാമ്പത്യ തർക്കത്തിലെ പ്രതികാരം തീർക്കലാണോ എന്ന സംശയം ശക്തമാക്കുന്നതായിട്ടുണ്ട്.

പരാതിയും അറസ്റ്റും

13 വയസുകാരനായ കുട്ടി ചൈൽഡ് ലൈനിൽ നല്കി മൊഴിയോടെയാണ് മാതാവ് അറസ്റ്റിലായത്. ഇതേക്കുറിച്ച് മലയാളം മാധ്യമങ്ങളിലെല്ലാം വാർത്തകൾ എത്തുകയും ചെയ്തു. ആ വാർത്തയുടെ സാരംശം ഇങ്ങനെയായിരുന്നു: കുറച്ചു നാളുകൾക്കു മുൻപ് പതിനേഴര വയസ്സുള്ള മൂത്ത മകൻ അമ്മയുടെ ഫോണിൽ നിന്ന് മോശമായി എന്തോ കണ്ടതായി വിദേശത്തുള്ള പിതാവിനെ അറിയിച്ചു. ഉടനെ അദ്ദേഹം നാട്ടിലെത്തി ചർച്ച നടത്തുകയും ഒടുവിൽ വിവാഹ മോചനത്തിലേക്ക് കാര്യങ്ങൾ പോകുകയും ചെയ്തു. തുടർന്ന് രണ്ടാമതും വിവാഹം കഴിച്ച പിതാവ് മക്കളെയും കൂട്ടി വിദേശത്തേക്ക് പോയി. അവിടെ വെച്ച് 13 വയസ്സുള്ള രണ്ടാമത്തെ കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പിതാവ് കാര്യങ്ങൾ അന്വേഷിച്ചപോഴാണ് മകൻ അമ്മയുടെ സ്വഭാവം പറയുന്നത്.

ആദ്യം പിതാവ് മകനെ ശകാരിച്ചെങ്കിലും മകൻ പറയുന്നതിൽ സത്യമുണ്ടെന്ന് മനസ്സിലാക്കിയ പിതാവ് മക്കളെയും കൂട്ടി നാട്ടിലെത്തി ചൈൽഡ് ലൈനിൽ പരാതി നൽകി. തുടർന്ന് 10 ദിവസത്തിലധികം കുട്ടിയെ കൗൺസിലിങ് നടത്തിയാണ് വിവരങ്ങൾ ശേഖരിച്ചത്. രാത്രി കാലങ്ങളിൽ കുട്ടിയോടെ അമ്മ മോശമായി പെരുമാറുന്നുണ്ടെന്നു വ്യക്തമായതിനെ തുടർന്ന് ചൈൽഡ് ലൈൻ പൊലീസിനെ അറിയിക്കുകയും പോക്സോ പ്രകാരം കേസെടുക്കുകയും ചെയ്തു. ഒരു ജിമ്മിൽ ജോലി നോക്കിയിരുന്ന മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. കേരളത്തിൽ തന്നെ ആദ്യമാണ് ഈ സംഭവം.

ആ മാതാവിന്റെ സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നത്

അവിശ്വസനീയമെന്ന് കരുതുന്ന ഈ വാർത്ത പുറത്തുവന്നപ്പോൾ മറുനാടൻ ആദ്യം പരിശോധിച്ചത് എന്നാണ് പരാതി വന്നത് എന്നതാണ്. മാതാവിന്റെ രണ്ടാമത്തെ മകനാണ് പരാതിക്കാരൻ. ഈ മകൻ ഒരു വർഷത്തോളമായി പിതാവിനൊപ്പം വിദേശത്താണ് താമസിച്ചു വരുന്നത്. ഈ ഒരു വർഷത്തെ കാലയളവിലെ താമസത്തിൽ മകനിൽ സ്വഭാവ വൈകല്യം കണ്ടതിനെ തുടർന്നാണ് ചൈൽഡ് ലൈനിൽ പിതാവ് പരാതി നൽകിയത്. മാതാവ് പീഡിപ്പിച്ചു എന്ന പരാതി നൽകിയത് കഴിഞ്ഞ മാസമാണ്. എന്തുകൊണ്ടാണ് പരാതി നൽകാൻ ഇത്രയും വൈകിയത് എന്ന ചോദ്യമാണ് ആദ്യം സംഭവത്തെ സംശയത്തിലാക്കിയത്.

ഇതിലെ അന്വേഷണം തുടരവേയാണ് അറസ്റ്റിലായ മാതാവിന്റെ സുഹൃത്തുക്കൾ മറുനാടനെ ബന്ധപ്പെട്ടത്. മാതാവ് തീർത്തും നിരപരാധിയാണെന്നും കുട്ടികളുടെ പിതാവ് ആദ്യ വിവാഹബന്ധം വേർപെടുത്താതെ തന്നെ മറ്റൊരു വിവാഹം കഴിച്ചെന്നും ഇതുമായി ബന്ധപ്പെട്ട തർക്കങ്ങൾ നിലനിൽക്കുന്നു എന്നുമാണ് ഇവർ പറഞ്ഞത്.

അവർ പറഞ്ഞത് ഇങ്ങനെയായിരുന്നു: ആ യുവതിയെ വലി തോതിലാണ് ഭർത്താവ് ഉപദ്രവിച്ചത്. നാല് മ്ക്കളാണ് ഈയുവതിക്ക് ഉണ്ടായിരുന്നത്. മൂത്ത് മകനുമായി ബന്ധപ്പെട്ട് ഒരു വിഷയം ഉണ്ടായത് ഭർത്താവിനെ അറിയിച്ചപ്പോഴാണ് മകൻ പകയുണ്ടായത്. രണ്ടാമത്തെ മകനാണ് പരാതി ഉന്നയിച്ചത്. മൂന്നാമത്തെ മകനാണ് യുവതിക്കൊപ്പം താമസിച്ചിരുന്നത്.

കുഞ്ഞുങ്ങളുടെ അവകാശതർക്കത്തിനിടെ മൂന്ന് കുഞ്ഞുങ്ങൾ ഭർത്താവിനൊപ്പമാണ് താമാസിക്കുന്നത്. ഈ വിവാഹ ബന്ധം നിലനിൽക്കേയാണ് ഭർത്താവ് മറ്റൊരു വിവാഹം കഴിഞ്ഞത്. ഈ ബന്ധത്തിൽ മൂന്ന് കുട്ടികളുണ്ട് താനും. ആറ് കുഞ്ഞുങ്ങളും ഭർത്താവിന്റെ കസ്റ്റഡിയിലാണ് കഴിയുന്നത. 11 വയസുള്ള കുഞ്ഞ് മാത്രമാണ് മാതാവിനൊപ്പം താമസിച്ചു പോന്നത്്.

യുവതിക്കെതിരെ പരാതി ലഭിച്ചതോടെ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ കയറിയാണ് പൊലീസ് അറസ്റ്റു ചെയ്തത്. ആ പൊലീസിനൊപ്പം ഭർത്താവും വണ്ടിയുമായി പിന്നാലെ ഉണ്ടായിരുന്നു. പൊലീസിന്റെ ഈ ചെയ്ത്തി സംശയത്തിലാക്കുന്നതായും ഒരു സുഹൃത്ത് മറുനാടനോട് പറഞ്ഞു.

രണ്ടാമത്തെ ഭാര്യയും ആദ്യ മകനും പിന്നാലെ ഉണ്ടായിരുന്നതായും ഇവർ വ്യക്തമാക്കി. അതിന് ശേഷം ഓരോത്തരെ വിളിച്ചു സമ്മർദ്ദം ചെലുത്തുന്നു. മാതാവിനൊപ്പമുള്ള കുഞ്ഞിനെയും കൊണ്ടുപോകാനാണ് ശ്രമം നടത്തുന്നത്. കുഞ്ഞിന്റെ പരാതിയെ മുൻകൈയെടുത്ത് മനുഷ്യാവകാശ കമ്മീഷനും ഇടപെട്ടിരുന്നു. എന്നാൽ, പോക്‌സോ ആരോപണം കൂടി ആയതോടെ ആരും സത്യാവസ്ഥ പോലും അന്വേഷിക്കാതെ കുറ്റപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. ആരും സഹായിക്കാനും ഇല്ലാത്ത അവസ്ഥയാണെന്നും സുഹൃത്തുക്കൾ പറയുന്നു. മകൻ ഉന്നയിച്ച ആരോപണത്തിൽ ആകെ തർന്നരിക്കയാണ് യുവതിയെന്നും ആത്മഹത്യയുടെ വക്കിലാണെന്നുമാണ് സുഹൃത്തുക്കൾ മറുനാടനോട് പറഞ്ഞത്.

ദാമ്പത്യ ബന്ധത്തിലെ വാശി തീർക്കാനാണ് മാതാവിനെതിരെ ഇത്രയും നീചമായ പരാതി മകനെ കൊണ്ട് ഉന്നയിപ്പിച്ചതെന്നാണ് ഇവരുടെ പക്ഷം. മറുഭാഗം കൂടി കേൾക്കാൻ നിയമവും പൊലീസ് സംവിധാനങ്ങളും തയ്യാറാകണമെന്നും സുഹൃത്തുക്കൾ പറയുന്നു. യുവതിക്ക് മതിയായ നിയമസഹായം ലഭ്യമാക്കാനുള്ള ഇടപെടൽ വേണമെന്നുമാണ് സുഹൃത്തുക്കളുടെ ആവശ്യം. അല്ലാത്ത പക്ഷം ആ മാതാവ് ജീവനൊടക്കുന്നത് കാണേണ്ടി വരുമെന്നും ഇവർ പറയുന്നു.