കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ നവീകരണ പ്രവർത്തികൾ നടക്കുന്നതിനാൽ ചുരത്തിൽ വിവിധയിടങ്ങളിൽ രൂക്ഷമായ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. ചുരത്തിൽ ഏഴാം വളവിന് താഴെ അടക്കം വിവിധ ഭാഗങ്ങളിൽ റീ ടാറിങ് പ്രവൃത്തി പുരോഗമിക്കുകയാണ്. ചിലയിടങ്ങളിൽ പാതയുടെ വീതി വർദ്ധിപ്പിക്കുന്ന പ്രവർത്തികളും നടക്കുന്നുണ്ട്.

ഈ സാഹചര്യത്തിൽ വാഹനങ്ങൾ നിയന്ത്രണങ്ങളോടെ ഒറ്റവരിയായാണ് കടത്തി വിടുന്നത്. ഇതിനാൽ തന്നെ ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭപ്പെടുന്നത്. മണിക്കൂറുകൾ കാത്തുനിന്നാണ് വാഹനങ്ങൾ കടന്നുപോകുന്നത്. ഒഴിവു ദിവസമായതിനാൽ തന്നെ ഇന്ന് വയനാട്ടിലേക്ക് വിനോദസഞ്ചാരത്തിന് പോകുന്ന നിരവധി വാഹനങ്ങളാണ് ചുരത്തിൽ മണിക്കൂറുകളോളം കുടുങ്ങിക്കിടന്നത്. വാഹനങ്ങളുടെ നിര കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്നുണ്ടായിരുന്നു.

നാളെ അടിവാരത്ത് നിന്നും മുകൾ ഭാഗത്തേക്കാണ് ടാറിംങ്ങ് നടക്കുക, അതിനാൽ തന്നെ ദീർഘദൂര യാത്രക്കാരും, അത്യാവശ്യ യാത്രക്കാരും ബദൽ പാതകൾ ഉപയോഗപ്പെടുത്തുകയോ, സമയനഷ്ടത്തെ കുറിച്ച് മുൻകൂട്ടി ധാരണയുണ്ടാവുകയോ വേണമെന്ന് അധികൃതർ അറിയിച്ചു. കാറുകൾ അടക്കമുള്ള ചില വാഹന ഡ്രൈവർമാർ നിയന്ത്രണം പാലിക്കാൻ തയ്യാറാവാതെ റോഡിലൂടെ കയറി വരുന്നത് കൂടുതൽ ഗതാഗത തടസ്സം സൃഷ്ടിക്കുന്നുണ്ട്.

ചുരത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാലിക്കാൻ എല്ലാവരും തയ്യാറാവണമെന്ന് പൊലീസും ,ചുരം സംരക്ഷണ സമിതിയും,സന്നദ്ധ പ്രവർത്തകരും ആവശ്യപ്പെട്ടു.