തൊടുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 13 വർഷം കഠിന തടവും 70,000 രൂപ പിഴയും. അടിമാലി മന്നാംകണ്ടം പടിക്കപ്പ് അത്തിതോട്ടത്തിൽ സജി പൗലോസിനെയാണ് (43 ) തൊടുപുഴ പോക്‌സോ കോടതി സ്‌പെഷ്യൽ ജഡ്ജി നിക്‌സൺ എം ജോസഫ് ശിക്ഷിച്ചത്. 2014 ജനുവരി 21 നായിരുന്നു കേസിനാസ്പദമായ സംഭവം. മാതാപിതാക്കൾ നഷ്ടപ്പെട്ട പെൺകുട്ടിയെ പ്രതി ലൈംഗിക പീഡനത്തിനും ലൈംഗികാതിക്രമത്തിനും ഇരയാക്കുകയായിരുന്നു.

പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിന് പോക്സോ നാലാം വകുപ്പ് പ്രകാരം പത്തു വർഷം കഠിനതടവും 50,000 രൂപയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ രണ്ടുമാസം തടവും അധികമായി അനുഭവിക്കണം. ലൈംഗികാതിക്രമത്തിന് മൂന്നുവർഷം കഠിനതടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കിൽ ഒരു മാസം അധികതടവും അനുഭവിക്കണം. പെൺകുട്ടിയോട് മര്യാദാ ലംഘനത്തിന് ഒരു വർഷം കഠിനതടവും 5,000 രൂപ പിഴയും ശിക്ഷ അനുഭവിക്കണം.

പട്ടികജാതി/പട്ടിക വർഗ്ഗ അതിക്രമം തടയൽ നിയമ പ്രകാരം പ്രതിക്ക് ആറ് മാസം കഠിന തടവും 5,000 രൂപ പിഴയും വേറെയുമുണ്ട്. ലൈംഗിക അതിക്രമത്തിനും ലൈംഗിക പീഡനത്തിനുമുള്ള ശിക്ഷ പ്രതി പ്രത്യേകമായി അനുഭവിക്കണം. മാതാപിതാക്കൾ നഷ്ടപ്പെട്ട പെൺകുട്ടിക്ക് നഷ്ടപരിഹാരമായി 2 ലക്ഷം രൂപ നൽകാനും കോടതി ഉത്തരവായി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.വി. വാഹിദ ഹാജരായി.