ആലപ്പുഴ/ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയ ചർച്ചകളിലേക്ക് കടക്കുമ്പോൾ മൂന്ന് മന്ത്രിമാർക്ക് വേണ്ടി ഇളവുകൾ ആവശ്യപ്പെട്ട് സിപിഎം ജില്ലാ കമ്മിറ്റികൾ. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മന്ത്രിമാരായ തോമസ് ഐസക്കിനും ജി സുധാകരനും ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം ആലപ്പുഴ ജില്ലാ നേതൃത്വമാണ് ആദ്യം രംഗത്തുവന്നത്.

മൂന്ന് ടേം നിബന്ധന തോമസ് ഐസക്കിന്റെയും സുധാകരന്റെയും കാര്യത്തിൽ വേണ്ടെന്നും ഇരുവരുടെയും വിജയസാധ്യത പരിഗണിക്കണമെന്നുമാണ് ജില്ലാ നേതൃത്വത്തിന്റെ ആവശ്യം. സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ജില്ലാ നേതൃത്വം ഇക്കാര്യം ആവശ്യപ്പെട്ടത്. ആറു സീറ്റുകളിലെ സ്ഥാനാർത്ഥി ചർച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. അതിൽ തോമസ് ഐസക്കിന്റെയും സുധാകരന്റെയും കാര്യം തന്നെയാണ് പ്രധാന ചർച്ചാവിഷയം.

ഇരുവർക്കും അവസരം നൽകണമെന്ന ആവശ്യത്തിൽ ജില്ലാ നേതൃത്വം ഒറ്റക്കെട്ടാണ്. ഇളവ് നൽകണമെന്ന ആവശ്യം സംസ്ഥാന നേതൃത്വം അംഗീകരിച്ചാൽ ജി സുധാകരൻ ഏഴാം തവണയും തോമസ് ഐസക്ക് അഞ്ചാം തവണയും മത്സരരംഗത്തുണ്ടാകും. കായംകുളം, മാവേലിക്കര, അരൂർ മണ്ഡലങ്ങൾ ആര് എന്നത് സംബന്ധിച്ച ചർച്ചകളും തുടരുകയാണ്. ചെങ്ങന്നൂരിൽ സജി ചെറിയാൻ തന്നെ മത്സരിക്കുമെന്നാണ് ധാരണയായിട്ടുള്ളത്.

അമ്പലപ്പുഴ യു ഡി എഫ് മണ്ഡലമായിരുന്നു. ജി സുധാകരൻ വന്നതോടെയാണ് മണ്ഡലം സി പി എമ്മിന് അനുകൂലമായി മാറി ചിന്തിച്ച് തുടങ്ങിയതെന്നും സെക്രട്ടറിയേറ്റിൽ അഭിപ്രായം ഉയർന്നു. അതേസമയം, ഇക്കാര്യത്തിൽ സംസ്ഥാന നേതൃത്വം തങ്ങളുടെ അഭിപ്രായം വ്യക്തമാക്കിയിട്ടില്ല. ആലപ്പുഴയിൽ സി പി എം മത്സരിക്കുന്ന മറ്റ് അഞ്ച് സീറ്റുകളിലെ കാര്യവും യോഗത്തിൽ ചർച്ചയായി. ജില്ലാ സെക്രട്ടറിയേറ്റ് നൽകുന്ന പട്ടിക പരിശോധിച്ചായിരിക്കും സംസ്ഥാന സമിതി സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തുക.

അതേസമയം, ഇടുക്കി ഉടുമ്പൻചോലയിൽ മന്ത്രി എംഎം മണി തന്നെ മത്സരിക്കും. ദേവികുളത്ത് എസ് രാജേന്ദ്രൻ മത്സരിപ്പിക്കുന്നത് സംബന്ധിച്ച് സംസ്ഥാന സംസ്ഥാന നേതൃത്വം തീരുമാനമെടുക്കും. രാജേന്ദ്രൻ മത്സരിക്കുന്നില്ലെങ്കിൽ ആർ ഈശ്വരൻ, എ രാജ എന്നിവരുടെ പേരുകളാണ് ജില്ലാ നേതൃത്വം നിർദ്ദേശിച്ചിട്ടുള്ളത്. തൊടുപുഴ കേരളാ കോൺഗ്രസിന് വിട്ടുനൽകാനാണ് നിലവിലെ തീരുമാനം. എന്നാൽ ഇതിനോട് കേരളാ കോൺഗ്രസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.