ചെന്നൈ: ചെന്നൈയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ വെടിയേറ്റ് മരിച്ച കേസ് വഴിത്തിരിവിൽ. വെടിയേറ്റ് കൊല്ലപ്പെട്ടവരിൽ ഒരാളുടെ ഭാര്യയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. കുടുംബത്തിലെ മരുമകളാണ് കൊലപാതകം നടത്തിയെന്ന നിഗമനത്തിലേക്കാണ് പൊലീസ് എത്തിയിരിക്കുന്നത്.

ജീവനാംശവുമായി ബന്ധപ്പെട്ട് ഭർത്താവും ഭാര്യയും തമ്മിലുള്ള തർക്കമാണ് ഒടുവിൽ മൂന്ന് പേരുടെ ജീവനെടുത്തത്. യുവതിയും ബന്ധുക്കളും ചേർന്ന് ഭർത്താവിനെയും ഭർത്താവിന്റെ മാതാപിതാക്കളെയും വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു. തമിഴ്‌നാട്ടിലെ സൗകാർപേട്ടിൽ ബുധനാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.

ഫിനാൻസ് കമ്പനി നടത്തുന്ന ദിലീപ് താലിൽ ചന്ദ് (74) ഭാര്യ പുഷ്പ ബായി (70) മകൻ ശ്രിഷിത്ത് (40) എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്ന് നിലകെട്ടിടത്തിലെ ആദ്യ നിലയിലുള്ള വീട്ടിൽ നിന്നാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. ദിലീപിന്റെ മൂത്തമകൾ വീട്ടിലെത്തുമ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുകയായിരുന്നു മൂവരും. കൊലപാതകം നടത്തിയെന്ന് സംശയിക്കുന്ന ശ്രിഷിത്തിന്റെ ഭാര്യ ജയമാലയും സംഘവും പിപിഇ കിറ്റ് ധരിച്ചാണ് വീടിനുള്ളിൽ പ്രവേശിച്ചത്.

പൂണെ സ്വദേശിയായ ജയമാലയും ശ്രിഷിത്തും വിവാഹിതരാകുന്നത് വർഷങ്ങൾക്ക് മുമ്പാണ്. ഇവർക്ക് രണ്ട് കുട്ടികൾ ഉണ്ട്. ഭർത്താവുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായതിനെ തുടർന്ന് പൂനയിൽ കുട്ടികളൊടൊപ്പമായിരുന്നു ജയമാല താമസിച്ചിരുന്നത്. ഇവരുടെ വിവാഹമോചന കേസ് ചെന്നൈയിലെ കുടുംബ കോടതിയിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഇരുവരും ചെന്നൈയിലും പൂനയിലുമായി പരസ്പരം പഴിചാരിക്കൊണ്ട് പരാതി നൽകിയിട്ടുണ്ട്. ഇരുകുടുംബങ്ങളും തമ്മിൽ തർക്കം മുറുകിയതോടെ ശ്രിഷിത്ത് ജയമാല ആവശ്യപ്പെട്ട ജീവനാംശം നൽകില്ലെന്ന് വ്യക്തമാക്കി.

പ്രശ്നം സംസാരിച്ച് പരിഹരിക്കാനാണ് ജയമാലയും സഹോദരൻ ഉൾപ്പെടെയുള്ള മൂന്ന് ബന്ധുക്കളും ചെന്നൈയിലെത്തിയത്. തർക്കത്തിനൊടുവിൽ പ്രകോപിതയായ ജയമാല കൈയിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം.

സംഭവ ശേഷം വീട്ടിൽ നിന്ന് പുറത്ത് കടന്ന നാൽവർ സംഘം ചെന്നൈയിൽ നിന്നും രക്ഷപ്പെട്ടു. ജയമാലയും സഹോദരനും കാറിലും മറ്റ് രണ്ട് ബന്ധുക്കൾ ട്രൈയിൻ മാർഗവും ആണ് ചെന്നൈയിൽ നിന്ന് രക്ഷപ്പെട്ടത്. ഇവരുടെ പൂണെയിലെ വീട്ടിൽ അന്വേഷണം നടത്തിയെങ്കിലും വീട് പൂട്ടിയിട്ടിരിക്കുകയാണ്. വെടിയൊച്ചയുടെ ശബ്ദം കേട്ടിട്ടില്ലെന്നാണ് അയൽവാസികളുടെ മൊഴി. സൈലൻസർ ഘടിപ്പിച്ച തോക്കാണോ വെടിവയ്ക്കാൻ ഉപയോഗിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. ജയമാലയെയും ബന്ധുക്കളെയും പിടികൂടാനായി പൊലീസ് അന്വേഷണം ശക്തമാക്കി.

രാജസ്ഥാൻ ജാവൽ സ്വദേശികളായ ദളിചന്ദും കുടുംബവും വർഷങ്ങളായി ചെന്നൈയിലെ സ്ഥിരതാമസക്കാരാണ്. ഒരു ധനകാര്യ സ്ഥാപനം നടത്തിയാണ് ഇവർ ജീവിക്കന്നത്. ജനത്തിരക്കേറിയ സൗക്കാർ പേട്ടിലെ വിനായക് സ്ട്രീറ്റിലെ മൂന്ന് നില കെട്ടിടത്തിൽ ഒന്നാം നിലയിലാണ് ഇവർ താമസിക്കുന്ന ഇവർ ബുധനാഴ്ച വൈകിട്ട് ആറിനും ഒമ്പതിനും ഇടയിലുള്ള സമയത്തണ് കൊലപാതം നടന്നിരുന്നത്. സംഭവം നടന്ന സ്ഥലത്തിന് സമീപത്തുള്ള സിസിടിവി ദൃശ്യങ്ങളിൽ നിന്നും നിർ്ണ്ണായക വിവരങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്.

ജയമാലയ്ക്ക് വേണ്ടി പൂണെയിലെ വീട്ടിൽ മഹാരാഷ്ട്രാ പൊലീസും തെരച്ചിൽ നടത്തിയെങ്കിലും വീട് അടഞ്ഞു കിടക്കുകയാണ്. ദാമ്പത്യം പരാജയപ്പെട്ടതിനെ തുടർന്ന് ശ്രീഷിത്തും ജയമാലയും തമ്മിലുള്ള വിവാഹമോചന ഹർജി കോടതിയിലാണ്. ഇവർക്ക് രണ്ടു മക്കളുമുണ്ട്. ജീവനാംശമായി അഞ്ചു കോടി രൂപയാണ് ജയമാല ശ്രിഷിത്തിൽ നിന്നും ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തിൽ ഇരുവരുടെയും കുടുംബങ്ങൾ തമ്മിൽ തർക്കവും നില നിൽക്കുന്നുണ്ട്.