തൃശൂർ: ഡ്യൂട്ടിയിലുള്ള പൊലീസുകാർ ബഹുമാനിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഡി.ജി.പിക്ക് കത്ത് നൽകിയ തൃശൂർ മേയർ എം.കെ. വർഗീസ് കുറച്ചു മാസം മുമ്പ് സിപിഎമ്മിന് വലിയ തലവേദനയായിരുന്നു. സിപിഎം നേരിട്ട് മേയറോട് കാര്യങ്ങൾ വിശദീകരിച്ചു. കോൺഗ്രസ് വിമതനായി മത്സരിച്ച് വിജയിച്ച വർഗീസിന് മേയർ സ്ഥാനം നൽകിയാണ് ഇടതുമുന്നണി തൃശൂർ കാർപറേഷൻ ഭരിക്കുന്നത്. ഈ മേയർ ഇപ്പോൾ പുതിയ വിവാദത്തിൽ ചെന്നു ചാടുന്നു. ചെറിയ ഫോട്ടോ വിവാദം. ഇത് സല്യൂട്ടിനേക്കാൾ ഗുരുതരമാണു താനും.

55 അംഗ കൗൺസിലിൽ വർഗീസ് ഉൾപ്പെടെ ഇടതുപക്ഷത്തിന് 25ഉം യു.ഡി.എഫിന് 24ഉം ബിജെപിക്ക് ആറും അംഗങ്ങളാണുള്ളത്. അംഗബലത്തിൽ പ്രതിപക്ഷവും സമാന കരുത്തുള്ളതാണെന്നതിനാൽ കടുത്ത നിലപാടിലേക്ക് കടക്കാനോ, തീരുമാനങ്ങളെടുക്കാനോ സിപിഎമ്മിന് സല്യൂട്ട് വിവാദത്തിലായില്ല. ഇപ്പോൾ പുതിയ പ്രശ്‌നം. ബോർഡിലെ ഫോട്ടോ ചെറുതായിപ്പോയെന്ന കാരണം പറഞ്ഞ് മേയർ എം.കെ. വർഗീസ് സ്‌കൂളിലെ ചടങ്ങു ബഹിഷ്‌കരിച്ചത് സിപിഎമ്മിനെ ഞെട്ടിച്ചിട്ടുണ്ട്. വ്യക്തിപൂജയിൽ അതിശക്തമായ നിലപാട് പലപ്പോഴും സിപിഎം എടുത്തിട്ടുണ്ട്. കണ്ണൂരിലെ കരുത്തൻ പി ജയരാജനെ പോലും വിമർശിച്ച പാർട്ടി.

വിജയ ദിനാചരണത്തിനായി പൂങ്കുന്നം ഗവ. സ്‌കൂളിൽ സ്ഥാപിച്ച ബോർഡാണു മേയറെ ദേഷ്യം പിടിപ്പിച്ചത്. ഫോട്ടോ ചെറുതായതുകൊണ്ടുതന്നെയാണു മടങ്ങിയതെന്നും മേയർ പദവിയെ അപമാനിക്കാൻ ശ്രമിച്ചാൽ ഇതുപോലെ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ''സ്‌കൂളിന്റെ നടത്തിപ്പു കോർപറേഷനാണ്. അവിടെയൊരു പരിപാടി നടത്തുമ്പോൾ അതിന്റെ നോട്ടിസിനും ബോർഡിനുമെല്ലാം അനുമതി വാങ്ങണം. എംഎൽഎയുടെ പടം വലുതാക്കിയോ ചെറുതാക്കിയോ വയ്ക്കട്ടെ. പ്രോട്ടോക്കോൾ അനുസരിച്ചു മേയറുടെ ഉടമസ്ഥതയിലുള്ള സ്‌കൂളിന്റെ പരിപാടിയിൽ മേയർക്കാണ് ഉയർന്ന സ്ഥാനം.

മേയറുടെ ഫോട്ടോ ചെറുതാക്കിയത് പദവിയെ അപമാനിക്കാൻ വേണ്ടിയാണ്. അതു സമ്മതിക്കാനാകില്ല'' വർഗീസ് പ്രതികരിച്ചു. വിവരമറിഞ്ഞതോടെ സ്ഥലം എംഎൽഎ പി.ബാലചന്ദ്രനും ചടങ്ങിനെത്തിയില്ല. സ്ഥിരം സമിതി ചെയർമാൻ എൻ.എ. ഗോപകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ശംസ അറിയിക്കാനെത്തിയ കൗൺസിലർ എ.കെ. സുരേഷ് അധ്യക്ഷനുമായി.

പ്രോട്ടോക്കോൾ പ്രകാരം എംഎ‍ൽഎ.യെക്കാൾ വലുത് താനാണെന്നും ഫ്‌ളക്സിൽ ഫോട്ടോയുടെ വലുപ്പം കുറച്ചത് ശരിയായില്ലെന്നും പ്രിൻസിപ്പലിനോട് പരാതി പറഞ്ഞാണ് മേയർ മടങ്ങിയത്. വേദിയിൽ കയറാൻ കൂട്ടാക്കിയില്ല. നൂറിലധികം പേർ ചടങ്ങിനെത്തിയിരുന്നു. ഫ്‌ളക്സിൽ എംഎ‍ൽഎ.യുടെ ചിത്രം വലുപ്പത്തിലും തന്റേത് കൗൺസിലർമാരുടെ ചിത്രങ്ങൾപോലെ ചെറുതാക്കിയുമാണ് വെച്ചതെന്ന് മേയർ പ്രതികരിച്ചു.

''ആരാണ് അധ്യക്ഷനെന്ന് തിരിച്ചറിയാത്ത അവസ്ഥ. പ്രോട്ടോക്കോൾ അനുസരിച്ച് ചിത്രം എങ്ങനെയാണ് വയ്‌ക്കേണ്ടതെന്ന് തന്നോട് ചോദിക്കാമായിരുന്നു. മേയറുടെ പദവി ഡെപ്യൂട്ടി സ്പീക്കർക്ക് തുല്യമാണ്. എംഎ‍ൽഎ.യും എംപി.യും തനിക്ക് താഴെയാണ്. ആ ബഹുമാനം നൽകിയില്ല. പ്രോട്ടോക്കോൾ ലംഘനമാണ് നടന്നത്. അധികാരം എന്തെന്നറിഞ്ഞാൽ ചോദിച്ചുവാങ്ങും. അതെന്റെ സ്വഭാവമാണ്. ഇതുസംബന്ധിച്ച് പ്രോട്ടോക്കോൾ ഓഫീസർക്കും വകുപ്പ് മേധാവികൾക്കും കത്തെഴുതും'' മേയർ എം.കെ. വർഗ്ഗീസ് പറഞ്ഞു.