പുൽപ്പള്ളി: വയനാട്ടിൽ നരഭോജി കടുവയെ ചത്ത നിലയിൽ കണ്ടെത്തി. പുൽപ്പള്ളി ചെതലയം വനത്തിലാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. 12 വയസ് മതിക്കുന്ന ആൺ കടുവയുടെ ജഡമാണ് വെളുകൊല്ലി വനത്തിൽ കണ്ടത്. കതുവാകുന്ന്, പള്ളിച്ചിറ പ്രദേശങ്ങളിൽ ഭീതിവിതച്ച നരഭോജി കടുവയാണിതെന്ന് ചെതലയം റെയ്ഞ്ച് ഓഫീസർ ടി ശശികുമാർ പറഞ്ഞു. പ്രായാധിക്യമാണ് മരണകാരണമെന്നാണ് നിഗമനം.

രണ്ടുമാസം മുമ്പ് ബസവൻകൊല്ലി കതുവാകുന്നിൽ ആദിവാസി യുവാവ് ശിവകുമാറിനെ കൊലപ്പെടുത്തിയ കടുവയാണിതെന്നും വനപാലകർ പറഞ്ഞു. ഒരാഴ്ച മുമ്പ് പുൽപ്പള്ളി പള്ളിച്ചിറയിൽ വനപാലകരെ ആക്രമിച്ചിരുന്നു. പശുക്കളെ പിടിച്ച കടുവയെ നിരീക്ഷിക്കുന്നതിനിടയിലായിരുന്നു ആക്രമണം. റെയ്ഞ്ചർ ശശികുമാറിന് പരിക്കേൽക്കുകയും ചെയ്തു.

ശിവകുമാറിനെ പിടിച്ചപ്പോഴും വനപാലകരെ ആക്രമിച്ചപ്പോഴും കടുവക്കായി പ്രദേശങ്ങളിൽ കൂട് സ്ഥാപിച്ചെങ്കിലും കുടുങ്ങിയില്ല. പള്ളിച്ചിറയിൽനിന്നും മൂന്ന് കിലോമീറ്ററോളം അകലെയാണ് ചത്ത നിലയിൽ കണ്ടത്.

വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ പോസ്റ്റ്‌മോർട്ടം നടത്തി ജഡം സംസ്‌കരിച്ചു. നോർത്ത് വയനാട് ഡിഎഫ്ഒ ബിഷ്‌ണോയി സ്ഥലത്തെത്തി.