മലപ്പുറം: കരുവാരകുണ്ട് മലയോര മേഖല പുലിപ്പേടിയിൽ. കക്കറയിലും ചേരിയിലുമാണ് പുലിയിറങ്ങിയതായി നാട്ടുകാർ പറയുന്നത്. ഒരാഴ്ചക്കിടെ ഇത് തുടർച്ചയായ സംഭവമാണ്.കഴിഞ്ഞ ദിവസം പുലിയെ കണ്ട അതേ സ്ഥലത്ത് തന്നെവീണ്ടും പുലിയെ കണ്ടത് നാട്ടുകാരെ ആശങ്കയിലാക്കിയിട്ടുണ്ട്.സംഭവത്തെത്തുടർന്ന് അഞ്ച് മണിക്ക് മുമ്പുള്ള ടാപ്പിങ് നിർത്തിവെക്കാൻ വനപാലകർ നിർദ്ദേശം നൽകിയിട്ടുണ്ട്.

കക്കറ കുണ്ടോട അലംബീരിയ എസ്റ്റേറ്റിൽ ടാപ്പിങ്ങിന് പോയ തൊഴിലാളി പാലാട്ടിൽ സമീറലിയാണ് ബുധനാഴ്ച രാവിലെ ആറിന് രണ്ട് പുലികളെ കണ്ടത്. പുലിയുടെ മുമ്പിൽപ്പെട്ട സമീറലി ഭയന്ന് ഒച്ചവച്ചപ്പോൾ ഒരു പുലി ജനവാസ മേഖലയിലേക്കും മറ്റൊന്ന് കാട്ടിലേക്കും പോയതായി ഇയാൾ പറഞ്ഞു. മറ്റ് ടാപ്പിങ് തൊഴിലാളികളായ പുത്തൻ വീട്ടിൽ ബിജോ, വേങ്ങര റഫീഖ് എന്നിവർ സമീറലിയുടെ കൂടെയുണ്ടായിരുന്നു.

ടാപ്പിങ് തൊഴിലാളികൾ പുലികളെ കണ്ട അലംബീരിയ റബ്ബർ എസ്റ്റേറ്റിന് 200 മീറ്റർ അകലെ നിന്നാണ് വളർത്തുനായയെ പുലി കടിച്ച് കൊന്നത്. ഇവിടെ വനപാലകർ പുലിക്കെണി സ്ഥാപിച്ചെങ്കിലും പിടികൂടാനായിട്ടില്ല.