കൊൽക്കൊത്ത: ബംഗാളിൽ തൃണമൂൽ നേതാക്കളെ കൂട്ടത്തോടെ റാഞ്ചിയെടുത്ത് ഭരണം പിടിക്കാനുള്ള നീക്കമാണ് ഇപ്പോൾ ബിജെപി നടത്തുന്നത്. പക്ഷേ അപ്പോൾ ബിജെപി ഇവർക്കെതിരെ പണ്ട് ഉന്നയിച്ച ആരോപണങ്ങൾ അവരെ തിരിഞ്ഞു കൊത്തുകയാണ്.ബംഗാളിൽ തൃണമൂൽ കോൺഗ്രസിനും മമത ബാനർജിക്കും കനത്ത തിരിച്ചടിയേകി കൂറുമാറിയെത്തിയ സുവേന്ദു അധികാരി കൈക്കൂലി വാങ്ങുന്ന പഴയ ദൃശ്യങ്ങൾ ബിജെപിയെ വെട്ടിലാക്കുന്നു. 2016ൽ സുവേന്ദു അധികാരിയും മുകുൾ റോയിയും കൈക്കൂലി വാങ്ങുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ ബിജെപിയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ വഴി പുറത്തുവിട്ടിരുന്നു. ഈ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

മൂന്നു വർഷങ്ങൾക്കു മുൻപാണ് മുകുൾ റോയ് തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. 2016ൽ പുറത്തുവന്ന ഒളിക്യാമറ ദൃശ്യങ്ങൾ അന്ന് ബിജെപി തൃണമൂൽ കോൺഗ്രസിനെതിരെ ആയുധമാക്കിയിരുന്നു. നാരദാ ന്യൂസിന്റെ മാത്യു സാമുവലായിരുന്നു അന്ന് ഒളിക്യാമറ ഓപ്പറേഷൻ നടത്തിയത്. ഒരു കമ്പനിക്ക് അനധികൃതമായി ആനുകൂല്യങ്ങൾ നൽകിയതിനു പകരമായി തൃണമൂലിന്റെ നേതാക്കളും ഉന്നത പൊലീസ് ഉദ്യോഗസ്ഥനും കൈക്കൂലി വാങ്ങുന്നതായിരുന്നു ദൃശ്യങ്ങളിൽ. ഇതോടെ ബിജെപി വ്യാപകപ്രചാരണവും നടത്തി. അമിത് ഷാ അടക്കമുള്ള നേതാക്കളാണ് ഇവർക്കെതിരെ ആഞ്ഞടിച്ചത്.

എന്നാൽ വർഷങ്ങൾക്കപ്പുറം ഇതേ നേതാക്കൾ ബിജെപിയിലെത്തുമ്പോൾ എങ്ങനെ പ്രതിരോധിക്കണമെന്ന് അറിയാതെയിരിക്കുകയാണ് ബിജെപി.സംഭവത്തിൽ ബിജെപിയെ വിമർശിച്ച് തൃണമൂൽ എംപി മഹുവ മൊയ്ത്രയും രംഗത്തെത്തിയിട്ടുണ്ട്. ബിജെപിയുടെ യൂട്യൂബിൽനിന്ന് ഈ വീഡിയോ നീക്കം ചെയ്‌തെന്നു ചൂണ്ടിക്കാട്ടിയുള്ള സ്‌ക്രീൻഷോട്ടും മഹുവ ട്വീറ്റ് ചെയ്തു.