മുംബൈ: ട്രെയിനിൽ സത്രീകൾക്ക് മയക്കുമരുന്ന് നൽകി മോഷണം നടത്തിയ സംഭവത്തിൽ മൂന്നുപേർ കസ്റ്റഡിയിൽ. ബംഗാൾ സ്വദേശികളായ മൂന്ന് പേരാണ് മഹാരാഷ്ട്രയിലെ കല്ല്യാണിൽ നിന്ന് കേരള പൊലീസിന്റെ പിടിയിലായത്. ഇവരെ തിരുവനന്തപുരത്ത് എത്തിക്കും. ഇതിന് ശേഷമായിരിക്കും അറസ്റ്റ് രേഖപ്പെടുത്തുക. നേരത്തെ പ്രതികളിലൊരാളുടെ ചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു.

കഴിഞ്ഞ സെപ്റ്റംബർ 12 നാണ് നിസാമുദ്ദീൻ തിരുവനന്തപുരം എക്സ്‌പ്രസിൽ യാത്ര ചെയ്ത സ്ത്രീകൾ മോഷണത്തിന് ഇരയായത്. തിരുവല്ല സ്വദേശികളായ വിജയകുമാരിയേയും മകൾ അഞ്ജലിയേയും കോയമ്പത്തൂർ സ്വദേശിനിയായ കൗസല്യയെയുമാണ് മയക്കി കിടത്തി വസ്തുക്കൾ മോഷ്ടിച്ചത്. തീവണ്ടിയിലെ എസ് 1, എസ് 2 കോച്ചുകളിലാണ് ഇവർ സഞ്ചരിച്ചിരുന്നത്.

ചെങ്ങന്നൂരിലെ ഒരു വിവാഹത്തിൽ പങ്കെടുക്കാനാണ് തിരുവല്ല സ്വദേശിയായ വിജയകുമാരിയും മകൾ അഞ്ജലിയും കേരളത്തിലേക്ക് വന്നത്. ട്രെയിൻ തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് മൂന്ന് പേരെയും മയങ്ങി കിടക്കുന്ന അവസ്ഥയിൽ കണ്ടെത്തിയത്. വിജയകുമാരിയുടെയും മകളുടേയും കൈവശമുണ്ടായിരുന്ന പത്ത് പവൻ സ്വർണവും രണ്ട് മൊബൈൽ ഫോണുകളും മോഷണം പോയതായി ഇരുവരും പരാതി നൽകിയിട്ടുണ്ട്.

രാവിലെ ടെയ്‌രിനിൽ ആർ.പി.എഫ് നടത്തിയ പരിശോധനയിലാണ് ഇവർ മയങ്ങികിടക്കുന്നത് കണ്ടത്. തുടർന്ന് ഇവരെ തെക്കാട് ആശുപത്രിയിൽ എത്തിക്കുകയും പ്രാഥമിക ചികിത്സ നൽകുകയുമായിരുന്നു. പിന്നീട് ഇവരെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോയമ്പത്തൂർ സ്വദേശിനി കൗസല്യയെ മറ്റൊരു ബോഗിയിലാണ് കണ്ടെത്തിയത്. ഇവർ ആലുവയിലായിരുന്നു ഇറങ്ങേണ്ടിയിരുന്നത്.