കൊട്ടിയൂർ: കേളകത്ത് കടുവയിറങ്ങി ജനവാസ കേന്ദ്രങ്ങളിൽ ഭീതി വിതയ്ക്കുന്നത് പതിവായതോടെ കടുവയെ കെണി വെച്ച് പിടിക്കാൻ ശ്രമം തുടങ്ങി. ഏതാനും ദിവസങ്ങളായി മേഖലയിൽ കടുവയുടെ വിളയാട്ടം തന്നെയാണ്. ഇതിൽ പൊറുതിമുട്ടിയ ജനം പ്രതിഷേധങ്ങളുമായി കളത്തിലിറങ്ങാനും തയ്യാറായി. ഇതോടെ അടയ്ക്കാത്തോട് രാമച്ചിയിൽ കൂട് സ്ഥാപിക്കുമന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവ പള്ളിവാതുക്കൽ ഇട്ടിയവിരയുടെ രണ്ട് വയസുള്ള പോത്തിനെയാണ് കൊന്നത്. തിങ്കളാഴ്ച പകൽ പന്ത്രണ്ടോടെ കൃഷിയിടത്തിൽ മേയാൻ വിട്ടിരുന്ന പോത്തിനെ ഒരു കിലോമീറ്ററോളം ഓടിച്ചിട്ടാണ് കടുവ കടിച്ചുകൊന്നത്. നാട്ടുകാർ പിറകെ ഓടിയതോടെ പോത്തിനെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. പോത്തിന്റെ കഴുത്തിനാണ് കടിയേറ്റത്.

കടുവ ആറളം വനത്തിൽനിന്ന് ഇറങ്ങിയതാകാമെന്ന നിഗമനത്തിലാണ് വനംവകുപ്പ്. പോത്തിന്റെ ജഡം മറവ് ചെയ്യാതെ ഇതിന്റെ സമീപത്ത് വനംവകുപ്പ് അധികൃതർ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. മൂന്ന് വർഷത്തിനിടെ ഇട്ടിയവരയുടെ നാല് പോത്തും 15 ആടും വളർത്തു നായകളും പശുക്കളും വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. മുമ്പ് ഈ പ്രദേശത്ത് വന്യമൃഗ ആക്രമണം കൂടിയപ്പേൾ ക്യാമറകൾ സ്ഥാപിച്ചിരുന്നു.

അന്ന് ദൃശ്യങ്ങൾ പരിശോധിച്ചതിൽ കടുവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. രാമച്ചി കോളനിവാസികൾ അടക്കം സഞ്ചരിക്കുന്ന റോഡിന് സമീപത്താണ് കടുവയുടെ ആക്രമണം നടന്നതെന്നതിനാൽ നാട്ടുകാർ ഭീതിയിലാണ്. സംഭവത്തെ തുടർന്ന് മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി ആർ മഹേഷ്, ബീറ്റ് ഓഫീസർ പി വി സജിത്ത്, കേളകം പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലെക്കൂറ്റ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജീവൻ പാലുമി, പഞ്ചായത്തംഗം ലീലാമ്മ ജോണി എന്നിവർ സ്ഥലത്തെത്തി.