ലഖ്‌നൗ: ഉത്തർപ്രദേശിലെ ഗസ്സിയാബാദിൽ വനിത പൊലീസ് കോൺസ്റ്റബിളിനെ പൊലീസ് ഉദ്യോഗസ്ഥനായ ഭർതൃപിതാവ് ബലാത്സംഗം ചെയ്തു. വിവരമറിഞ്ഞതോടെ പൊലീസ് ഉദ്യോഗസ്ഥനായ ഭർത്താവ് യുവതിയെ മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേർപ്പെടുത്തിയെന്ന് പരാതി. മീററ്റിലെ ഒരു പൊലീസ് സ്റ്റേഷനിൽ കോൺസ്റ്റബിളായ യുവതിയാണ് ക്രൂരതയ്ക്കിരയായത്.

ഭർതൃപിതാവും ഗസ്സിയാബാദിൽ പി.എ.സി. റിസർവ് പൊലീസിൽ ഉദ്യോഗസ്ഥനുമായ നസീർ അഹമ്മദാണ് വനിതാ പൊലീസ് കോൺസ്റ്റബിളിനെ ബലാത്സംഗം ചെയ്തത്. രാത്രിയിൽ വീട്ടിൽ തനിച്ചായിരുന്നപ്പോഴാണ് റിസർവ് പൊലീസ് സേനയിലെ ഉദ്യോഗസ്ഥനായ നസീർ യുവതിയെ പീഡിപ്പിച്ചത്. സംഭവം പുറത്താരോടെങ്കിലും പറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

തുടർന്ന് വനിത കോൺസ്റ്റബിൾ ഭർത്താവും പൊലീസ് ഉദ്യോഗസ്ഥനുമായ ആബിദിനോട് ദുരനുഭവം തുറന്നുപറഞ്ഞു. എന്നാൽ ഭാര്യയെ സഹായിക്കുന്നതിന് പകരം ഇയാൾ മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേർപ്പെടുത്തുകയായിരുന്നു. ഇതോടെ യുവതി പൊലീസിൽ പരാതി നൽകി.

രാജ്യത്ത് മുത്തലാഖിന് നിരോധനമുണ്ട്. വനിത കോൺസ്റ്റബിളിന്റെ പരാതിയിൽ നസീർ അഹമ്മദ്, ആബിദ് എന്നിവർക്കെതിരേ കേസെടുത്തതായി മീററ്റ് എസ്‌പി. വിനീത് ഭട്ട്‌നഗർ പറഞ്ഞു

വനിതാ കോൺസ്റ്റബിളായ യുവതിയും പൊലീസ് ഉദ്യോഗസ്ഥനായ ആബിദും മൂന്നുവർഷം മുമ്പാണ് വിവാഹിതരായത്. വിവാഹശേഷം സ്ത്രീധനത്തിന്റെ പേരിൽ ഭർതൃവീട്ടുകാർ നിരന്തരം ഉപദ്രവിച്ചിരുന്നതായും യുവതിയുടെ പരാതിയിൽ ആരോപിക്കുന്നുണ്ട്.