അഗർത്തല: പശ്ചിമ ബംഗാളിന് പിന്നാലെ ത്രിപുരയിലും ബിജെപിയിൽ പൊട്ടിത്തെറി അതിരൂക്ഷം. ബിജെപി ഭരിക്കുന്ന ത്രിപുരയിൽ മുഖ്യമന്ത്രി ബിപ്ലബ് ദേവിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽനിന്ന് പത്ത് എംഎ‍ൽഎമാർ വിട്ടുനിന്നു. വെള്ളിയാഴ്ച രാത്രി വിളിച്ച 36 എംഎൽഎമാരുടെയും യോഗത്തിലാണ് ഇവർ പങ്കെടുക്കാതെ ഒഴിഞ്ഞുമാറിയത്.

വിമതസ്വരം ശക്തമായതോടെ, 2023ലെ നിയമസഭ തെരഞ്ഞെടുപ്പിന് സജ്ജമാവാൻ മുഴുവൻ എംഎ‍ൽഎമാരുടെയും പിന്തുണ തേടുന്നതിനാണ് യോഗം ചേർന്നത്. 60 അംഗ നിയമസഭയിൽ 36 സീറ്റാണ് ബിജെപിക്കുള്ളത്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് സംസ്ഥാന ബിജെപിയിൽ ഭിന്നത മൂർച്ഛിച്ചത്.

പ്രശ്‌നങ്ങൾ പരിഹരിക്കാൻ ജൂൺ 15 ന് അഗർത്തലയിലെ ബിജെപി ആസ്ഥാനത്ത് ദേശീയ സംഘടന ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ് എല്ലാ എംഎൽഎമാരുടെയും യോഗം വിളിച്ചിരുന്നു. എന്നാൽ, ഇതുകൊണ്ടൊന്നും വിമതപക്ഷം രമ്യതയിലെത്തിയില്ല. മുഖ്യമന്ത്രിയെ മാറ്റണമെന്നാണ് അവരുടെ പ്രധാന ആവശ്യം.

സുദീപ് റോയ് ബർമാൻ, രാം പ്രസാദ് പോൾ അടക്കമുള്ള എംഎ‍ൽഎമാരാണ് വിമത പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. സുദീപ് റോയ്ബർമ്മനെ ഏകപക്ഷീയമായി ബിപ്ലബ് കുമാർ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയിരുന്നു. വിട്ടുനിന്ന വിമത എംഎ‍ൽഎമാർ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാർട്ടിയിൽനിന്ന് രാജിവെച്ച് തൃണമൂൽ കോൺഗ്രസിൽ ചേരാൻ സാധ്യതയുണ്ടെന്നാണ് സൂചന.

ഈ യോഗത്തിന് തൊട്ടുപിന്നാലെ സുദീപ് റോയ് ബർമാൻ ഗുവാഹത്തിയിൽ പോയി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിന്നീട് ന്യൂഡൽഹിയിൽ പോയി പാർട്ടി തലവന്മാരെ കണ്ടുമടങ്ങി. ഇതേക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്താൻ അദ്ദേഹം വിസമ്മതിച്ചു.

2016 ൽ തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവച്ച സുദീപ് റോയ് ബർമാനെയും കൂട്ടാളികളെയും ബിജെപി മുൻ ദേശീയ വൈസ് പ്രസിഡന്റ് മുകുൾ റോയിയുടെ നേതൃത്വത്തിലാണ് ബിജെ.പിയിലേക്ക് കൂടുമാറ്റിയത്. ത്രിപുരയിൽ ഭരണംപിടിക്കാൻ ഉൾപ്പെടെ ഈ നീക്കം പാർട്ടിയെ സഹായിച്ചിരുന്നു. എന്നാൽ, വിഭാഗീയത ശക്തമായ സാഹചര്യത്തിൽ 2023ലെ തെരഞ്ഞെടുപ്പിൽ ബിജെപി കനത്ത തിരിച്ചടി നേരിട്ടേക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.