ചണ്ഡീഗഢ്: ചാരപ്രവർത്തനം നടത്തിയ രണ്ട് സൈനിക ഉദ്യോഗസ്ഥർ പഞ്ചാബിൽ അറസ്റ്റിൽ. പാക് ചാരസംഘടനയ്ക്ക് വേണ്ടി ചാരപ്പണി ചെയ്യുകയും വിവരങ്ങൾ ചോർത്തി നൽകുകയും ചെയ്തതിനാണ് ഇരുവരും പിടിയിലായത്. പഞ്ചാബ് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.പാക് ചാരസംഘടനയായ ഐ.എസ്‌ഐക്ക് വേണ്ടി ചാരപ്പണി ചെയ്യുകയും വിവരങ്ങൾ ചോർത്തി നൽകുകയും ചെയ്ത രണ്ട് സൈനികരെ അറസ്റ്റ് ചെയ്തതായി പഞ്ചാബ് ഡി.ജി.പിയാണ് വ്യക്തമാക്കിയത്.

സൈന്യത്തെ സംബന്ധിക്കുന്ന നിർണ്ണായക രേഖകൾ ഇവരിൽ നിന്നും കണ്ടെടുത്തതായും പ്രതികൾ രഹസ്യ സ്വഭാവമുള്ള 900 രേഖകൾ ഐ.എസ്‌ഐയുമായി പങ്കിട്ടതായും ഡി.ജി.പി അറിയിച്ചു. ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം ശിപായിമാരായ ഹർപ്രീത് സിങ് (23), ഗുർഭേജ് സിങ് (23) എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. അതിർത്തിക്ക് സമീപം ലഹരിമരുന്ന് കടത്തിയവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്നും സൈനിക രേഖകൾ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണമാണ് ഇരുവരിലേക്കും എത്തിച്ചേർന്നത്.

ഇരുവരും 2021 ഫെബ്രുവരി മുതൽ മെയ്‌ വരെയുള്ള കാലയളവിൽ രാജ്യത്തിന്റെ പ്രതിരോധവും ദേശ സുരക്ഷയും സംബന്ധിച്ച രേഖകളുടെ ചിത്രങ്ങൾ അതിർത്തിയിലെ മയക്കുമരുന്ന് കള്ളക്കടത്തുകാരൻ രൺവീർ സിംഗുമായി പങ്കുവച്ചു. ഈ രേഖകൾ പിന്നീട് പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയതായും റിപ്പോർട്ടുകൾ പറയുന്നു. ഇരുവരും പണത്തിന് വേണ്ടിയാണ് ചാര പ്രവൃത്തിയിൽ ഏർപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.