വാഷിങ്ടൻ: ലോകത്തെ മുഴുവൻ മുൾമുനയിൽ നിർത്തിയ ശേഷം അധികാരം കൈമാറാൻ തയ്യാറായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അധികാരം കൈമാറുമെന്നും എന്നാൽ, സജീവ രാഷ്ട്രീയത്തിൽ തു‌ടരും എന്നുമായിരുന്നു ട്രംപിന്റെ പ്രസ്താവന. യുഎസ് കോൺഗ്രസ് ഡമോക്രാറ്റ് നേതാവ് ജോ ബൈഡന്റെ വിജയം അംഗീകരിച്ചതോടെയാണ്, നേരത്തെ തോൽവി അംഗീകരിക്കാതിരുന്ന ട്രംപ് അധികാര കൈമാറ്റത്തിന് തയ്യാറായിരിക്കുന്നത്.

‘തിരഞ്ഞെടുപ്പ് ഫലം പൂർണമായും അംഗീകരിക്കുന്നില്ല. യാഥാർഥ്യങ്ങൾ അങ്ങനെയാണ് അനുഭവപ്പെടുന്നത്. എന്തായാലും ക്രമപ്രകാരമുള്ള അധികാരമാറ്റം ജനുവരി 20ന് ഉണ്ടാകും. നിയമപ്രകാരമുള്ള വോട്ടുകൾ മാത്രം എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള നമ്മുടെ പോരാട്ടം തുടരും. മഹത്തായ പ്രസിഡന്റ് ചരിത്രത്തിന്റെ ആദ്യഘട്ടം ഇവിടെ അവസാനിക്കുകയാണ്. അമേരിക്കയെ മഹത്തരമാക്കാനുള്ള പോരാട്ടത്തിന്റെ തുടക്കമാണിത്.'– പ്രസ്താവനയിൽ ട്രംപ് പറഞ്ഞു. 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപ് മത്സരിക്കുമെന്ന അഭ്യൂഹങ്ങളെ ബലപ്പെടുത്തുന്നതാണു അദ്ദേഹത്തിന്റെ വാക്കുകൾ.

മണിക്കൂറുകൾ നീണ്ട അക്രമങ്ങൾക്കും നാടകീയ നീക്കങ്ങൾക്കും പിന്നാലെയാണ് ഡെമോക്രാറ്റിക്ക് നേതാവ് ജോ ബൈഡനെ പ്രസിഡന്റായി യുഎസ് കോൺഗ്രസ് അംഗീകരിച്ചത്. റിപ്ലബിക്കൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് ആണ് പ്രഖ്യാപനം നടത്തിയത്. ഇതോടെ ഏറെ വിവാദമായ 2020 പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടവും പൂർത്തിയായി.

ഭൂരിപക്ഷത്തിന് ആവശ്യമായ 270 ഇലക്ടറൽ വോട്ടുകൾ മറികടന്നതോടെയാണ് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബൈഡന്റെ വിജയം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടത്. യുഎസ് കാപ്പിറ്റോൾ മന്ദിരത്തിൽ ട്രംപ് അനുകൂലികൾ കടന്നുകയറി അക്രമം അഴിച്ചുവിട്ടതിനു ശേഷം സഭ വീണ്ടും ചേർന്നാണ് ജോ ബൈഡന്റെ വിജയം അംഗീകരിച്ചത്. 306 ഇലക്ടറൽ വോട്ടുകളാണ് ഡെമോക്രാറ്റ് പാർട്ടി പ്രസിഡന്റ് സ്ഥാനാർത്ഥിയായ ബൈഡന് ലഭിച്ചത്. 232 വോട്ടുകളാണ് റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയായ ഡോണൾഡ് ട്രംപിന് ലഭിച്ചു.പെൻസിൽവാനിയയിലെയും അരിസോണയിലെയും വോട്ടുകൾക്കെതിരെ ഉയർന്ന എതിർപ്പ് സൈനറ്റും ഹൗസ് ഓഫ് റപ്രസന്റേന്റീവ്‌സും നിരസിച്ചതിനെ തുടർന്നാണ് ഇലക്ട്രൽ വോട്ടുകൾ അംഗീകരിച്ചത്.

അതിനിടെ ട്രംപനുകൂലികൾ ക്യാപിറ്റോൾ കെട്ടിടത്തിൽ അതിക്രമിച്ച് കയറി വോട്ടെണ്ണൽ തടസപ്പെടുത്തിയിരുന്നുയ ഇതിനു പിന്നാലെ അക്രമികളെ പുറത്താക്കിയതിന് ശേഷം അലങ്കോലപ്പെട്ട കെട്ടിടം വൃത്തിയാക്കിയാണ് വോട്ടെണ്ണൽ പുനരാരംഭിച്ചത്.ജോർജിയ, നെവാഡ, മിഷിഗൺ, അരിസോണ പെൻസിൽവാനിയ തുടങ്ങിയ ഇടങ്ങളിലെ തെരഞ്ഞെടുപ്പിനെതിരെ ഉന്നയിച്ച പരാതികളെല്ലാം പരാജയപ്പെടുകയായിരുന്നു. ജനവിധി അംഗീകരിക്കുമെന്ന് സെനറ്റ് മെജോരിറ്റി ലീഡർ മിച്ച് മക്കോണൽ പറഞ്ഞിരുന്നു.

ജോ ബൈഡനെ പ്രസിഡന്റായി പ്രഖ്യാപിക്കാനുള്ള അന്തിമ ഘട്ടത്തിലാണ് ക്യാപിറ്റോൾ മന്ദിരത്തിൽ ഒരു സംഘം ട്രംപ് അനുകൂലികൾ അക്രം അഴിച്ചുവിട്ടത്.വാഷിങ്ടണിലേക്ക് മാർച്ച് നടത്താനും തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാതിരിക്കാനും നേരത്തെ ട്രംപ് ആഹ്വാനം ചെയ്തിരുന്നു. അമേരിക്കൻ ചരിത്രത്തിലാധ്യമായാണ് വാഷിങ്ടൺ ഡി.സിയിൽ ഇത്ര ഗൗരവമായ സുരക്ഷാ ലംഘനങ്ങൾ നടന്നത്.

ജോ ബൈഡന്റെ വിജയം സ്ഥിരീകരിക്കുന്നത് തടയാൻ അക്രമികൾ ഇലക്ട്രൽ കോളേജ് വോട്ടെണ്ണുന്നത് തടയുകയായിരുന്നു. വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനേയും മറ്റ് കോൺഗ്രസ് അംഗങ്ങളേയും സുരക്ഷ കണക്കിലെടുത്ത് സ്ഥലത്തു നിന്ന് മാറ്റിയിരുന്നു.അമേരിക്കൻ ജനാധിപത്യത്തിന്റെ പ്രതീകമായി കാണുന്ന ക്യാപിറ്റോൾ മന്ദിരത്തിനു നേരെയുള്ള അക്രമം ലിബറൽ ജനാധിപത്യത്തിന് പേരുകേട്ട അമേരിക്കയുടെ പ്രശസ്തിക്ക് വലിയ പ്രഹരമാണ് ഏൽപ്പിച്ചത്.