സാൻഫ്രാൻസിസ്‌കോ: മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിന് അനിശ്ചിതകാലത്തേക്ക് വിലക്കേർപ്പെടുത്തിയ നടപടി പരിശോധിക്കുന്ന ഫേസ്‌ബുക്കിന്റെ ഓവർസൈറ്റ് ബോർഡ് വിഷയത്തിൽ പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നു.സ്ഥാനാർത്ഥികൾ, ഉദ്യോഗസ്ഥർ, മുൻ ഉദ്യോഗസ്ഥർ എന്നിവരുടെ അഭിപ്രായങ്ങളെ ഫേസ്‌ബുക്ക് എങ്ങനെ കൈകാര്യം ചെയ്യണം എന്നത് സംബന്ധിച്ചാണ് ഓവർസൈറ്റ് ബോർഡ് ജനങ്ങളിൽനിന്ന് അഭിപ്രായം തേടുക. അവരുടെ സ്ഥാനവും അധികാരവും, രാഷ്ട്രീയ പ്രതിപക്ഷത്തിന്റെ പ്രാധാന്യം, അറിയാനുള്ള ജനങ്ങളുടെ അവകാശം എന്നിവ കണക്കിലെടുത്തുകൊണ്ടുള്ള അഭിപ്രായങ്ങളാണ് സ്വീകരിക്കുക. ഫെബ്രുവരി എട്ടിന് മുമ്പ് അഭിപ്രായങ്ങൾ സമർപ്പിക്കാനാണ് നിർദ്ദേശം.

ജനുവരി ആറിന് ട്രംപ് അനുകൂലികൾ യു.എസ്. കാപിറ്റോളിന് നേരെ നടത്തിയ അക്രമസംഭവങ്ങളിൽ ട്രംപിന്റെ രണ്ട് പോസ്റ്റുകളും ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയും പ്രോത്സാഹനമായെന്ന നിരീക്ഷണത്തിലാണ് അക്കൗണ്ടിന് അനിശ്ചിതകാല വിലക്കേർപ്പെടുത്തുന്നതിലേക്ക് നയിച്ചത്.ഈ പോസ്റ്റുകളും വീഡിയോകളും നീക്കിയ ഫേസ്‌ബുക്ക് ട്രംപിന്റെ അക്കൗണ്ടിന് ആദ്യം 24 മണിക്കൂർ വിലക്കേർപ്പടെുത്തുകയും പിന്നീട് അത് അനിശ്ചിതകാല വിലക്കാക്കി മാറ്റുകയുമായിരുന്നു. കഴിഞ്ഞയാഴ്ചയാണ് ഈ നടപടി ഫേസ്‌ബുക്കിന്റെ വിദഗ്ദ്ധ സമിതിയായ ഓവർസൈറ്റ് ബോർഡിന്റെ പരിശോധനയ്ക്കായി നൽകിയത്.