വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പു ഫലം പുറത്തുവരുമ്പോൾ ബൈഡന് മുന്നേറ്റം. തുടക്കത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം നിലനിന്നതെങ്കിൽ പിന്നീട് ട്രംപ് നില മെച്ചപ്പെടുത്തി. ഇപ്പോൽ ബൈഡൻ മുന്നിൽ നിൽക്കുന്ന അവസ്ഥയിലാണ് കാര്യങ്ങൾ. 16 സംസ്ഥാനങ്ങളിൽ ട്രംപ് മുന്നിൽ നിൽക്കുമ്പോൾ 12 ഇടത്ത് ബൈഡൻ വിജയിച്ചു എന്നാണ് റിപ്പോർട്ടുകൾ. ഇലക്ട്രൽ കോളേജ് വോട്ടിൽ 220 എണ്ണം ബൈഡനും 141ൽ ട്രംപും മുന്നിലാണ്. 270 ആണ് കേവല ഭൂരിപക്ഷ സംഖ്യ.

ഡമോക്രാറ്റുകൾ തിരിച്ചുവരുമോ അതോ റിപ്പബ്ലിക്കന്മാർ അധികാരം നിലനിർത്തുമോ എന്ന ആശങ്കയിലാണ് ലോകം. അമേരിക്കൻ ജനതയുടെ വിധിയെഴുത്ത് പൂർത്തിയാകുമ്പോൾ ബൈഡന് നേരിയ മുന്നേറ്റം എന്നാണ് ആദ്യഫലസൂചനകൾ നൽകുന്നത്. ഇന്ത്യാന, കെൻചുക്കി, ഒക്കലഹോമ എന്നീ സംസ്ഥാനങ്ങൾ ട്രംപിന് അനുകൂലമാണെന്നാണ് റിപ്പോർട്ടുകൾ. സൗത്ത് കരോലിന, വെർമേണ്ട് മസാച്യുസെറ്റസ് എന്നീ സംസ്ഥാനങ്ങൾ ബൈഡന് അനുകൂലമാണെന്നും റിപ്പോർട്ടുകൾ പറയുന്നു. റിപ്പബ്ലിക്കൻ പാർട്ടിയുടെ ശക്തികേന്ദ്രമായ ഇന്ത്യാനയിൽ എന്നത്തേയും പോലെ ട്രംപിനൊപ്പം നിന്നു. ഫ്‌ളോറിഡയിൽ രാത്രി ഏഴിനും പെൻസിൽവാനിയയിൽ എട്ടിനുമാണ് വോട്ടെടുപ്പ് അവസാനിച്ചത്.

ജോ ബൈഡൻ സ്വന്തം സംസ്ഥാനമായ ഡെലവെയർ ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങളിൽ വിജയിച്ചതായും മറ്റ് ചില റിപ്പോർട്ടുകളുണ്ട്. റോഡ് ഐലൻഡ്, ന്യൂജേഴ്സി, മസാച്യുസെറ്റ്‌സ്, മേരിലാൻഡ്, ഇല്ലിനോയിസ്, ഡെലവെയർ, കണക്റ്റിക്കട്ട് എന്നിവ ഡെമോക്രാറ്റിക് നോമിനി നേടി

അതേസമയം, ഒക്ലഹോമ, ടെന്നസി, മിസിസിപ്പി, അലബാമ എന്നീ സംസ്ഥാനങ്ങളിൽ ഡൊണാൾഡ് ട്രംപിന് അനുകൂലമാണ്. ഈ സംസ്ഥാനങ്ങളൊന്നും കടുത്ത പോരാട്ടം നടക്കുന്ന ഇടങ്ങളല്ലാത്തതു കൊണ്ടു തന്നെ ഫലം പ്രതീക്ഷിച്ചതായിരുന്നു. ഫ്ളോറിഡയാകും ഒടുവിൽ നിർണായകമാകുക. ഫ്ളോറിഡയിൽ ട്രംപ് മികച്ച മത്സരം നടത്തിയെന്നാണ് പുറത്തുവന്നത്. അതേസമയം വാതുവെപ്പു സൈറ്റുകളും ട്രംപിന് അനുകൂലമായി നിലപാട് സ്വീകരിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പു ഫലം വരുന്നതിന് മുമ്പ് പ്രസിഡന്റ് ഡോൺഡ് ട്രംപ് ഇന്ന് വൈറ്റ് ഹൗസിലാണ് ചെലവലിക്കുന്നത്. 250 അതിഥികൾ പങ്കെടുക്കുന്ന തിരഞ്ഞെടുപ്പ് വാച്ച് പാർട്ടി നടത്തുകയാണ് ട്രംപ്. അതേസമയം, ജോ ബൈഡൻ ഡെലാവറിൽ ആണ് ഉള്ളത്. അദ്ദേഹം അവിടെ ജയിച്ചു. അഭിപ്രായ സർവേകളെ കണ്ണുമടച്ചു വിശ്വസിക്കാമെങ്കിൽ ഡമോക്രാറ്റ് സ്ഥാനാർത്ഥി ജോ ബൈഡൻ അടുത്ത യുഎസ് പ്രസിഡന്റാകും. എന്നാൽ, അപ്രതീക്ഷിത നീക്കങ്ങളും പ്രവചനാതീത സ്വഭാവവും മുഖമുദ്രയാക്കിയ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡോണൾഡ് ട്രംപിനെ ചില നിർണായക സംസ്ഥാനങ്ങൾ തുണച്ചാൽ, അദ്ദേഹം അടുത്ത 4 വർഷം കൂടി വൈറ്റ് ഹൗസിൽ തുടരും.