ജമ്മു: അതിർത്തിയിൽ വീണ്ടും നുഴഞ്ഞുകയറ്റമെന്ന് സംശയം. അതിർത്തിയിൽ ആർ.എസ് പുര സെക്ടറിൽ ഇന്ത്യൻ അതിർത്തിയോട് ചേർന്ന് ബി.എസ്.എഫ് ഭൂഗർഭപാത കണ്ടെത്തി. ഇന്ത്യയിൽ 170 മീറ്ററോളം ദൂരത്താണ് പാത കുഴിച്ചിരിക്കുന്നത്. ബി.എസ്.എഫിന്റെ പിണ്ടി പോസ്റ്റിന് സമീപത്താണ് ഭൂഗർഭപാത കണ്ടെത്തിയതെന്ന് അതിർത്തി രക്ഷാ സേനയുടെ ജമ്മു ഐജി എൻ.എസ് ജംവാൾ പറഞ്ഞു.

പാക് സൈനികരുടെ ഷഹീൻ, പസ്ബാൻ പോസ്റ്റുകളുടെ അടുത്ത് നിന്നാണ് പാത ആരംഭിക്കുന്നത്. ഭൂഗർഭപാത കുഴിച്ചിരിക്കുന്നതായി കണ്ടെത്തിയത് നെൽപാടങ്ങളുടെ അടുത്തുകൂടിയാണ്. ഇതിന് ഇന്ത്യാ ഭാഗത്ത് ഒരു പ്രവേശനദ്വാരം നിർമ്മിച്ചിട്ടില്ലായിരുന്നു. അതിനുമുൻപ് മഴക്കാലം വന്നതിനാൽ ഭൂഗർഭപാത പലയിടത്തും മണ്ണും വെള്ളവും വീണ് തകർന്നുപോയെന്ന് ജംവാൾ പറഞ്ഞു. നെൽകൃഷി നടക്കുന്ന കൃഷിഭൂമിയിലെ ഒരു ഭാഗം താഴ്ന്നുപോയപ്പോഴാണ് ഭൂഗർഭപാത കണ്ടെത്തിയത്.