തിരുവനന്തപുരം: പാറ്റൂർ ഭൂമി തട്ടിപ്പിലൂടെ കുപ്രസിദ്ധനായ ആർടെക് ബിൽഡേഴ്‌സ് ഉടമ അശോകൻ ഫ്‌ളാറ്റുടമകളെ വഞ്ചിച്ചു. ഉടമകൾ അറിയാതെ ഭൂമി പണയപ്പെടുത്തി എൽഐസിയിൽ നിന്നും വായ്പ എടുക്കുന്നതിന് മുമ്പ് റെവന്യു അധികൃതരെ സ്വാധീനിച്ച് നിയമവിരുദ്ധമായി കരമടച്ച് ഭൂമി സ്വന്തം പേരിലാക്കുകയാണ് തട്ടിപ്പുകളുടെ ഉസ്താദായ ആർട്ടെക്ക് അശോകൻ ചെയ്തത്. ഇത് സംബന്ധിച്ച രേഖകൾ മറുനാടൻ മലയാളിക്ക് ലഭിച്ചു. പാറ്റൂരിലെ വിവാദ ഭൂമിയോട് ചേർന്നുള്ള ആർടെക് എംപയർ ഫ്‌ളാറ്റ് നിൽക്കുന്ന ഭൂമി ഉടമകളറിയാതെ ടി എസ് അശോകനും മകൾ അപർണ നായരും ചേർന്ന് പണയപ്പെടുത്തി വായ്പ എടുത്തതിനെ പറ്റി കഴിഞ്ഞ ഫെബ്രുവരിയിൽ മറുനാടൻ മലയാളി വാർത്ത നൽകിയിരുന്നു. എൽഐസി ഹൗസിങ് ഫിനാൻസിൽ ഭൂമി പണയം വച്ച് മുപ്പത്തിനാല് കോടി 75 ലക്ഷം രൂപയുടെ വായ്പയാണ് അശോകൻ എടുത്തിരിക്കുന്നത്.

192 സെന്റിൽ 97.75 സെന്റ് ഭൂമി ഫ്‌ളാറ്റ് നിർമ്മാണത്തിനും 67 സെന്റ് ഭൂമി മാൾ നിർമ്മാണത്തിനുമാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ രണ്ട് ഭൂമിയും ഒന്നായി കാണിച്ചുകൊണ്ടാണ് ഫ്‌ളാറ്റ് നിർമ്മാണത്തിനും മാൾ നിർമ്മാണത്തിനും അനുമതി വാങ്ങിയിട്ടുള്ളത്. ഇത് കൂടാതെ 2018 ൽ എല്ലാവർക്കും ഫ്‌ളാറ്റ് കൈമാറിയ ശേഷം 2020 ൽ ഈ ഭൂമി പണയം വച്ച് എൽഐസി ഹൗസിങ് ഫിനാൻസിൽ നിന്നും മുപ്പത്തിനാല് കോടി 75 ലക്ഷം രൂപ വായ്പയെടുത്ത തട്ടിപ്പായിരുന്നു മറുനാടൻ പുറത്തുകൊണ്ടുവന്നത്. ഫ്‌ളാറ്റുടമകൾക്ക് നൽകിയ ഭൂമിയുടെ പോക്കുവരവ് നടക്കുന്ന സമയം 2020 മെയിൽ നടന്ന റീസർവെയിൽ നിയമവിരുദ്ധമായി ഈ ഭൂമി അശോകന്റെയും മകളുടെയും പേരിലേയ്ക്ക് മാറ്റിയാണ് ഈ ഭൂമി തട്ടിപ്പ് നടത്തിയിരിക്കുന്നത്.

ഇതിൽ രണ്ടേമുക്കാൽ സെന്റ് മാത്രമാണ് അശോകന്റെ പേരിലുള്ള ഭൂമി. ബാക്കി സ്ഥലം മറ്റ് അഞ്ച് പേരുടെ പേരിലുള്ളതാണ്. അവർ ഈ ഭൂമി ഫ്‌ളാറ്റും മാളും പണിഞ്ഞ് വിൽക്കുന്നതിലേയ്ക്ക് വേണ്ടി അശോകന്റെ പേരിൽ പവർ ഓഫ് അറ്റോർണി ചെയ്യുക മാത്രമാണ് ഉണ്ടായിട്ടുള്ളത്. ആ ഭൂമിയിൽ ഫ്‌ളാറ്റ് പണിത് ഉപഭോക്താക്കൾക്ക് കൈമാറാനുള്ള അവകാശം മാത്രമുള്ള അശോകനാണ് ഇപ്പോൾ വ്യാജരേഖ ചമച്ച് ഭൂമി മുഴുവൻ ഒറ്റയ്ക്ക് സ്വന്തമാക്കിയിരിക്കുന്നത്. ഈ വായ്പയുടെ കെണി ഉള്ളതുകൊണ്ടാണ് ആർടെക് അശോകൻ ഫ്ളാറ്റുടമകൾക്ക് ഭൂമി പോക്കുവരവ് ചെയ്തുകൊടുക്കാത്തത് എന്ന് ഇപ്പോൾ വ്യക്തമാവുകയാണ്. 2018-19 ൽ നിർമ്മാണം പൂർത്തിയായി താമസം തുടങ്ങിയ ഫ്ളാറ്റുടമകളാണ് അശോകന്റെ തട്ടിപ്പിൽ ഇപ്പോൾ പെട്ടിരിക്കുന്നത്.

120 ഫ്‌ളാറ്റുടമകൾക്ക് ലഭിക്കേണ്ട ഭൂമിയാണ് അശോകനും മകളും സ്വന്തം പേരിലേക്ക് മാറ്റിയിരിക്കുന്നത്. ഈ തട്ടിപ്പിന് റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരും കൂട്ടുനിന്നുവെന്ന ആക്ഷേപമാണ് ഉയർന്നിരിക്കുന്നത്. ഭൂമി കൈമാറ്റം ചെയ്യുമ്പോൾ ഉടമസ്ഥരായ ഫ്‌ളാറ്റുടമകൾ തന്നെ ഒപ്പു വെച്ചു കൊടുക്കേണ്ടതുണ്ട്. എന്നാൽ, ഇവിടെ അങ്ങനെയൊരു ഒപ്പിട്ടു കൊടുത്തിട്ടില്ലെന്നാണ് ഫ്‌ളാറ്റുടമകൾ തന്നെ വ്യക്തമാക്കുന്നത്. പിന്നെ എങ്ങനെ ഭൂമി അശോകന്റെയും മകളുടെയും പേരിൽ എത്തിയെന്നാണ് അറിയേണ്ടത്.

പാറ്റൂർ ഭൂമിയിടപാടിന്റെ കഥ

കാൽ നൂറ്റാണ്ട് മുമ്പ് തിരുവനന്തപുരം വികസന അഥോറിറ്റിയിലെ ഒരു സാധാരണ ഡ്രാഫ്റ്റ്സ്മാനായിരുന്നു അശോകൻ. ഇന്നുതിരുവനന്തപുരത്തെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാൾ. ആർടെക് ബിൽഡേഴ്സ് എന്ന ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമയാണ്. എന്നാൽ, ഇന്ന് പാറ്റൂർ എന്ന വാക്ക് കേട്ടാൽ തന്നെ ആളുകൾ ചോദിക്കുന്ന 'പാറ്റൂർ ഭൂമിയിടപാട് വിവാദത്തിലെ' ആരോപണവിധേയൻ. ഉമ്മൻ ചാണ്ടി സർക്കാരിന്റെ അവസാനകാലത്തെ പാറ്റൂർ ഭൂമിയിടപാടിന്റെ പിന്നിലെ വില്ലൻ. ഉന്നത രാഷ്ട്രീയ സ്വാധീനത്തിലൂടെ നിയമവിരുദ്ധമായ കാര്യങ്ങൾ ചെയ്ത് സ്വത്ത് സ്വരുക്കൂട്ടുവെന്ന ആരോപണം നേരിടുന്നയാൾ.

മാധ്യമങ്ങളിൽ പാറ്റൂർ ഭൂമിയിടപാട് വലിയ വാർത്തയായെങ്കിലും ആർടെക്കിന്റെ പേര് പറഞ്ഞിരുന്നില്ല. കാരണം ബോംബെയിലുള്ള ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയെ കൊണ്ട് സ്ഥലം വാങ്ങിപ്പിച്ചിട്ട്, അവിടെയാണ് ആർട്ടെക്കിന്റെ ഫ്ളാറ്റ് സമുച്ചയം പണിതുയർത്തിയത്. അതുകൊണ്ട് തന്നെ വിവാദം ബോംബെ കമ്പനിയെ ചുറ്റിപ്പറ്റി നിന്നു. എന്നാൽ, ബോംബെ കമ്പനിയിൽ ശക്തമായ സമ്മർദ്ദം ചെലുത്തി പ്രതിസന്ധിയിലാക്കി അശോകൻ അത് തന്റെ പേരിലാക്കി. അതിനിടെ സർക്കാരിന്റെ പുറമ്പോക്ക് ഭൂമി കൂടി ആർടെക് എംപയർ കൈവശം വയ്ക്കുന്നുവെന്ന വിവാദം പൊട്ടിപ്പുറപ്പെട്ടതോടെ കാര്യങ്ങൾ കൈവിട്ടു. രാഷ്ട്രീയ വിവാദം പൊടിപൊടിച്ചു. ഒടുവിൽ റവന്യു അധികൃതരുടെ പരിശോധനയിൽ 16 സെന്റ് പുറമ്പോക്കാണെന്ന് കണ്ടെത്തി. 12 സെന്റ് തിരിച്ചുപിടിച്ചു. നാല് സെന്റിന് വേണ്ടി ഇപ്പോഴും ലോകായുക്തയിൽ കേസ് നടക്കുന്നു. കേസിൽ തീരുമാനം ഉണ്ടാകുന്നത് വരെ പുതിയ നിർമ്മാണങ്ങൾ പാടില്ലെന്നാണ് കോടതി ഉത്തരവ്. എന്നാൽ, വിവാദകാലത്ത് തന്നെ ഫ്ളാറ്റ് സമുച്ചയം കൂടാതെ സെൻട്രൽ മാൾ വാണിജ്യ സമുച്ചയവും പൂർത്തിയായി. 2018-19 വർഷത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായത്. ഫ്ളാറ്റുകളിൽ ആൾക്കാർ താമസമായി. മാളും പ്രവർത്തനം തുടങ്ങി.

അതിനിടയിലാണ് വലിയ ചില തട്ടിപ്പുകൾ കണ്ടെത്തുന്നത്. മറുനാടനിൽ ഇത് വലിയ വാർത്തയാവുകയും ചെയ്തു. രണ്ടുഭൂമിയുടെയും സെറ്റ് ഓഫ് ഇടം-മാൾ സമുച്ചയത്തിന്റെയും ഫ്ളാറ്റ് സമുച്ചയത്തിന്റെയും ഒന്നാണെന്നും ഇത് രണ്ടായി കാണിച്ചിരിക്കുകയാണെന്നും മൊത്തം ഭൂമിയുടെ അളവിൽ വ്യത്യാസമുണ്ടെന്നും കാട്ടി 120 ഫ്ളാറ്റ് ഉടമകൾ കേസിന് പോയി.

പോക്കുവരവ് ചെയ്തിട്ടില്ലെന്ന് റിയൽ എസ്റ്റേറ്റ് അഥോറിറ്റി കണ്ടെത്തുന്നു

പോക്കുവരവ് ചെയ്തുകൊടുത്തില്ലെന്ന് മാത്രമല്ല, സെറ്റ് ഓഫ് ഇടം കെട്ടിയടച്ച് സെൻട്രൽ മാളിന് കൊടുക്കുകയും ചെയ്തതായി റിയൽ എസ്റ്റേറ്റ്്അഥോറിറ്റി കണ്ടെത്തി. കേരളാ മുൻസിപ്പാലിറ്റി ബിൽഡിങ് ആക്ടിന്റെ നഗ്നമായ ലംഘനമാണ് ഉണ്ടായത്. ഇതിനൊപ്പം ഫയർ എൻഒസിക്ക് വേണ്ട നിയമങ്ങളും ലംഘിക്കപ്പെട്ടു. തന്ത്രപരമായാണ് ഇത്തരം അട്ടിമറികൾ പാറ്റൂരിൽ നടന്നത്. നേരത്തെ പുറമ്പോക്ക് ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് വിവാദത്തിൽ പെട്ട ഫ്‌ളാറ്റ് നിർമ്മാതാക്കൾ എല്ലാ അർത്ഥത്തിലും ഫ്‌ളാറ്റ് വാങ്ങിയവരെ വഞ്ചിച്ചു. ഇതാണ് കേരളാ റിയൽ എസ്റ്റേറ്റ് അഥോറിറ്റിയിൽ നടക്കുന്ന നിയമ പോരാട്ടവും ശ്രദ്ധേയമാക്കുന്നത്. ഇവിടെ താമസിക്കുന്ന ആർക്കും ഫ്‌ളാറ്റിൽ അവകാശ സർട്ടിഫിക്കറ്റ് പൂർണ്ണതോതിൽ കിട്ടിയിട്ടില്ല. വസ്തു പോക്കവരവ് നടത്തി ആധാരം നൽകിയതുമില്ല. ഇതാണ് പ്രതിസന്ധിക്ക് കാരണം. ഈ കെട്ടിടങ്ങൾ പണിതത് വായ്പ എടുത്ത ഭൂമിയിലാണ്. ഈ ഭൂമിയുടെ രേഖകൾ പണയം വച്ചാണ് വായ്പ എടുത്തത്. ഇതുകൊണ്ടാണ് ആധാരം നൽകാൻ കഴിയാത്തത്. ഇതിന് വേണ്ടി നടത്തിയ നിയമപോരാട്ടത്തിൽ ഫ്‌ളാറ്റ് വാങ്ങിയവരുടെ വാദങ്ങൾ ഏതാണ്ട് അംഗീകരിക്കുകയാണ് അഥോറിറ്റി.

ഒരു സ്‌ക്വയർഫീറ്റ് സ്ഥലത്ത് നാല് സ്‌ക്വയർഫീറ്റ് കെട്ടിടം പണിയാനാണ് കേരളാ മുൻസിപ്പാലിറ്റി ബിൽഡിങ് ചട്ടം അനുമതി നൽകുന്നത്. പാറ്റൂരിലെ ആർടെകിന്റെ പ്രോജക്ടിൽ 2.76 ലക്ഷം സ്‌ക്വയർഫീറ്റ് കെട്ടിടമുണ്ട്. നിലവിലെ ചട്ടപ്രകാരം എത്രയും കെട്ടിടം പണിക്ക് 1.58 ഏക്കർ ഭൂമി ആവശ്യമാണ്. എന്നാൽ പാറ്റൂരിൽ നിയമ പ്രകാരമുള്ളത് 97.5 സെന്റും. ഇത് നഗ്നമായ നിയമ ലംഘനമാണ്. ആദ്യം ഫ്‌ളാറ്റ് കെട്ടാനാണ് അനുമതി വാങ്ങിയത്. അതിന് ശേഷം സെൻട്രൽ മാളും പണിതു. ഇതു വന്നതോടെയാണ് കേരളാ മുൻസിപ്പാലിറ്റി ബിൽഡിങ് ചട്ടത്തിലെ വ്യവസ്ഥ ലംഘിക്കപ്പെട്ടത്. അല്ലെങ്കിൽ ഫ്‌ളാറ്റ് നിർമ്മാണത്തിന് വേണ്ട സ്ഥലം അവിടെ ഉണ്ടായിരുന്നു. സെൻട്രൽ മാൾ പൊളിച്ചു കളഞ്ഞാൽ മാത്രമേ ചട്ടപ്രകാരം ആളുകൾ താമസിക്കുന്ന ഫ്‌ളാറ്റ് സമുച്ഛയത്തിന് അനുമതി കിട്ടൂവെന്നതാണ് വസ്തുത. ഈ വിഷയത്തിൽ ഉടമസ്ഥർ നിയമപോരാട്ടം നടത്തുമെന്നതിനാൽ സെൻട്രൽ മാളിന്റെ ഭാവി തന്നെ പ്രതിസന്ധിയിലാണ്.

ഫ്‌ളാറ്റ് കെട്ടിയ ശേഷം മാൾ കെട്ടി. ഇതിന് രണ്ടിനും ഇടയിൽ അഞ്ചര മീറ്റർ വിടുകയും ചെയ്തു. ഫയർ എക്‌സിറ്റിന് വേണ്ടിയായിരുന്നു ഇത്. എന്നാൽ കെട്ടിടം പണിത ശേഷം ഫ്‌ളാറ്റിനോട് ചേർന്ന് താൽകാലിക സംവിധാനം ഒരുക്കി ഫയർ എക്‌സിറ്റ് സെൻട്രൽ മാളിന് മാത്രമായി. അങ്ങനെ നോക്കിയാൽ നിലവിൽ ഒരു വശത്ത് ഫ്‌ളാറ്റിന് ഫയർ എക്‌സിറ്റ് ഇല്ല. മാളിന് ഉണ്ട്. ഇക്കാര്യവും അഥോറിറ്റിയിൽ ഉടമകൾ ഉയർത്തി. ഇത് വിശദമായി പരിശോധിച്ച ശേഷമാണ് ഫയർ എക്‌സിറ്റ് ഫ്‌ളാറ്റിന് നൽകണമെന്ന നിലപാടിൽ അഥോറിറ്റി എത്തുന്നത്. അങ്ങനെ ഫയർ എക്‌സിറ്റ് ഫ്‌ളാറ്റിന് ആകുമ്പോൾ സെൻട്രൽ മാളിന് ഫയർ എക്‌സിറ്റും ഇല്ലാതെയാകും. അതായത് പ്രത്യക്ഷത്തിൽ കേരളാ മുൻസിപ്പാലിറ്റി ബിൽഡിങ് ചട്ടവും ഫയർ എൻഒസി നിയമവും ലംഘിക്കപ്പെടുന്നു. ഓരോ അഞ്ചു കൊല്ലവും ഫ്‌ളാറ്റിന് ഫയർ എൻ ഒ സി എടുക്കണം. അങ്ങനെ വരുമ്പോൾ അടുത്ത പരിശോധനയിൽ ഏതെങ്കിലും ഒന്നിന് അംഗീകാരം നഷ്ടമാകും.

കേസുകളുടെ ഘോഷയാത്ര

ഹൈക്കോടതിയിൽ അടക്കം പല കേസുകൾ പാറ്റൂരിലെ ആർടെക് ഫ്‌ളാറ്റുമായി ഉണ്ടായിരുന്നു. ഇതിൽ നൽകിയ സത്യവാങ്മൂലമാണ് ഈ കേസിൽ നിർണ്ണായകമായത്. ഭൂമിയുടെ യഥാർത്ഥ രേഖകൾ കോടതിയിലാണെന്ന് അവർ സമ്മതിക്കുന്നു. അതായത് ഫ്‌ളാറ്റിൽ താമസം തുടങ്ങിയവർക്ക് അതിന്റെ അധികാരവും അവകാശവും നൽകിയിട്ടില്ലെന്ന് വ്യക്തമാണ്. ലക്ഷങ്ങളും കോടികളും മുടക്കി ഫ്‌ളാറ്റ് വാങ്ങിയവർക്ക് അഭയാർത്ഥികളായി ഇവിടെ കഴിയേണ്ടി വരുന്നു. വാട്ടർ അഥോറിട്ടിയുടെ കുടിവെള്ള കണക്ഷനും ഈ ഫ്‌ളാറ്റിൽ ലഭ്യമല്ല. വൈദ്യുതി കണക്ഷൻ ഉണ്ടെങ്കിലും അത് ഫ്‌ളാറ്റ് ബിൽഡറുടെ പേരിലാണ്. ഈ സാഹചര്യത്തിലാണ് റെഗുലേറ്ററി അഥോറിറ്റിയുടെ ഇടപെടൽ. എത്രയും വേഗം ഫ്‌ളാറ്റ് ആധാരമാക്കി കൊടുക്കാനാണ് നിർദ്ദേശം. വിശദമായ റിപ്പോർട്ട് ബിൽഡറായ അശോക് അഥോറിറ്റിയിൽ സമർപ്പിക്കേണ്ടതുമുണ്ട്.

കാർ പാർക്കിൽ വെള്ളം, കുടിവെള്ളമില്ല, ഗ്യാസ് പൈപ്പ് ലൈനിന്റെ നിലവരാമില്ലായ്മ, ഇന്റർലോക്കിലെ പോരായ്മ തുടങ്ങിയവയെല്ലാം പരിഹരിക്കാനും നിർദ്ദേശിച്ചു. ഈ വിഷയത്തിൽ ഫ്‌ളാറ്റിൽ താമസിക്കുന്നവർ ഉന്നയിച്ച പ്രശ്‌നങ്ങളോടെല്ലാം അനുകൂല തീരുമാനമാണ് അഥോറിറ്റി എടുക്കുന്നത്. ഇതിൽ കേരളാ മുൻസിപ്പൽ ബിൽഡിങ് നിയമത്തിന്റെ ലംഘനത്തിൽ അവർ നിലപാട് എടുക്കുന്നില്ല. ഇതിന് മുൻസിപ്പൽ നിയമ ലംഘനവുമായി ബന്ധപ്പെട്ട ജ്യുഡീഷ്യൽ സംവിധാനങ്ങളെ സമീപിക്കണമെന്നാണ് ആവശ്യം. അങ്ങനെ ഈ സംവിധാനവും ഇതിലെ വസ്തുതകൾ തിരിച്ചറിഞ്ഞാൽ സെൻട്രൽ മാൾ പൊളിക്കേണ്ടി വരുമെന്ന് ഉറപ്പാണ്. താമസക്കാരുമായുണ്ടാക്കിയ കരാറിൽ ആകെ 98 സെന്റ് മാത്രമേ ഇവിടെയുള്ളൂവെന്ന് ആർടെക് ഗ്രൂപ്പ് സമ്മതിച്ചിട്ടുണ്ട്.

ഫ്‌ളാറ്റ് നിർമ്മിക്കാൻ അനുമതി വാങ്ങിയ ശേഷം ഇതേ സ്ഥലത്തിന്റെ ബാക്കി ഭാഗത്ത് സെൻട്രൽ മാൾ പണിതതാണ് ഈ ചട്ട ലംഘനത്തിന് കാരണമെന്ന് നിയമ പോരാട്ടത്തിന് നേതൃത്വം കൊടുക്കുന്നവർ മറുനാടനോട് പറഞ്ഞു. സെൻട്രൽ മാൾ പൊളിച്ചു കളഞ്ഞാൽ ഈ പ്രതിസന്ധി പരിഹരിക്കപ്പെടും. ഇതിനൊപ്പം ഫയർ എക്‌സിറ്റ് ഏര്യയും ഫ്‌ളാറ്റിനാണെന്ന നിലപാടും മാളിന്റെ നിലനിൽപ്പിന് തടസ്സമാണ്. എംപയർ ഓണേഴ്‌സ് വെൽഫയർ അസോസിയേഷനാണ് അഥോറിറ്റിയിൽ നിയമ പോരാട്ടം നടത്തിയത്. ഒൻപതു പേരായിരുന്നു ഹർജി നൽകിയത്. ആർടെക് ഉടമ ടി എസ് അശോകനും മകൾ അപർണ്ണാ നായരും അടക്കമുള്ളവരായിരുന്നു എതിർ കക്ഷികൾ. തിരുവനന്തപുരം കോർപ്പറേഷനും എതിർ കക്ഷിയായിരുന്നു.

പാറ്റൂരിൽ ആർടെക് ഫ്‌ളാറ്റ് നിർമ്മാണത്തിന് കൈയേറിയ 4.356 സെന്റ് ഭൂമികൂടി തിരിച്ചുപിടിക്കാൻ സർക്കാരിന് ലോകായുക്തയുടെ നിർദ്ദേശം നേരത്തെ കിട്ടിയിരുന്നു. നേരത്തെ 12.279 സെന്റ് ഭൂമി ലോകായുക്ത ഉത്തരവ് പ്രകാരം തിരിച്ചുപിടിച്ചിരുന്നു. ഇതിനു പിന്നാലെ വിശദമായ തെളിവെടുപ്പും ഹിയറിങ്ങും നടത്തിയാണ് 4.356 സെന്റ് പുറമ്പോക്കുഭൂമികൂടി പിടിച്ചെടുക്കാൻ ഉത്തരവിറക്കിയത്. ഇതോടെ 16.635 സെന്റ് പുറമ്പോക്കുഭൂമി ആർടെക് ഗ്രൂപ്പ് കൈയേറിയെന്ന് തെളിഞ്ഞിരുന്നു. യുഡിഎഫ് സർക്കാരിന്റെ കാലത്താണ് സർക്കാർ ഭൂമി കൈയേറി പാറ്റൂരിൽ ഫ്‌ളാറ്റ് നിർമ്മിച്ചത്. 2014ലാണ് പാറ്റൂരിൽ സർക്കാർ പുറമ്പോക്ക് കൈയേറി ആർടെക് ഫ്‌ളാറ്റ് നിർമ്മിച്ചെന്നു കാട്ടി ജോയ് കൈതാരം ലോകായുക്തയെ സമീപിച്ചത്. പ്രാഥമിക അന്വഷണം നടത്തിയ ലോകായുക്ത നിർമ്മാണം സ്റ്റേ ചെയ്തു. ഇതിനെതിരെ നിർമ്മാതാക്കൾ ഹൈക്കോടതിയെ സമീപിച്ച് നിർമ്മാണം തുടരാനുള്ള അനുമതി നേടി.

പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി അന്നത്തെ വിജിലൻസ് എഡിജിപി ജേക്കബ് തോമസിനെ അന്വേഷണ ഉേദ്യാഗസ്ഥനായി ലോകായുക്ത നിയമിച്ചു. അദ്ദേഹത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വഷണം അവസാനിപ്പിച്ച് കേസ് ഫയലിൽ സ്വീകരിച്ച് എതിർകക്ഷികൾക്ക് നോട്ടിസ് അയച്ചു. തുടർന്ന് ഇടക്കാല ഉത്തരവിലൂടെ ലോകായുക്ത 12.279 സെന്റ് സ്ഥലം ഫ്‌ളാറ്റ് നിർമ്മാതാക്കളിൽനിന്ന് പിടിച്ചെടുക്കാൻ ഉത്തരവിട്ടിരുന്നു. പിന്നീട് സർക്കാർ സെറ്റിൽമെന്റ് രജിസ്റ്റർ പ്രകാരം കൂടുതൽ ഭൂമി കൈയേറിയെന്നു കാണിച്ച് ലോകായുക്തയിൽ ഉപഹർജി നൽകിയിരുന്നു. ഇതിന്റെ ഭാഗമായി സമർപ്പിച്ച രേഖകളിൽനിന്ന് കൈയേറ്റത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ഈ ഫ്‌ളാറ്റ് സമുച്ചയമാണ് വീണ്ടും വിവാദത്തിൽ കുടുങ്ങിയത്.