അങ്കാര: അമേരിക്കയുമായുള്ള കൂടിക്കാഴ്‌ച്ചയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ അമേരിക്കൻ പ്രസിഡന്റിന് മുന്നറിയിപ്പുമായി തുർക്കി പ്രസിഡന്റ് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ.തുർക്കിയെ ഒറ്റപ്പെടുത്താൻ നോക്കിയാൽ നല്ലൊരു സുഹൃത്തിനെയാവും അമേരിക്കയ്ക്ക് നഷ്ടപ്പെടുക എന്ന് ഉർദുഗാൻ മുന്നറിയിപ്പ് നൽകി.ബൈഡൻ അടുത്തിടെ തുർക്കിയിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉന്നയിച്ചിരുന്നു. ഇത് ചൂണ്ടിക്കാണിച്ചപ്പോഴാണ് ഉർദുഗാൻ ഇത്തരത്തിലുള്ള മുന്നറിയിപ്പ് നൽകിയത്.

തുർക്കി വാർത്താ ചാനലായ ടിആർടിക്കു നൽകിയ അഭിമുഖത്തിലായിരുന്നു ഉർദുഗാന്റെ അഭിപ്രായപ്രകടനം. തങ്ങളെ ഒറ്റപ്പെടുത്താൻ നോക്കിയാൽ ഒരു വിലപ്പെട്ട സുഹൃത്തിനെയാകും അമേരിക്ക നഷ്ടപ്പെടുത്തുന്നതെന്ന് പ്രസിഡന്റ് വ്യക്തമാക്കി.സിറിയയിൽ കുർദ് സൈന്യത്തിന് അമേരിക്ക പിന്തുണ തുടരുന്നതിനെ ഉർദുഗാൻ വിമർശിച്ചു. ''അമേരിക്ക ഞങ്ങളുടെ സഖ്യരാജ്യമാണെങ്കിൽ അവർ തീവ്രവാദികൾക്കൊപ്പമാണോ ഞങ്ങൾക്കൊപ്പമാണോ നിൽക്കേണ്ടത്? നിർഭാഗ്യവശാൽ അവർ തീവ്രവാദികളെയാണ് പിന്തുണയ്ക്കുന്നത്''ഉർദുഗാൻ കുറ്റപ്പെടുത്തി.

ഔദ്യോഗിക കൂടിക്കാഴ്ചയ്ക്ക് ഏതാനും ദിവസങ്ങൾ ബാക്കിനിൽക്കെയാണ് ഉർദുഗാനന്റെ പ്രതികരണം.ഈ മാസം 14നാണ് ഉർദുഗാനും ബൈഡനും തമ്മിൽ കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. ബെൽജിയം തലസ്ഥാനമായ ബ്രസൽസിൽ നടക്കുന്ന നാറ്റോ ഉച്ചകോടിക്കിടെയാകും കൂടിക്കാഴ്ച. ബൈഡൻ അധികാരമേറ്റ ശേഷം ഇതാദ്യമായാണ് ഇരുനേതാക്കാളും നേരിട്ട് സംസാരിക്കുന്നത്.