തിരുവനന്തപുരം: തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം നാളെ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുള്ള പശ്ചാത്തലത്തിൽ കേരളത്തിൽ അതീവ ജാഗ്രതാനിർദ്ദേശം. അതേസമയം കേരള തീരത്തിലൂടെ കടന്നുപോകുന്ന ചുഴലിക്കാറ്റ് കേരളത്തിൽ വീശിയടിക്കില്ല. അതേസമയം കനത്ത മഴയ്ക്ക് സാധ്യതയുണ്ട് താനും.

വടക്കൻ കേരളത്തിലെയും തെക്കൻ കർണാടകത്തിലെയും തീരത്തോട് ചേർന്ന് ടൗട്ടേ ചുഴലിക്കാറ്റ് കടന്നുപോകുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി വടക്കൻ കേരളത്തിൽ ഞായറാഴ്ച റെഡ് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതീവ ജാഗ്രതാനിർദ്ദേശം നൽകിയത്.

ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തിൽ പരക്കെ മഴ തുടരുകയാണ്. തെക്കൻ കേരളത്തിൽ ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. തിരുവനന്തപുരത്ത് കരമനയാർ കരകവിഞ്ഞൊഴുകുകയാണ്. തീരപ്രദേശത്തുള്ളവരോട് ജാഗ്രത പാലിക്കാൻ നിർദേശിച്ചിട്ടുണ്ട്. അതേസമയം തിരുവനന്തപുരത്തെ ഇന്ന് പ്രഖ്യാപിച്ച റെഡ് അലർട്ട് പിൻവലിച്ച് യെല്ലോ അലർട്ടാക്കി. കൊല്ലം, പത്തനംതിട്ട ജില്ലകൾ ഒഴികെ മറ്റു ജില്ലകളിൽ ഇന്ന് റെഡ് അലർട്ടിന് തൊട്ടുതാഴെ വരുന്ന ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ അതിശക്തമായ മഴ ലഭിക്കുമെന്നാണ് പ്രവചനം. അതേസമയം ഈ ജില്ലകളിൽ നേരത്തെ പ്രഖ്യാപിച്ച റെഡ് അലേർട്ട് യെല്ലോ അലർട്ടാക്കി. മറ്റു ജില്ലകളിൽ പരക്കെ മഴ പെയ്യാനാണ് സാധ്യത. ജാഗ്രതാനിർദ്ദേശം എന്ന നിലയിൽ ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കടൽ ക്ഷോഭത്തിനും കാറ്റിനും സാധ്യതയുള്ളതിൽ തീരപ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഇന്ന് ശക്തമാകും. 12 മണിക്കൂർ കൊണ്ട് അതിതീവ്രമാകും. 24 മണിക്കൂറിനിടെയാണ് ഇത് ടൗടേ ചുഴലിക്കാറ്റായി മാറുന്നത്. ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം കേരള തീരത്തോട് ചേർന്നായതിനാൽ, കടൽപ്രക്ഷുബ്ധമായിരിക്കും. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയുടെ 9 സംഘത്തെ വിവിധ ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്.