വാഷിങ്ടൺ: അമേരിക്കൻ തെരഞ്ഞെടുപ്പു ഫലം അന്തിമ ഘട്ടത്തിൽ വിജയം ഉറപ്പിച്ചാണ് ബൈഡൻ മുന്നേറുന്നത്. എന്നാൽ, തോൽവി സമ്മതിക്കാതെ ക്രമക്കേട് ആരോപിച്ചു ആകെ വട്ടുവിടിച്ച അവസ്ഥയിലാണ് പ്രസിഡന്റ് ട്രംപ്. ഇങ്ങനെ പോയാൽ വൈറ്റ് ഹൗസിൽ നിന്നും ട്രംപിനെ പടിയിറക്കി വിടാൻ പട്ടാളം ഇറങ്ങേണ്ടി വരുമെന്ന ട്രോളുകൾ പോലും എത്തിക്കഴിഞ്ഞു. ഇതിനിടെ പ്രസിഡന്റിന്റെ മണ്ടത്തരങ്ങളിൽ മനം മടുത്ത് അമേരിക്കൻ ചാനലുകളും നടപടികൾ കൈക്കൊണ്ടിരിക്കുന്നു. പ്രസിഡന്റ് വാർത്താസമ്മേളനത്തിൽ പറയുന്നതെല്ലാം പച്ചക്കള്ളം ആകുമ്പോൾ ട്രംപിനെതിരെ രംഗത്തെത്തിയിരിക്കയാണ് യുഎസ് ചാനലുകൾ.

ട്രംപ് പറയുന്നതൊന്നും സംപ്രേഷണം ചെയ്യില്ലെന്നാണ് സിഎൻഎൻ അടക്കമുള്ള ചാനലുകളാണ് നിലപാട് എടുത്തിരിക്കുന്നത്. തീർത്തും തെറ്റായ കാര്യങ്ങൾ ചെയ്യുന്നത് പ്രസിഡന്റായാലും വേണ്ടില്ല തങ്ങൾ തത്സമയം ജനങ്ങളിലേക്ക് എത്തിക്കില്ലെന്നാണ് ചാനലുകളുടെ നിലപാട്. ജനഹിതത്തെും ജനവിധിയെയും വരെ സംശയത്തിന്റെ മുൾമുനയിൽ നിർത്തിക്കൊണ്ടുള്ള പ്രസംഗം ട്രംപ് നടത്തിയപ്പോൾ ചാനലുകൾ ലൈവ് സംപ്രേഷണം നിർത്തിവെക്കുകയായിരുന്നു.

വ്യഴാഴ്ച വൈകിട്ടായിരുന്നു സംഭവം. ഇലക്ഷന് ശേഷമുള്ള ട്രംപിന്റെ ആദ്യ വാർത്താസമ്മേളനത്തിലാണ് മാധ്യമങ്ങൾ അസാധാരണ നടപടി സ്വീകരിച്ചത്. വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പ്രസിഡന്റ് പറയുന്നു എന്ന ഒറ്റക്കാരണത്താൽ യുഎസ്സിലെ ടിവി ചാനലുകളെല്ലാം വാർത്താസമ്മേളനം സംപ്രേഷണം ചെയ്യുന്നത് പാതിവഴിയിൽ അവസാനിപ്പിക്കുകയായിരുന്നു.

'തിരഞ്ഞെടുപ്പ് തങ്ങളിൽ നിന്ന് തട്ടിയെടുക്കാൻ ഡെമോക്രാറ്റുകൾ നിയമവിരുദ്ധമായി വോട്ട് ചെയ്യുകയായിരുന്നു' എന്നാണ് ട്രംപ് വാർത്താസമ്മേളനത്തിൽ പറഞ്ഞത്. സമാന കാര്യങ്ങൾ ആവർത്തിച്ചു പറയുന്നതിനിടക്കാണ് സംപ്രേഷണം നിർത്തിയത്. 'ഇതാ ഞങ്ങളിവിടെ ഒരസാധാരണ സാഹചര്യത്തിൽ വീണ്ടും എത്തിയിരിക്കുകയാണ്. പ്രസിഡന്റിന്റെ വാർത്താ സമ്മേളനം തടസ്സപ്പെടത്തുക മാത്രമല്ല, പകരം തിരുത്തുക കൂടിയാണിവിടെ, എന്ന് പറഞ്ഞുകൊണ്ട് എംഎസ്എൻബിസി ചാനൽ സംപ്രേഷണം നിർത്തിയത്.

എംഎസ്എൻബിസി വാർത്താവതാരകനാണ് ട്രംപിന്റെ വാർത്താ സമ്മേളനം സംപ്രേഷണം ചെയ്യുന്നതിനിടയിൽ ഇടെപെട്ടുകൊണ്ട് ഇതതരമൊരു പ്രസ്താവന നടത്തി സംപ്രേഷണം നിർത്തിയത്. എൻബിസി എബിസി ന്യൂസും ഇത്തരത്തിൽ ഇടെപെട്ടുകൊണ്ട് സംപ്രേഷണം നിർത്തി.

അതേസമയം ജോർജ്ജിയയിലും പെൻസിൽവാനിയയിലും വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ട്രംപ് അനുകൂലികൾക്ക് ആശങ്ക ശക്തമാകുന്ന വാർത്തകളാണ് പുറത്തുവരുന്നത്. പെൻസിൽവാനിയയിലെ ഫലം ഇന്ന് പ്രഖ്യാപിക്കും എന്ന അറിയിപ്പ് വന്നതോടുകൂടിയാണ് പ്രശ്‌നങ്ങൾ കൂടുതൽ ഗുരുതരമാകുന്ന സ്ഥിതിവിശേഷം സംജാതമായത്. ഇവിടെ ട്രംപ് 2 പോയിന്റിന് മുന്നിട്ട് നിൽക്കുന്നുണ്ടായിരുന്നു. എന്നാൽ, ലീഡുകൾ മാറി മറിയുന്ന പെൻസിൽവാനിയയിൽ ബൈഡന് ജയിക്കാനായാൽ, 270 ഇലക്ടറൽ കോളേജ് വോട്ടോടെ വൈറ്റ്ഹൗസിലേക്കുള്ള യാത്ര ഉറപ്പാക്കാൻ കഴിയും. എന്നാൽ, പെൻസിൽവാനിയായിലെ വോട്ടുകൾ മുഴുവൻ ലഭിച്ചാലും, വേറെയും 33 വോട്ടുകൾ കൂടി നേടിയാലെ ട്രംപിന്റെ സ്വപ്നം പൂവണിയൂ. ഇതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമായത്.

നേരത്തേ 2 പോയിന്റിന് ലീഡ് ചെയ്യുകയായിരുന്ന ട്രംപിന്റെ ഭൂരിപക്ഷം ഇവിടെ കുറഞ്ഞുവരികയായിരുന്നു. നഗര മേഖലകൾ എണ്ണാൻ തുടങ്ങിയപ്പോഴാണ് ബൈഡൻ മേൽക്കൈ നേടാൻ ആരംഭിച്ചത്. പെൻസിൽവാനിയയിൽ മൊത്തം 20 ഇലക്ടറൽ കോളേജ് വോട്ടുകളാണ് ഉള്ളത്. ബൈഡൻ ഇത് നേടിയാൽ പ്രസിഡണ്ട് സ്ഥാനം ഉറപ്പാക്കാം. പ്രസിഡണ്ട് സ്ഥാനത്തിന് 270 ഇലക്ടറൽ കോളേജ് വോട്ടുകളാണ് ആവശ്യമായുള്ളത്. ഇപ്പോൾ തന്നെ ബൈഡന് 264 വോട്ടുകൾ ലഭിച്ചിട്ടുണ്ട്.

അതേസമയം ട്രംപിന് ഇതുവരെ നേടാനായത് 214 ഇലക്ടറൽ വോട്ടുകൾ മാത്രമാണ്. അതായത്, പെൻസിൽവാനിയയിൽ ജയിച്ചാലും ജോർജിയ, നോർത്ത് കരോലിന, അരിസോണ, നെവേഡ തുടങ്ങിയ ഏതെങ്കിലും സംസ്ഥാനങ്ങളിൽ കൂടി ജയിച്ചാലെ ട്രംപിന് വിജയം ഉറപ്പു വരുത്താൻ കഴിയു. ഇവിടങ്ങളിലെ ഫലം ഇനിയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. നേരത്തേ ട്രംപ് സ്വീകരിച്ച നിയമനടപടികൾ മൂലം ഫിലാഡൽഫിയയിലും പിറ്റ്‌സ്ബർഗിലും വോട്ടെണ്ണൽ കുറച്ചു സമയത്തേക്ക് നിർത്തിവയ്‌ക്കേണ്ടതായി വന്നു. എന്നാൽ, പിന്നീട് അനുകൂല ഉത്തരവ് വന്നതോടെ വോട്ടെണ്ണൽ പുനരാരംഭിക്കുകയായിരുന്നു.

തെരഞ്ഞെടുപ്പ് ഫലം വൈകുന്നതിലുള്ള ആശങ്കയും, വഷളാകുന്ന ക്രമസമാധാന പ്രശ്‌നവും ഒരു പക്ഷെ അമേരിക്ക് ഇതിനു മുൻപെങ്ങും അഭിമുഖീകരിക്കാത്ത ഒരു സാഹചര്യമാണ്. ഔദ്യോഗിക പ്രഖ്യാപനം വരെ ശാന്തതയോടെ, സമചിത്തത കൈവിടാതെ കാത്തിരിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ രംഗത്തെത്തി. ചില സമയങ്ങളിൽ, ജനാധിപത്യം എന്നത് അതീവ സങ്കീർണ്ണമായ ഒരു പ്രക്രിയയാണ്. ക്ഷമയാണ് അത്തരം സന്ദർഭങ്ങളിൽ ആവശ്യം. അദ്ദേഹം ഓർമ്മിപ്പിച്ചു.