നോയിഡ: കോളേജ് വിദ്യാർത്ഥിനിയായ 20 വയസ്സുകാരിയെ കാറിലെത്തിയ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയെന്ന കുടുംബത്തിന്റെ പരാതി വ്യാജമെന്ന് കണ്ടെത്തി നോയിഡ പൊലീസ്. കുടുംബം പരാതി നൽകുന്നതിനും പ്രതിഷേധം ഉയർത്തുന്നതിനും ഒരുദിവസം മുമ്പേ പെൺകുട്ടി ആൺസുഹൃത്തിനൊപ്പം പോയിരുന്നുവെന്നും ഇതിന്റെ നാണക്കേട് മറയ്ക്കാനാണ് വ്യാജ പരാതി ഉന്നയിച്ചതെന്നും പൊലീസ് വ്യക്തമാക്കി. വ്യാജ പരാതി നൽകി കബളിപ്പിച്ചതിനും റോഡ് ഉപരോധിച്ച് ഗതാഗതം തടസപ്പെടുത്തിയതിനും ഇവർക്കെതിരേ കേസെടുക്കും.

ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിൽനിന്ന് പെൺകുട്ടിയെ കണ്ടെത്തിയെന്നും ഇവർ സുരക്ഷിതയാണെന്നും പൊലീസ് വ്യക്തമാക്കി. വ്യാഴാഴ്ചയാണ് നോയിഡ ബദൽപുരിൽ താമസിക്കുന്ന കുടുംബം മകളെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് പൊലീസിനെ സമീപിച്ചത്. സഹോദരങ്ങൾക്കൊപ്പം പ്രഭാതസവാരിക്ക് പോയ മകളെ കാറിലെത്തിയ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയെന്നായിരുന്നു പരാതി.

ഇതിനുപിന്നാലെ കുടുംബവും പ്രദേശവാസികളും ബദർപുരിൽ പ്രതിഷേധവും സംഘടിപ്പിച്ചു. പരാതിയിൽ എത്രയുംവേഗം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് റോഡ് ഉപരോധം ഉൾപ്പെടെ സംഘടിപ്പിച്ചത്.

സഹോദരിയെ തട്ടിക്കൊണ്ടുപോയതിന് ദൃക്‌സാക്ഷിയെന്ന് അവകാശപ്പെട്ട ഇളയസഹോദരി ഓരോ കാര്യങ്ങളും മാധ്യമങ്ങൾക്ക് മുന്നിൽ വിശദീകരിച്ചു. അക്രമികൾക്കെതിരേ ചെറുത്തുനിൽപ്പിന് ശ്രമിച്ചെന്നും എന്നാൽ അവർ ചേച്ചിയെ കാറിലേക്ക് തള്ളിയിട്ട് കടന്നുകളഞ്ഞെന്നുമായിരുന്നു ഇളയസഹോദരി പറഞ്ഞത്. ഇതോടെ തട്ടിക്കൊണ്ടുപോകപ്പെട്ട കോളേജ് വിദ്യാർത്ഥിനിയെ കണ്ടെത്താൻ പൊലീസ് അന്വേഷണവും ഊർജിതമാക്കി.

എന്നാൽ വിശദമായ അന്വേഷണം നടക്കുന്നതിനിടെയാണ് ചില നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചത്. തട്ടിക്കൊണ്ടുപോയെന്ന് പറയുന്ന പെൺകുട്ടി ഒരുദിവസം മുമ്പേ വീട്ടിൽനിന്ന്‌പോയിരുന്നതായും ആൺസുഹൃത്തിനൊപ്പമാണ് പോയതെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഇതോടെ കുടുംബം ഉന്നയിച്ച പരാതി വ്യാജമാണെന്ന് തെളിയുകയായിരുന്നു.

കോളേജ് വിദ്യാർത്ഥിനിയായ 20 വയസ്സുകാരി ബുധനാഴ്ച വൈകിട്ട് തന്നെ വീട് വിട്ടിറങ്ങിയെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നത്. സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പമാണ് പോയത്. പെൺകുട്ടിയെ വെള്ളിയാഴ്ച രാവിലെ ഗോണ്ടയിൽനിന്ന് കണ്ടെത്തിയെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വീട് വിട്ടിറങ്ങിയതെന്ന് ഇവർ മൊഴി നൽകിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

ബുധനാഴ്ച വൈകിട്ട് വീട്ടിൽനിന്നിറങ്ങിയ പെൺകുട്ടി മഥുര വഴി ബസിലാണ് ഗോണ്ടയിലെത്തിയത്. പെൺകുട്ടി ആൺസുഹൃത്തിനൊപ്പം പോയെന്ന് മനസിലാക്കിയതോടെ നാണക്കേട് ഭയന്നാണ് കുടുംബം തട്ടിക്കൊണ്ടുപോകൽ കഥ മെനഞ്ഞത്.

പെൺകുട്ടിയുടെ അമ്മാവനായ ഡൽഹി പൊലീസിലെ ഒരു എഎസ്ഐ.യാണ് കള്ളക്കഥ മെനഞ്ഞതിൽ പ്രധാനിയെന്നും അച്ഛനും മുത്തച്ഛനും ഇതിൽ പങ്കുണ്ടെന്നും പൊലീസ് പറഞ്ഞു. വ്യാജ പരാതി നൽകി കബളിപ്പിച്ചതിനും റോഡ് ഉപരോധിച്ച് ഗതാഗതം തടസപ്പെടുത്തിയതിനും ഇവർക്കെതിരേ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

വിവാദമായ പരാതി വ്യാജമാണെന്ന് തെളിയിക്കുകയും പെൺകുട്ടിയെ സുരക്ഷിതമായനിലയിൽ കണ്ടെത്തുകയും ചെയ്ത അന്വേഷണസംഘത്തിന് ഉത്തർപ്രദേശ് ഡി.ജി.പി. ഒരുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.