എഴുകോൺ (കൊല്ലം) : ഏഴുകോണിലെ ദമ്പതികൾ അക്രമിക്കപ്പെട്ട കേസിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്. മകളെയും മരുമകനെയും ഉപദ്രവിക്കാൻ ക്വട്ടേഷൻ നൽകിയ കേസിൽ വീട്ടമ്മ അറസ്റ്റിലായി. കേരളപുരം കല്ലൂർവിളവീട്ടിൽ നജിയാണ് പിടിയിലായത്. എഴുകോൺ കാക്കക്കോട്ടൂരിൽ ബൈക്കിൽ സഞ്ചരിച്ച ദമ്പതിമാരെ മർദിച്ച് മാലകവർന്ന സംഭവം ക്വട്ടേഷൻ ആക്രമണമാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ശേഷമാണ് അറസ്റ്റ് ഉണ്ടായത്.

അന്വേഷണ സംഘത്തെപോലും ഞെട്ടിച്ച ക്വട്ടേഷൻ കഥ ഇങ്ങനെ;ഡിസംബർ 23-ന് രാത്രി ഏഴിനായിരുന്നു സംഭവം. നജിയുടെ മകൾ അഖിനയും ഭർത്താവ് ജോബിനും സഞ്ചരിച്ച ബൈക്ക് തടഞ്ഞ് മൂന്നംഗസംഘം ആക്രമിക്കുകയായിരുന്നു. ഇരുവരെയും മർദിച്ചശേഷം അഖിനയുടെ കഴുത്തിലുണ്ടായിരുന്ന സ്വർണമാലയും കവർന്നു. അക്രമിസംഘത്തിൽപ്പെട്ട മങ്ങാട് സ്വദേശി ഷഹിൻഷാ (29), വികാസ് (34), കിരൺ (31) എന്നിവരെ പൊലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യംചെയ്തപ്പോഴാണ് ക്വട്ടേഷൻ കഥ പുറത്തായത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ,അഖിനയുടെ രണ്ടാം ഭർത്താവാണ് തൃശ്ശൂർ സ്വദേശിയായ ജോബിൻ. ജോലിയില്ലാത്ത ജോബിനും അഖിനയും നജിയുടെ ചെലവിലാണ് കഴിഞ്ഞിരുന്നത്. ജോലിക്കുപോകാതെ മകളും മരുമകനും ആഡംബര ജീവിതം നയിക്കുന്നതിനെ നജി ചോദ്യംചെയ്തു. ഇത് ഇഷ്ടപ്പെടാതിരുന്ന ജോബിൻ നജിയെ ഉപദ്രവിച്ചിരുന്നു. ഇതിലുള്ള വിരോധമാണ് മകളെയും മരുമകനെയും ആക്രമിക്കാനും മാല കവരാനും ക്വട്ടേഷൻ നൽകാൻ പ്രേരിപ്പിച്ചത്.

10,000 രൂപയ്ക്കായിരുന്നു മൂന്നംഗസംഘം ക്വട്ടേഷൻ ഏറ്റത്. മരുമകനിട്ടു രണ്ടെണ്ണംകൊടുക്കണം, മകളെയൊന്നു വിരട്ടണം,കഴുത്തിൽ കിടക്കുന്ന സ്വർണമാലപിടിച്ചുപറിക്കണമെന്നുമായിരുന്നു ക്വട്ടേഷൻ സംഘത്തിന് നജിനൽകിയ നിർദ്ദേശം.പറഞ്ഞവാക്ക് സംഘം പാലിച്ചു. മരുമകനും മകൾക്കും തല്ലുംകൊടുത്തു, മാലയും കവർന്നു.

ദമ്പതിമാരെ മർദിച്ച് ഒൻപതുപവൻ മാല കവർന്നെന്ന പരാതി എഴുകോൺ പൊലീസിൽ ലഭിക്കുമ്പോൾ സാധാരണ പിടിച്ചുപറിക്കാരാകുമെന്നായിരുന്നു പൊലീസിന്റെ ആദ്യ നിഗമനം. സ്ഥലപരിശോധനയിലും വിവരശേഖരണത്തിലും പൊരുത്തക്കേടുകൾ മണത്തു. ഡ്യൂക്ക് ബൈക്കിൽ സഞ്ചരിച്ചിരുന്ന ദമ്പതിമാരെ സ്‌കൂട്ടറിലെത്തിയ സംഘം ആക്രമിച്ചു മാലകവർന്നത് അസ്വാഭാവികമായി പൊലീസിനുതോന്നി. കൂടാതെ ജോബിനെ ബൈക്കിൽനിന്നിറക്കി മാറ്റിനിർത്തി മർദിച്ചെന്നതും സംഘത്തിന്റെ ലക്ഷ്യം പിടിച്ചുപറി മാത്രമല്ലെന്നതിന്റെ സൂചനയായി.

സൈബർസെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ അക്രമികൾ പിടിയിലായതോടെ ക്വട്ടേഷന്റെ ചുരുളഴിഞ്ഞു. കവർന്ന മാല ഒൻപത് പവന്റെതല്ല ആറുപവന്റെതാണെന്നും കണ്ടെത്തി.

സംഭവത്തിനുശേഷം പലയിടത്തായി ഒളിവിൽക്കഴിയുകയായിരുന്നു നജി. വർക്കലയിൽ നിന്നാണ് പിടിയിലായത്. എഴുകോൺ സിഐ. ശിവപ്രസാദ്, എസ്‌ഐ. ബാബുക്കുറുപ്പ്, എഎസ്ഐ. ആഷിർ കോഹൂർ, സൈബർ സെൽ ഉദ്യോഗസ്ഥരായ വിബു എസ്.വി., മഹേഷ് മോഹൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.