ന്യൂഡൽഹി: കേന്ദ്ര സർക്കാരും ട്വിറ്ററും തമ്മിലുള്ള പോര് മുറുകുന്നതിനിടെ ഐടി മന്ത്രി രവിശങ്കർ പ്രസാദിന്റെ അക്കൗണ്ട് ലോക്ക് ചെയ്ത നടപടിയും വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. ഐ ടി മന്ത്രിയുടെയും അക്കൗണ്ട് ലോക്ക് ചെയ്ത സംഭവം കേന്ദ്രസർക്കാറിനെ വിലയ തോതിൽ ചൊടിപ്പിച്ചിട്ടുണ്ട്. എന്നാൽ, ഈ സംഭവത്തിൽ അസ്വഭാവികമായി ഒന്നുമില്ലെന്നാണ് ട്വിറ്ററിന്റെ അവകാശവാദം.

സംഭവത്തിൽ വിശദീകരണവുമായി സോഷ്യൽ മീഡിയ ഭീമൻ രംഗത്തെത്തുകയും ചെയ്തു. പഴയ ഒരു ട്വീറ്റ് പകർപ്പാവകാശ നിയമം ലംഘിച്ചതിനാലാണ് അക്കൗണ്ട് ലോക്ക് ചെയ്തത് എന്നാണ് ട്വിറ്റർ വിശദീകരിച്ചത്. ഇതു സംബന്ധിച്ച് കേന്ദ്രമന്ത്രിക്ക് മുൻകൂട്ടി അറിയിപ്പു നൽകിയിരുന്നെന്നും വ്യക്തമാക്കി.

2017 ഡിസംബർ 16ന് ചെയ്ത ഒരു ട്വീറ്റ് പകർപ്പാവകാശം ലംഘിച്ചുവെന്ന സോണി മ്യൂസിക്കിന്റെ പരാതിയെ തുടർന്നാണ് ട്വീറ്റ് നീക്കം ചെയ്തതെന്നാണ് വിശദീകരണം. വിജയ ദിവസ് അനുസ്മരിച്ച് അപ്ലോഡ് ചെയ്ത വീഡിയോയിൽ എ ആ റഹ്മാന്റെ മാ തുജേ സലാം എന്ന ഗാനം പശ്ചാത്തല സംഗീതമായി ഉപയോഗിച്ചിരുന്നു, ഈ പാട്ടിന്റെ പകർപ്പാവകാശം സോണി മ്യൂസിക്കിനാണ്. വീണ്ടും പരാതി ലഭിക്കുന്ന സാഹചര്യമുണ്ടായാൽ അക്കൗണ്ട് സസ്‌പെൻഡ് ചെയ്യേണ്ടി വരുമെന്നും ട്വിറ്റർ മുന്നറിയിപ്പ് നൽകി.

ഡിഎംസിഎ ( ഡിജിറ്റൽ മില്ലേനിയം കോപ്പി റൈറ്റ് ആക്ട് ) നോട്ടീസ് സംബന്ധിച്ച് മന്ത്രിയെ നേരത്തെ തന്നെ ഇമെയിലിലൂടെ അറിയിച്ചുവെന്നും ട്വിറ്റർ വിശദീകരിക്കുന്നു. എന്നാൽ യാതൊരു അറിയിപ്പും ഉണ്ടായിരുന്നില്ലെന്നായിരുന്നു മന്ത്രിയുടെ വിമർശനം. ഒരു മണിക്കൂറോളം നേരമാണ് കേന്ദ്ര ഐടി മന്ത്രിയുടെ അക്കൗണ്ട് ട്വിറ്റർ വെള്ളിയാഴ്ച ലോക്ക് ചെയ്തത്. അതിനു പിന്നാലെ തന്റെ ട്വീറ്റും നീക്കം ചെയ്തുവെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് ശശി തരൂരും രംഗത്തെത്തിയിരുന്നു. ബോണി എമ്മിന്റെ പ്രശസ്തമായ റാ റാ റാസ്പുട്ടിൻ ഗാനമുപയോഗിച്ചുള്ള ഒരു വീഡിയോ പങ്കുവച്ചതിനായിരുന്നു ശശിതരൂരിരന് പകർപ്പാവകാശ ലംഘനത്തിന് നോട്ടീസ് ലഭിച്ചത്.