കൊല്ലം: പുനലൂർ നെല്ലിപ്പള്ളി കല്ലടയാറ്റിൽ റബ്ബർ ഫാക്റ്ററിയിൽ നിന്നുള്ള അമോണിയയും ആസിഡും ഉൾപ്പടെയുള്ള മാരകമായ രാസമാലിന്യം തള്ളാനെത്തിയ KL 40 6856 രജിസ്റ്റർ നമ്പറുള്ള ലോറിയുൾപ്പടെ 2 പേരെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. വാഹന ഡ്രൈവർ സുധീർ,സഹായി ദിലീപ്‌ എന്നിവരെയാണ് പൊലീസ്‌ പിടിയിലായത്.

ഇന്ന് വെളുപ്പിനെ ഏകദേശം രണ്ട്‌ മണിയോടെ ആയിരുന്നു സംഭവം.രാത്രി കാല പരിശോധനക്കിറങ്ങിയ പൊലീസ് സംഘത്തിന് പുനലൂർ നെല്ലിപ്പള്ളി പമ്പിന്റെ എതിർവശത്തുള്ള വിജനമായ സ്ഥലത്ത് ആറിനോട് ചേർന്ന് സംശയകരമായ നിലയിൽ ടാങ്കർ ലോറി നിർത്തിയിട്ടിരിക്കുന്നത് വിവരം ലഭിച്ചു. സംഭവ സ്ഥലത്തെത്തിയ പൊലീസിനെ കണ്ട് ഡ്രൈവറും സഹായിയും രാത്രിയുടെ മറവിൽ സമീപമുള്ള കാട്ടിൽ കമഴ്ന്നു കിടന്ന് രക്ഷപ്പെടുവാൻ ശ്രമിച്ചു.

എന്നാൽ പൊലീസ് ഇവരെ കണ്ടെത്തുകയും കസ്റ്റഡിയിൽ എടുക്കുകയും തുടർന്ന് നടത്തിയ പരിശോധനയിൽ ലോറിയിൽ നിന്നും രാസമാലിന്യം തള്ളുകയാണെന്ന് മനസിലാക്കി.ഇവരെ ചോദ്യം ചെയ്തതിൽ പല പ്രാവശ്യം മാലിന്യം ഈ പ്രദേശത്ത്‌ തള്ളിയതായി പറഞ്ഞു. ഉടൻ തന്നെ രണ്ട് പേരെയും ലോറി ഉൾപ്പടെ കസ്റ്റഡിയിൽ എടുത്തു കേസെടുത്തു.

പുനലൂർ തുമ്പോട് ഉള്ള സ്വകാര്യ റബ്ബർ ഫാക്ടറിയുടെയും ഉടമയുടെയും പേര് പിടിയിലായവർ വെളിപ്പെടുത്തിയതായി പൊലീസ്‌ പറഞ്ഞു.എന്നാൽ ഫാക്റ്ററി ഏതാണെന്നും ഉടമ ആരാണെന്നും തുടർ അന്വേഷണം നടക്കുന്നതിനാൽ പൊലീസ്‌ വെളിപ്പെടുത്തിയില്ല. തുടർന്നും പരിശോധന ഉണ്ടാകും എന്നും കല്ലടയാറ്റിൽ മാലിന്യം തള്ളുന്നവർക്ക് എതിരെ കർശന നടപടി ഉണ്ടാകും എന്ന് പുനലൂർ പൊലീസ്‌ പറഞ്ഞു.

പുനലൂർ ഉള്ള സ്വകാര്യ റബ്ബർ ഫാക്ടറിയിൽ നിന്നും സ്ഥിരമായി മാലിന്യം തള്ളുന്നത് പതിവായിരുന്നു എന്നും ഇത് നിരന്തര പരാതിക്ക് ഇടയാക്കി എങ്കിലും അധികാരികൾ രാഷ്ട്രീയ സ്വാധീനത്താൽ നടപടി എടുത്തില്ല.ഫാക്റ്ററി മലിന ജലം കിണറ്റിൽ ഇറങ്ങിയതിനാൽ ജീവിതം ദുസ്സഖമായ പലരും കിട്ടിയ വിലക്ക് കിടക്കാടം വിറ്റിട്ട് പോയി എന്നും ഫാക്റ്ററി ഉടമ കേരള പൊല്ലുവേഷൻ കണ്ട്രോൾ മെമ്പറും പ്രമുഖ രാഷ്ട്രീയ പാർട്ടി നേതാവും ആണെന്നും അതിനാൽ തന്നെ ഒരു നടപടിയും ഉണ്ടാകില്ല എന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത പ്രദേശവാസി പറഞ്ഞു.

പുനലൂർ കുടിവെള്ള പദ്ധതിയുടെ ഏകദേശം 100 മീറ്റർ അകലത്തിലും കൂടാതെ കുറച്ചു താഴെയുള്ള കുര്യോട്ടുമല കുടിവെള്ള പദ്ധതിയുടെയും നടുക്കാണ് മാരകമായ രാസ മാലിന്യം തള്ളിയത്. ഈ ഭാഗത്ത് നിരന്തരമായി രാസമാലിന്യം രാത്രിയുടെ മറവിൽ തള്ളുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. പുനലൂർ മുനിസിപ്പാലിറ്റിയും പിറവന്തൂർ,പത്തനാപുരം,പട്ടാഴി,വിളക്കുടി,തലവൂർ തുടങ്ങി നിരവധി പഞ്ചായത്തുകൾ കുടിവെള്ളത്തിന് ആശ്രയിക്കുന്നത് കല്ലടയാറിനെ ആണ്.

പുനലൂർ പൊലീസ് എസ്‌.ഐ മിഥുൻ ജെ.എസ്,പുനലൂർ ജനമൈത്രി സി.ആർ.ഒ പി അനിൽ കുമാർ,ജെ.എസ്‌ഐ നന്ദ കൃഷ്ണ നാഥ് എന്നിവരടങ്ങുന്ന സംഘമാണ് ലോറിയും പ്രതികളെയും കസ്റ്റഡിയിൽ എടുത്തത്.