കൊല്ലം: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്നു ജോലികഴിഞ്ഞു മടങ്ങിയ ആരോഗ്യ പ്രവർത്തകയെ അടിച്ചുവീഴ്‌ത്തിയശേഷം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. കൊല്ലം സ്വദേശികളായവ യുവാക്കളാണ് പിടിയിലായത്. കടയ്ക്കാവൂർ സ്വദേശി റോക്കി റോയി, കഠിനംകുളം സ്വദേശി നിശാന്ത് എന്നിവരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. പിടിയിലായവർ സ്ഥിരമായി മാലപൊട്ടിക്കൽ കേസുകളിൽ പ്രതികളാണെന്ന് പൊലീസ് വ്യക്തമാക്കി.

കോട്ടയം, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഇവർക്കെതിരെ കേസുകൾ നിലവിലുണ്ട്. കൊല്ലത്ത് നിന്ന് ബൈക്ക് മോഷ്ടിച്ച കേസിലും ഇവർ പ്രതികളാണ്. ആരോഗ്യ പ്രവർത്തകയെ ആക്രമിക്കുന്നതിനിടെ സ്ഥലത്ത് എത്തിയ പൊലീസിന്റെ പട്രോളിങ് സംഘത്തെ കണ്ട് അക്രമികൾ രക്ഷപ്പെടുകയായിരുന്നു. പ്രദേശത്തുനിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു അക്രമികൾക്ക് വേണ്ടിയുള്ള അന്വേഷണം.

കൊല്ലം സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ചവറയിൽ ബസ് തടഞ്ഞ് നിർത്തിയാണ് നിഷാന്തിനെ അറസ്റ്റ് ചെയ്തത്. നിശാന്തിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ റോക്കിയെ കടയ്ക്കാവൂരിലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു. ഇരുവരും ചേർന്നാണ് തട്ടിപ്പുകൾ നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. ഇപ്പോൾ രണ്ട് പേരും ചവറ പൊലീസ് സ്റ്റേഷനിലാണ് ഉള്ളത്. ഇവരെ ആലപ്പുഴ പൊലീസിന് കൈമാറും.

കോവിഡ് വാർഡിലെ നഴ്സിങ് അസിസ്റ്റന്റ് തൃക്കുന്നപ്പുഴ പാനൂർ ഫാത്തിമാ മൻസിൽ നവാസിന്റെ ഭാര്യ സുബിന (33)യ്ക്കു നേരെയായിരുന്നു ആക്രമണം. രാത്രി 11.45-ന് തീരദേശറോഡിൽ പല്ലന ഹൈസ്‌കൂളിനു വടക്കു ഭാഗത്തായിരുന്നു സംഭവം. ബൈക്കിൽവന്ന രണ്ടുപേരാണ് ആക്രമണം നടത്തിയത്. ഒരാൾ ഹെൽമെറ്റും രണ്ടാമൻ മുഖംമറയ്ക്കുന്നവിധത്തിലുള്ള തൊപ്പിയും (മങ്കി ക്യാപ്) ധരിച്ചിരുന്നു.

രാത്രി ജോലികഴിഞ്ഞിറങ്ങിയ സുബിന തോട്ടപ്പള്ളി കഴിഞ്ഞ് പല്ലന കുമാരകോടി ജങ്ഷനിലെത്തിയപ്പോൾ രണ്ടുപേർ ബൈക്കിൽ പിന്തുടരുന്നതു ശ്രദ്ധിച്ചിരുന്നു. യാത്രയ്ക്കിടെ ഭർത്താവ് നവാസിനെ ഫോണിൽ വിളിച്ചു വിവരം പറഞ്ഞു. തുടർന്നു വേഗത്തിൽ വണ്ടിയോടിച്ചുപോകാൻ ശ്രമിക്കുമ്പോഴായിരുന്നു അക്രമികൾ തലയ്ക്കടിച്ചുവീഴ്‌ത്തുന്നത്. ഓട്ടോറിക്ഷാ ഡ്രൈവറായ നവാസ് ഭാര്യയെ അന്വേഷിച്ചെത്തിയപ്പോഴേക്കും ആക്രമണം കഴിഞ്ഞിരുന്നു. ആക്രമണത്തിന്റെ ഞെട്ടലിൽ സംസാരിക്കാൻപോലുംകഴിയാത്ത സ്ഥിതിയിലായിരുന്നു സുബിന. തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി. തലയ്ക്കും കഴുത്തിലും മുറിവുണ്ടായിരുന്നു. ആറുവർഷമായി സുബിന മെഡിക്കൽ കോളേജ് ആശുപത്രിയിൽ താത്കാലിക ജോലിചെയ്യുകയാണ്. രണ്ടുവർഷമായി എൻഎച്ച്എം. വഴി കോവിഡ് വാർഡിലാണു ജോലി.

സ്‌കൂട്ടറിനെ പിന്തുടർന്നു തൊട്ടടുത്തെത്തിയ അക്രമികളിൽ പിന്നിലിരുന്നയാൾ കൈകൊണ്ടു സുബിനയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണംവിട്ട് സ്‌കൂട്ടർ വൈദ്യുതി തൂണിലിടിച്ചു. റോഡിൽവീണ തന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു മാലയും കമ്മലുമാണ് ആദ്യമാവശ്യപ്പെട്ടതെന്നു സുബിന പറയുന്നു. മാല ധരിച്ചിരുന്നില്ല. കാതിലുണ്ടായിരുന്നതു മുക്കുപണ്ടമായിരുന്നു. ഇക്കാര്യം പറഞ്ഞതോടെ അക്രമികളിൽ ഒരാൾ ബൈക്കിൽ തിരികെക്കയറി. സുബിനയെ ഇടയ്ക്കിരുത്തി ബൈക്ക് ഓടിച്ചുപോകാനായി പിന്നീടുള്ള ശ്രമം. സർവശക്തിയുമെടുത്ത് അക്രമികളെ തള്ളിവീഴ്‌ത്തിയ സുബിന സമീപത്തെ വീടിന്റെ ഗേറ്റിലടിച്ചു ബഹളംകൂട്ടി. വീട്ടുകാർ പുറത്തിറങ്ങിയതിനൊപ്പം ഒരു പൊലീസ് ജീപ്പ് വരുന്നതുകൂടി കണ്ടതോടെ അക്രമികൾ സ്ഥലംവിടുകയായിരുന്നു.