പൂണെ: യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. പുനെയിലാണ് സംഭവം. ഭോസാരി ചക്രപാണി വാസഹാത്തിലെ ദേവ്കർ വസ്തി പ്രദേശത്തെ മധുബൻ കോളനിയിലെ രാജുശങ്കർ പവാറിനെ കൊലപ്പെടുത്തിയ പ്രതികളാണ് അറസ്റ്റിലായത്. രാംദാസ് അന്ന ഗെയ്ക്വാഡ് (25), സോനബായ് അന്ന ഗെയ്ക്വാഡ് (50) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് കൊലപാതകം നടന്നത്.

കൊല്ലപ്പെട്ട യുവാവിന്റെ ഇളയ സഹോദരൻ പ്രതികളിലൊരാളുടെ കുടുംബത്തിലെ കുട്ടികളുമായുണ്ടായ വഴക്കിനെ തുടർന്നുള്ള വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. വഴക്കിനിടെ പ്രതികൾ രാജു ശങ്കറിന്റെ തലയ്ക്കും നെഞ്ചിനും അടിച്ച് പരിക്കേൽക്കിപ്പിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ യുവാവ് സംഭവ സ്ഥലത്ത് വച്ചുതന്നെ കൊല്ലപ്പെട്ടു. നാട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.