ആദൂർ: വീടിന്റെ തട്ടിൻപുറത്ത് ഒളിപ്പിച്ചു വച്ച കള്ളത്തോക്കുകളും തിരകളും പൊലീസ് പിടികൂടി. ചാമക്കൊച്ചിയിലെ ചിദാനന്ദന്റെ (പവിത്രൻ-32) വീട്ടിൽ നിന്നാണ് ലൈസൻസ് ഇല്ലാത്ത 2 തോക്കുകൾ പിടിച്ചെടുത്തത്. 27 തിരകളും പിടിച്ചെടുത്തു. ഇന്നലെ ഉച്ചയ്ക്കു 2ന് ആദൂർ എസ്‌ഐ ഇ.രത്‌നാകരനും സംഘവും നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. ചിദാനന്ദൻ വീട്ടിൽ ഉണ്ടായിരുന്നില്ല.

വീട്ടിൽ പൊലീസ് എത്തിയപ്പോൾ പവിത്രൻ ഇല്ലെന്നും ഇവിടെ ഒന്നുമില്ലെന്നുമാണ് വീട്ടുകാർ പറഞ്ഞത്. മാത്രമല്ല പാവങ്ങളുടെ വീട്ടിൽ പൊലീസ് കയറുന്നത് ശരിയല്ലേന്നും ഇവർ പറഞ്ഞു. എന്നാൽ ഇവിടെ വരെ വന്നതെല്ലേ എന്തായാലും കയറിയിട്ട് പോകാമെന്നായി പൊലീസ് വീടിനുള്ളിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ഒന്നും കണ്ടത്താൻ സാധിച്ചതുമില്ല. പക്ഷെ പൊലീസിന് തങ്ങൾക്ക് ലഭിച്ച വിവരം തള്ളിക്കളയാൻ സാധിക്കുമായിരുന്നില്ല.

തുടർന്ന് നടന്ന വിശദമായ പരിശോധനയിലാണ് അടുക്കളയ്ക്കു മുകളിൽ വിറകുകൾ സൂക്ഷിച്ചതിന്റെ ഇടയിൽ നിന്നും തോക്കു കണ്ടത്തുന്നത് . ഒളിപ്പിച്ച തോക്കുകൾക്ക് ലൈസൻസ് ഇല്ലാതിരുന്നിട്ടും ഇത്രയേറെ തിരകൾ ലഭിച്ചത് എവിടെ നിന്നാണെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. തോക്ക് കണ്ടെടുത്തതോടെ പ്രതി ഒളിവിൽ പോയി.

ഇയാളെ കണ്ടെത്താൻ പൊലീസ് അന്വേഷണം കർണ്ണാടകയിലേയ്ക്ക് വ്യാപിപ്പിച്ചു. ചാമക്കൊച്ചി, രക്തേശ്വരി ക്ഷേത്രത്തിനു സമീപത്തെ പവിത്രന്റെ വീട്ടിൽ നിന്നാണ് ഒരു നാടൻ തോക്കും എയർഗണ്ണും 20 തിരകളും ആദൂർ പൊലീസ് പിടികൂടിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് എസ് ഐ ഇ രത്നാകരന്റെ നേതൃത്വത്തിൽ പവിത്രന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് തോക്കും തിരകളും പിടികൂടിയത്.

മരം വെട്ടുതൊഴിലാളിയായ ഇയാൾ കർണ്ണാടകയിലേയ്ക്ക് പോയിട്ടുണ്ടെന്നാണ് വീട്ടുകാർ പൊലീസിനു നൽകിയ മൊഴി. പ്രതിയെ കണ്ടെത്തിയാൽ മാത്രമേ തോക്കു എവിടെ നിന്നു ലഭിച്ചുവെന്നും എന്തിനാണ് ഉപയോഗിച്ചതെന്നും വ്യക്തമാവുകയുള്ളൂവെന്നു അന്വേഷണത്തിനു നേതൃത്വം നൽകുന്ന ആദൂർ ഇൻസ്പെക്ടർ അനിൽ കുമാർ പറഞ്ഞു