തിരുവനന്തപുരം: ചെന്നൈയിലേക്ക് പോകാനായി തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെത്തിയ പെൺകുട്ടിയെ വിവിധയിടങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. വലിയതുറ സ്റ്റിജോ ഹൗസിൽ പ്രശോഭ് ജേക്കബ് (34), വലിയത്തോപ്പ് സെന്റ് ആൻസ് ചർച്ചിനു സമീപം സ്റ്റെല്ല ഹൗസിൽ ജോണ്ടിയെന്ന് വിളിക്കുന്ന ജോൺ ബോസ്കോ (33) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വീട്ടിൽനിന്ന് പിണങ്ങി ഇറങ്ങി ഒറ്റയ്ക്ക് ചെന്നൈക്ക് പോകാനെത്തിയ പെൺകുട്ടിയാണ് പീഡനത്തിരയായത്.

വീട്ടുകാരുമായി പിണങ്ങിയിറങ്ങി തമ്പാനൂർ റെയിൽവേ സ്റ്റേഷൻ ചെന്നൈയ്ക്ക് ടിക്കറ്റെടുക്കാനായി കാത്തിരുന്ന പെൺകുട്ടിയെ അടുത്ത് കൂടി സൗഹ്യദം നടിച്ചാണ് പ്രതികൾ കൂട്ടിക്കൊണ്ടു പോയത്. പടിഞ്ഞാറെക്കോട്ടയ്ക്ക് സമീപമുള്ള ലോഡ്ജ്, തമിഴ്‌നാട് കായ്‌പ്പാടി റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ലോഡ്ജ് എന്നിവിടങ്ങളിൽ വച്ച് പീഡിപ്പിച്ചതായി പേരൂർക്കട പൊലീസ് പറഞ്ഞു.

ചെന്നൈയിൽ എത്തിക്കാൻ സഹായിക്കാമെന്ന് പറഞ്ഞാണ് പ്രശോഭും ജോൺ ബോസ്ക്കോയും പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചത്. പെൺകുട്ടിയെ പിന്നീട് ബംഗളുരുവിൽനിന്നാണ് പൊലീസ് കണ്ടെത്തുന്നത്. കൗൺസിലിങ്ങിനിടെയാണ് താൻ പീഡനത്തിന് ഇരയായെന്ന വിവരം പെൺകട്ടി വെളിപ്പെടുത്തിയത്. പെൺകുട്ടിയുടെ മൊഴിയിൽ നിന്ന് പ്രതികളുടെ സുഹ്യത്തുക്കളായ 4 പേർ കൂടി ബെംഗളൂരുവിൽ വച്ച് പീഡിപ്പിച്ചതായി സൂചന ലഭിച്ചിട്ടുണ്ട്.