മലപ്പുറം: കോട്ടക്കലിൽ പിടിച്ചെടുത്ത ഹാൻസ് മറിച്ച് വിറ്റ് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് കോട്ടക്കൽ സ്റ്റേഷനിലെ രണ്ട് പൊലീസുകാരെ സസ്‌പെൻഡ് ചെയ്യുകയും കേസിൽ അറസ്റ്റ് ചെയ്യുകയും ചെയ്തു. രചീന്ദ്രൻ , സജി അലക്‌സാണ്ടർ എന്നിവർക്കെതിരെയാണ് നടപടി എടുത്തത്.

കഴിഞ്ഞ ജൂൺ 21ന് ആണ് 32 ചാക്ക് ഹാൻസ് ഉൾപ്പെടെ ഉള്ള നിരോധിത പുകയില ഉത്പന്നങ്ങൾ കോട്ടക്കൽ പൊലീസ് പിടികൂടിയത്. 1600 പാക്കറ്റുകളിൽ ആയി ഹാൻസ് അടക്കം ഉള്ള പുകയില ഉത്പന്നങ്ങൾ ആണ് പിടിച്ചെടുത്തത്. വിപണിയിൽ 40 ലക്ഷത്തോളം രൂപ വില മതിക്കുന്നത് ആണ് ഇവ. കോടതിയിൽ ഹാജരാക്കിയ ശേഷം ഇത് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്നു. എന്നാൽ അതിന് തുനിയാതെ നശിപ്പിക്കാൻ നിർദേശിച്ചവ പൊലീസ് മറിച്ച് വിൽക്കുകയായിരുന്നു.

ഇടനിലക്കാരൻ വഴി നടത്തിയ ഈ ഇടപാടിൽ 1,20000 രൂപക്ക് ആണ് മറിച്ച് വിറ്റത്. ഇവക്ക് പകരം 32 ചാക്കിൽ 23 എണ്ണത്തിൽ കാലാവധി കഴിഞ്ഞ പുകയില ഉത്പന്നങ്ങൾ നിറച്ച് വെച്ചു. ബാക്കി ഉള്ളവയിൽ പ്ലാസ്റ്റിക് കവറുകൾ കുത്തി നിറച്ചു. പുകയില കടത്ത് കേസിൽ പ്രതികൾ ആയവർ ആണ് ഈ ഇടപാടിനെ പറ്റി എസ് പി ക്ക് വിവരം നൽകുന്നത്.

തുടർന്ന് ഡി സി ആർ ബി ഡിവൈഎസ്‌പി മോഹൻചന്ദ്രൻ നടത്തിയ അന്വേഷണത്തിന് ഒടുവിൽ ആണ് പൊലീസുകാരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരെ അന്വേഷണ വിധേയമായി സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു. ഐപിസി 379 വകുപ്പ് പ്രകാരം ആണ് പ്രതികൾക്ക് എതിരെ കേസ് എടുത്തിട്ടുള്ളത്.