വഡോദര: സ്‌കൂൾ വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. ഗുജറാത്തിലെ വഡോദരയിലാണ് 16കാരനായ പ്രജാപതി എന്ന സ്കൂൾ വിദ്യാർത്ഥിയെ മൂന്നം​ഗ സംഘം കരുതിക്കൂട്ടി കൊലപ്പെടുത്തിയത്. പ്രായപൂർത്തിയാകാത്ത ബാലന് പുറമേ 18കാരായ അനിൽ ഭർവദ്, ദിലീപ് ഭർവദ് എന്നിവരാണ് അറസ്റ്റിലായത്.

വാക്കേറ്റത്തെ തുടർന്നുണ്ടായ പ്രതികാരമാണ് കൊലയ്ക്ക് കാരണം. നവംബർ 30നാണ് കേസിനാസ്പദമായ സംഭവം. പ്രജാപതിയുടെ രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ വ്യാഴാഴ്ചയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസിലെ മൂന്ന് പ്രതികളിൽ ഒരാൾ പ്രായപൂർത്തികാത്തയാളാണ്. പ്രായപൂർത്തിയാകാത്ത ബാലനും അനിൽ ഭർവദും നേരത്തേ കൊല്ലപ്പെട്ട പ്രജാപതിയുമായി തർക്കം നിലനിന്നിരുന്നു. വിവാഹത്തിൽ പങ്കെടുക്കാനെന്നു പറഞ്ഞ് കൂട്ടിക്കൊണ്ടുപോയായിരുന്നു കൊലപാതകം. വിവാഹത്തിൽ പങ്കെടുക്കുന്നതിനായി നന്നായി വസ്ത്രം ധരിക്കണമെന്നും സ്വർണമാല ധരിക്കണമെന്നും ഇവർ പ്രജാപതിയോട് ആവശ്യപ്പെട്ടിരുന്നു.

ഡിസംബർ 2ന് വിവാഹത്തിൽ പങ്കെടുക്കാനെന്ന് പറഞ്ഞ് പ്രജാപതിയെ വഘോദിയയിലുള്ള വീട്ടിൽ നിന്ന് പ്രതികൾ കൂട്ടിക്കൊണ്ട് പോയി. നമ്പർ പ്ലേറ്റ് ഇല്ലാത്ത വാഹനമാണ് ഇതിന് ഉപയോഗിച്ചിരുന്നത്. കഴിഞ്ഞ ദിവസം ഉണ്ടായ തർക്കത്തെ തുടർന്ന് പ്രജാപതിയെ കൊലപ്പെടുത്താനായിരുന്നു ഇവരുടെ തീരുമാനം. ഇതിനായി ദിലീപ് ഭർവദിനൊപ്പം ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തിരുന്നു

ഒറ്റപ്പെട്ട ഏരിയയിൽ വാഹനം എത്തിച്ച ശേഷം വാഹനത്തിൽ വെച്ച് അനിൽ പ്രജാപതിയെ കൊലപ്പെടുത്തുകയായിരുന്നു. കഴുത്തിലും നെഞ്ചിലുമാണ് പ്രജാപതിക്ക് കുത്തേറ്റത്. അതിനു ശേഷം മൃതദേഹം ഉപേക്ഷിക്കുകയായിരുന്നെന്നും സ്വർണമാല കൈക്കലാക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത ഒരാളും അറസ്റ്റിലായിട്ടുണ്ട്. ഇയാളെ ജുവനൈൽ ഹോമിലേക്ക് മാറ്റി. പ്രതികളായ അനിലും ദിലീപും സ്‌കൂൾ പഠനം പൂർത്തിയാക്കാത്തവരാണെന്ന് പൊലീസ് പറഞ്ഞു.