ലണ്ടൻ: ഭാര്യയെ ആക്രമിച്ച കേസിൽ മലയാൡയുവാവ് യുകെയിലെ ജയിലിൽ. യുകെയിൽ എത്തി വെറും മൂന്നു ആഴ്ചക്കകമാണ് ഭാര്യയെ ആക്രമിച്ച കേസിൽ മലയാളി ജയിലിൽ ആകുന്നത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിൽ സ്റ്റുഡന്റ് വിസയിൽ എത്തിയവർ അടക്കം ബലാത്സംഗം ഉൾപ്പെടെയുള്ള കേസുകളിൽ ആയി 20 ഓളം പേർ ജയിലിൽ ആയിട്ടുണ്ടെങ്കിലും യുകെയിൽ എത്തി ഏറ്റവും വേഗത്തിൽ ജയിൽ ''സൗഭാഗ്യം'' സ്വന്തമാക്കി എന്നതാണ് കോട്ടയംകാരനായ യുവാവിനെ വ്യത്യസ്തനാക്കുന്നത്.

ഭാര്യയുമായി കശപിശ നടത്തി വാക്കേറ്റവും ഉന്തും തള്ളും ഒടുവിൽ പൊലീസ് ഭാഷയിൽ കൊലപാതക ശ്രമവും വരെ നടന്നതോടെ പ്രതിയായ ഇയാളെ ജനുവരി 18 വരെ ജയിലിൽ കിടക്കട്ടെ എന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. അത്യാസന്ന നിലയിൽ ആശുപത്രിയിൽ കഴിയുന്ന ഇയാളുടെ ഭാര്യ മറ്റാരും സഹായത്തിനു ഇല്ലാതായതോടെ രണ്ടു വയസുള്ള കുഞ്ഞിനെ സോഷ്യൽ വർക്കർ ഏറ്റെടുക്കുന്നത് കണ്ണീരോടെ കിടക്കയിൽ കിടന്നു കാണേണ്ട ഹതഭാഗ്യ ആയി മാറി എന്നതാണ് ഈ കേസിലെ മറ്റൊരു ദയനീയത. ആറേഴു വർഷം സൗദിയിൽ ജീവിച്ച ഇരുവരും മിശ്ര വിവാഹിതരാണ്. കോട്ടയം സ്വദേശികളാണ് ഇരുവരും.

മിനിഞ്ഞാന്ന് രാത്രി നടന്ന സംഭവത്തിലെ ക്രൂരതകൾ കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ക്രൂ മലയാളികൾ. കേരളത്തിൽ സംഭവിക്കുന്നത് പോലെയുള്ള വീട്ടുവഴക്കുകൾ യുകെയിൽ സംഭവിച്ചാൽ എന്താകും അനന്തര ഫലം എന്ന് തിരിച്ചറിയാതെ ബ്രിട്ടനിൽ കാലുകുത്തി ദിവസങ്ങൾക്കകം ഭാര്യയെ അതിക്രൂരമായി മർദ്ദിച്ചു ജയിലിൽ ആയ മലയാളി യുവാവിന് ഇനി യുകെയിൽ എന്ത് ഭാവിയെന്നോർത്തു മൂക്കിൽ കൈവയ്ക്കുകയാണ് പ്രാദേശിക മലയാളി സമൂഹം. ലെയ്റ്റൻ ആശുപത്രിയിൽ ആക്സിഡന്റ് ആൻഡ് എമർജൻസി വിഭാഗം മെഡിസിൻ നഴ്സായ യുവതി ഐസിയു ചികിത്സയിൽ ഗുരുതരമായ പരുക്കുകളോടെയാണ് പൊലീസ് ആംബുലൻസ് സഹായത്തോടെ എത്തിച്ചത്.

സ്റ്റെയർകേസിൽ നിന്നുള്ള വീഴ്ച ഗുരുതരമായി

കശപിശയിൽ തുടങ്ങിയ വീട്ടുവഴക്കു അർധരാത്രിയോടെ അതിന്റെ മൂർധന്യാവസ്ഥയിൽ എത്തുകയാണ്. ഭർത്താവിന്റെ ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട തർക്കമാണ് യുവതിയെ പ്രകോപിപ്പിച്ചത്. എന്നാൽ ഭാര്യയെ ശാരീരികമായും കായികമായും നേരിടുന്ന തനി മലയാളി ഭർത്താവാകാൻ ഇയാൾക്ക് ഏറെ നേരം വേണ്ടിവന്നില്ല. കടുത്ത ദേഹോപദ്രവം ഏൽക്കേണ്ടി വന്ന യുവതി പൊലീസ് സഹായം തേടി വിളിച്ചതോടെ കുപിതനായ യുവാവ് ഫോൺ തട്ടിത്തെറിപ്പിച്ചും ആക്രോശം തുടരുകയും ഉപദ്രവം കടുപ്പിക്കുകയുമായിരുന്നു. എന്നാൽ ഫോൺ ഡിസ്‌കണക്റ്റ് ആകാതിരുന്നതോടെ മുഴുവൻ കാര്യങ്ങളും പൊലീസ് തത്സമയം ശ്രദ്ധിക്കുക ആയിരുന്നു. ഉടൻ എത്തേണ്ട സാഹചര്യം ആണെന്ന് മനസിലാക്കിയ പൊലീസ് വിലാസം മനസിലാക്കി കുതിച്ചെത്തിയപ്പോഴുക്കും യുവതിയെ മൂന്നാം നിലയിലെ വീട്ടിൽ നിന്നും സ്റ്റെയർകെയ്സ് വഴി സുധീഷ് തള്ളിത്താഴെ ഇടുകയായിരുന്നു.

ഈ വീഴ്ചയിലാണ് യുവതിക്ക് സാരമായ പരുക്കേറ്റത്. മാത്രമല്ല കഴുത്തിന് കുത്തിപ്പിടിച്ചു ശ്വാസം മുട്ടിച്ചു എന്ന് മനസിലാക്കിയ പൊലീസ് കൊലപാതകക്കുറ്റമാണ് സുധീഷിൽ ചുമത്തിയിരിക്കുന്നത്. വാതിൽ തള്ളിത്തുറന്ന് എത്തിയ പൊലീസ് നിമിഷങ്ങൾക്കകം ഇയാളെ അറസ്റ്റ് ചെയ്തു. അർദ്ധ രാത്രി രണ്ടരയോടെ നടന്ന സംഭവത്തെ തുടർന്ന് ഇവർ താമസിച്ച വീടും പൂട്ടി സീൽ ചെയ്തിരിക്കുകയാണ്. പ്രദേശത്തുള്ള മലയാളിയുടെ തന്നെ വീട്ടിലാണ് ഇവർ വാടകയ്ക്ക് കഴിഞ്ഞിരുന്നത്. നിയമ നടപടികൾ പൂർത്തിയാകാതെ ഒരാളെയും ഇനി ഇവിടേയ്ക്ക് പ്രവേശിപ്പിക്കില്ലെന്നു വ്യക്തമാക്കി പൊലീസ് ക്രൈം സീൻ ലേബൽ പതിപ്പിച്ചു വീടും കസ്റ്റഡിയിലാക്കിയിരിക്കുകയാണ്. ഇതോടെ വീട്ടുടമയും പലവട്ടം പൊലീസിന് വിവരങ്ങൾ നൽകാൻ സമയം കണ്ടെത്തേണ്ട ഗതികേടിലാണ്.

ക്ഷുഭിതയായി വനിതാ ജഡ്ജ്, നേരെ ജയിലിലേക്ക്

യുവാവിനെ കോടതിയിൽ ഹാജരാക്കി ജ്യാമാപേക്ഷ മുന്നിലെത്തിയപ്പോൾ ഹോസ്പിറ്റൽ രേഖകൾ പരിശോധിച്ച വനിതാ ജഡ്ജ് യുവതിക്ക് ഒട്ടറെ ഓപ്പറേഷനുകൾ വേണ്ടി വരും എന്ന് മനസിലാക്കി ജാമ്യം കയ്യോടെ നിരസിക്കുക ആയിരുന്നു. ഈ സാഹചര്യത്തിൽ അച്ഛനും അമ്മയും അരികിൽ ഇല്ലാതായതോടെയാണ് കുഞ്ഞിനെ സോഷ്യൽ കെയർ സംരക്ഷണയിൽ ഏൽപിക്കാൻ തീരുമാനമായത്. സൗദിയിൽ വച്ചും ഇയാൾ ഭാര്യയോട് ഇത്തരത്തിൽ തന്നെയാണ് പെരുമാറിയതെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. യുകെയിൽ എത്തി മൂന്നാഴ്ചക്കകം സ്റ്റുഡന്റ് വിസയിൽ എത്തിയ മറ്റൊരു പെൺകുട്ടിയുമായി ഉണ്ടാക്കിയ ബന്ധമാണ് ഭാര്യയെ പ്രകോപിപ്പിച്ചത്.

ഇപ്പോൾ പൊലീസ് ഈ യുവതിയിൽ നിന്നും തെളിവുകൾ ശേഖരിക്കുകയാണ്. ഈ യുവതിയും ഭർതൃമതിയാണ്. പ്രദേശത്തെ ഒരു കടയിൽ വച്ചാണ് ഇരുവരും കണ്ടു മുട്ടിയത്. സ്റ്റുഡന്റ് വിസയിൽ എത്തിയ മിഷയെന്ന (യഥാർത്ഥ പേരല്ല) ഈ യുവതി ഒരു കെയർ ഹോം ജീവനക്കാരി കൂടിയാണ്. ഫോണിലെ രേഖകൾ എല്ലാം പ്രിന്റ് എടുത്തു ഭാര്യ പൊലീസിനെ ഏൽപ്പിച്ചതെയാണ് വിവരം. ഇതും ഇയാളെ പ്രകോപിതനാക്കാൻ കാരണമായിട്ടുണ്ടാകാം. ഭർത്താവിൽ ഉള്ള വിശ്വാസം നഷ്ടമായി എന്നാണ് യുവതി സുഹൃത്തുക്കളോട് പറഞ്ഞത്.

പുതുതായി എത്തുന്ന മലയാളി കുടുംബങ്ങൾ വാടക വീടിനായി ക്ലേശിക്കുന്ന സാഹചര്യത്തിലാണ് ഇക്കാര്യത്തിൽ വീണ്ടുവിചാരം നടത്താൻ വീട്ടുടമകളായ മുഴുവൻ മലയാളികളെയും പ്രേരിപ്പിക്കും വിധം ക്രൂ സംഭവം തിരിച്ചടിയായി മാറുന്നത്. പുതുതലമുറ മലയാളി കുടുംബങ്ങൾ വരുത്തിവയ്ക്കുന്ന ഓരോ വീഴ്‌ച്ചക്കും മുഴുവൻ മലയാളികളും ഭാരം ചുമക്കേണ്ട അവസ്ഥയിലേക്ക് എത്തുകയാണ് കാര്യങ്ങളെന്ന് യുകെയിലെ പ്രമുഖ മലയാളി അഭിഭാഷകർ വെളിപ്പെടുത്തുന്നു. മാസം നാലോ അഞ്ചോ കേസുകൾ എന്ന സാഹചര്യത്തിൽ നിന്നും എല്ലാ ദിവസവും കേസുകൾ കൈകാര്യം ചെയ്യേണ്ട വിധം തിരക്കിലേക്ക് എത്തിയിരിക്കുകയാണ് മലയാളി അഭിഭാഷകർ.

ക്രൂ സംഭവത്തിലും ഭാര്യ പൊലീസിനോട് തന്നെക്കുറിച്ചു പരാതിയില്ലെന്ന് പറഞ്ഞാൽ രമ്യമായി ജീവിക്കാൻ തയ്യാറാണെന്ന് ഇയാൾ അഭിഭാഷകരോട് വെളിപ്പെടുത്തിയതായി സൂചനയുണ്ട്. എന്നാൽ ഇത് കേരളം അല്ലെന്നാണ് യുവാവിന് കയ്യോടെ ലഭിച്ച മറുപടി. ഇത്തരം കേസുകൾ കൂടുന്നത് യുകെ കോടതികളിൽ കേരളം, മലയാളി തുടങ്ങിയ പൊതു നാമങ്ങൾക്കു ലഭിച്ച ആദരവ് കൂടി ഇല്ലാതാക്കുകയാണ് എന്നും സ്ഥിരമായി ക്രിമിനൽ കേസിൽ വാദിക്കാൻ എത്തുന്ന മലയാളി അഭിഭാഷകൻ വ്യക്തമാക്കി.

പത്തു വർഷം മുൻപ് ബ്രൈറ്റണിൽ വളരെ ലഘുവായ ഒരു വീട്ടുവഴക്കിനെ തുടർന്ന് ഭർത്താവിനെ കേരളത്തിലേക്ക് നാടുകടത്തിയ സംഭവത്തിൽ ഇന്നും പ്രതിയാക്കപ്പെട്ടയാൾ തിരികെ യുകെയിൽ എത്താൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അടുത്തിടെ ഇദ്ദേഹം ഒരു തരത്തിൽ ദുബായ് വരെയെത്തിയെങ്കിലും അവിടെ നിന്നും വീണ്ടും തിരികെ കേരളത്തിൽ എത്തിക്കുക ആയിരുന്നു. മറ്റൊരു സംഭവത്തിൽ ഭർത്താവിനെയും മക്കളെയും നഷ്ടമായി സുബോധം വരെ ഇല്ലാതായ മട്ടിൽ ഒരു യുവതി രണ്ടാം കുടിയേറ്റ മലയാളികളുടെ കണ്ണീർ കാഴ്ചയായി മാറിയത് കാംബ്രിയയിലാണ്. ഈ സ്ത്രീയെ കൂടുതൽ കുഴപ്പത്തിലാക്കാൻ ഒരു മുറി വൈദ്യൻ എന്ന മട്ടിൽ രംഗത്ത് വന്ന അഭിഭാഷകനും കാരണമായി എന്നത് കഥയുടെ മറുവശം.

ഇതുൾപ്പെടെ വീട്ടുവഴക്കുകൾ സംബന്ധിച്ച അനേകം സംഭവങ്ങൾ ആദ്യകാലത്തെത്തിയ മലയാളികൾക്ക് മുന്നിൽ ജീവിതപാഠമായി നിലനിൽക്കുന്നതിനാൽ പുതുതായി യുകെയിൽ എത്തുന്നവർക്ക് സംഭവിക്കുന്ന ഗതികേട് ഓർത്തു പ്രയാസപ്പെടുകയാണ് ആദ്യകാല കുടിയേറ്റ മലയാളികൾ. ആദ്യകാല കുടിയേറ്റ മലയാളികളെ പുച്ഛത്തോടെ വീക്ഷിക്കുന്ന ഒരു പറ്റം ചെറുപ്പക്കാർ യുകെയിലെ ഒരു നിയമവും തങ്ങൾക്കു ബാധകമല്ലെന്ന തരത്തിൽ തൊഴിൽ ഇടങ്ങളിൽ പോലും പെരുമാറുന്നതായി അനേകം പരാതികൾ ഉയരുന്നുണ്ട്.