ദുബായ്: ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് യുണൈറ്റഡ് അരബ് എമിരേറ്റ്സ് ചരിത്രനേട്ടം കവരിച്ചത്. ചൊവ്വ ഗ്രഹത്തിന്റെ ഭ്രമണപഥത്തിൽ ബഹിരാകാശയാനം എത്തിക്കുന്ന ആദ്യത്തെ അറബ് രാജ്യമായി മാറുകയായിരുന്നു അന്ന് യു എ ഇ. ലോകത്തിൽ തന്നെ ഈ അപൂർവ്വ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ രാജ്യവും. വിജയകരമായ ഈ നേട്ടത്തിനുശേഷം ഇപ്പോൾ യു എ ഇ കണ്ണുവയ്ക്കുന്നത് മറ്റൊരു അപൂർവ്വ നേട്ടത്തിനാണ്. ഇതുവരെ നാലു രാജ്യങ്ങൾക്ക് മാത്രം സാധിച്ചിട്ടുള്ള അപൂർവ്വ നേട്ടമാണ് ഒരു ഛിന്നഗ്രഹത്തിൽ ബഹിരാകാശയാനം ഇറക്കുക എന്നത്. അതിനാണ് ഇപ്പോൾ യു എ ഇ പരിശ്രമിക്കുന്നത്.

ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലാണ് ഛിന്നഗ്രഹങ്ങൾ കാണപ്പെടുന്ന ആസ്ട്രോയ്ഡ് ബെൽറ്റ് എന്ന മേഖല. ഇവിടെ പഠനം ആരംഭിക്കുന്നതിനു മുൻപായി ഈ ബഹിരാകാശയാനം ശുക്രന്റെ ഭ്രമണപഥത്തിലൂടെ വലം വയ്ക്കും. അഞ്ചുവർഷം കൊണ്ട് യാനം സഞ്ചരിക്കുക 2.2 ബില്ല്യൺ മൈൽ (354 കോടി കിലോമീറ്റർ) ആയിരിക്കും. അതിനുശേഷം ഈ യാനം ഭൂമിയിൽ നിന്നും 350 മില്ല്യൺ മൈലുകൾക്കപ്പുറമുള്ള ഒരു ഛിന്നഗ്രഹത്തിൽ സുരക്ഷിതമായി ഇറങ്ങും. 2028 ൽ ആരംഭിച്ച് 2033 ൽ പൂർത്തിയാക്കുവാൻ ഉദ്ദേശിച്ചുള്ള ഈ ദൗത്യം വിജയിച്ചാൽ, ഛിന്നഗ്രത്തിൽ വാഹനമിറക്കുന്ന നാലാമത്തെ രാജ്യമായി മാറും യു എ ഇ. അമേരിക്ക, സോവ്യറ്റ് യൂണിയൻ, ജപ്പാൻ എന്നിവർക്ക് മാത്രമാണ് ഇതിനുമുൻപ് ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടുള്ളത്.

സ്വകാര്യ കമ്പനികളുടെ സഹായത്താലായിരിക്കും യു എ ഇയുടെ ബഹിരാകാശ ദൗത്യങ്ങൾ പൂർത്തിയാക്കുക എന്ന് യു എ ഇ സ്പേസ് ഏജൻസി അറിയിച്ചു. ബഹിരാകാശ ഗവേഷണം, എഞ്ചിനീയറിങ് തുടങ്ങിയ മേഖലകളിൽ വൻ കുതിപ്പുണ്ടാക്കുവാൻ ഈ ദൗത്യം പ്രയോജനപ്പെടുമെന്നും അവർ പറഞ്ഞു. ഫെബ്രുവരിയിൽ ചൊവ്വ ദൗത്യത്തിന് 200 മില്ല്യൺ ഡോളറായിരുന്നു ചെലവ് വന്നത്. ഈ പുതിയ പദ്ധതിയുടെ ചെലവ് എത്രയാണെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വികസനത്തിലേക്കുള്ള യാത്രയിൽ തങ്ങൾ ലക്ഷ്യം വയ്ക്കുന്നത് നക്ഷത്രങ്ങളേയാണെന്നാണ് ഇതിനെ കുറിച്ചുള്ള ചോദ്യത്തിന് യു എ ഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റഷീദ് അൽ മക്തൂം പറഞ്ഞത്.

വരും തലമുറകൾക്കായി നടത്തുന്ന നിക്ഷേപമാണിതെന്നും ഈ മിഷന്റെ പ്രധാന ദൗത്യം ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ഛിന്നഗ്രഹമേഖലയെ കുറിച്ചുള്ള പഠനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിക്ഷേപണം നടത്തിയാൽ ആദ്യം ശുക്രന്റെ ഭ്രമണപഥത്തിൽ വലം വെച്ചശേഷം പിന്നീട് പ്രധാന ഛിന്നഗ്രഹ മേഖലയിലേക്കെത്താനുള്ള പ്രവേഗം സ്വരൂപിക്കുന്നതിനായി ഭൂമിക്ക് ചുറ്റും കറങ്ങും. ശുക്രന് ചുറ്റും കറങ്ങുന്ന സമയത്ത് ഈ യാനം സൂര്യനോട് 67 മില്ല്യൺ മൈൽ വരെ അടുത്തെത്തും. അതായത് അധിക തെർമ്മൽ ഇൻസുലേഷൻ ആവശ്യമാണെന്നർത്ഥം.

നവാശയങ്ങളിലും അറിവിലും അധിഷ്ഠിതമായ വ്യവസായ മേഖലയുടെ പുരോഗതിയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് യു എ ഇ സ്പേസ് ഏജൻസി ചെയർപേഴ്സൺ ആയ സാറാ അൽ അമിരി പറയുന്നു. എമിരേറ്റ്സിന്റെ ചൊവ്വാ ദൗത്യം വളരെ സങ്കീർണ്ണമായ ഒന്നായിരുന്നു എന്ന് പറഞ്ഞ അവർ അതിനേക്കാൾ അഞ്ച് മടങ്ങ് സങ്കീർണ്ണതയാണ് ഈ പുതിയ പദ്ധതിൽ ഉള്ളതെന്നും കൂട്ടിച്ചേർത്തു. ബോൾഡറിലെ യൂണിവേഴ്സിറ്റി ഓഫ് കൊളറാഡോയിൽ ലബോറട്ടാറി ഫോർ അറ്റ്മോസ്ഫെറിക് സയൻസ് ആൻഡ് ഫിസിക്സിന്റെ സഹായത്തോടെയാണ് ഈ മിഷൻ വികസിപ്പിക്കുന്നത്.

ബഹിരാകാശ യാന നിർമ്മിതിയിലും ഇൻസ്ട്രമെന്റേഷൻ ഡിസൈനിംഗിലും 70 വർഷത്തെ പരിചയമുള്ള ലബോറട്ടറി ഈ മിഷനിലെ സാങ്കേതിക പങ്കാളിയാണ്. ചൊവ്വാ ദൗത്യത്തിലും ഇവർ പങ്കാളിയായിരുന്നു. പരിശീലനം നൽകുക, സാങ്കേതിക വിദ്യ കൈമാറുക, എന്നതുകൂടാതെ എമിരേറ്റിൽ വിദഗ്ദരായ ഒരു കൂട്ടം എഞ്ചിനീയർമാരേയും സോഫ്റ്റ്‌വെയർ ഡെവലപ്പർമാരെയും ശാസ്ത്രജ്ഞന്മാരെയും ഉണ്ടാക്കിയെടുക്കുക എന്നതുകൂടി ഇവരുടെ ദൗത്യമാണ്.