അബുദാബി: സൗദി അറേബ്യയുടെ 91-ാം ദേശീയ ദിനത്തിൽ യുഎഇയിലും വിപുലമായ ആഘോഷ പരിപാടികൾ. മൂന്ന് മിനിറ്റ് വെടിക്കെട്ട് ഉൾപ്പെടെ നിരവധി പരിപാടികൾ ആഘോഷത്തിന്റെ ഭാഗമായി യുഎഇയിൽ ഒരുക്കിയിട്ടുണ്ട്. ബുർജ് ഖലീഫയിലടക്കം രാജ്യത്തെ പ്രധാന കേന്ദ്രങ്ങൾ സൗദി ദേശീയ പതാകയുടെ നിറമണിയും.

രാത്രി എട്ടു മണിക്കാണ് ബുർജ് ഖലീഫയിൽ സൗദി ദേശീയ പതാക പ്രദർശിപ്പിക്കുക. ദുബൈ ഫൗണ്ടനിലും പ്രത്യേക പരിപാടി ക്രമീകരിച്ചിട്ടുണ്ട്. ഇതിന് പുറമെ പാം ഫൗണ്ടനിൽ എട്ടു മണി മുതൽ ഓരോ മണിക്കൂറിലും പ്രത്യേക ഷോ ഉണ്ടാകും. മ്യൂസിയം ഓഫ് ദ ഫ്യൂച്ചർ, സ്‌കൈ ദുബൈ എന്നിവിടങ്ങൾ പച്ച നിറമണിയും.

യുഎഇ ഭരണാധികാരികൾ സൗദിക്ക് ദേശീയ ദിനാശംസകൾ നേർന്നു. സൗദി ദേശീയ ദിനം പ്രിയപ്പെട്ടതാണെന്നും സാഹോദര്യം പുതുക്കുന്ന അവസരമാണെന്നും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിൽ കുറിച്ചു.

സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് ദുബൈ ഡോൾഫിനേറിയത്തിൽ ഡോൾഫിൻ ആൻഡ് സീൽ ഷോ കാണുന്നതിനുള്ള ടിക്കറ്റ് നിരക്കിൽ സെപ്റ്റംബർ 23 മുതൽ 25 വരെ 50 ശതമാനം ഇളവുണ്ട്.