കോഴിക്കോട്: പന്തീരങ്കാവ് യു.എ.പി.എ കേസുമായി ബന്ധപ്പെട്ട് സിപിഎം നിലപാടിൽ തെറ്റ് പറ്റിയിട്ടില്ലെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ. കോഴിക്കോട് സൗത്ത് ഏരിയാ സമ്മേളനത്തിൽ ഉയർന്ന വിമർശനങ്ങൾക്കാണ് ജില്ലാ സെക്രട്ടറി മറുപടി നൽകിയത്.

അലനും താഹയും സിപിഎമ്മിൽ പ്രവർത്തിക്കുമ്പോൾ തന്നെ മാവോയിസ്റ്റ് ആശയങ്ങളുമായി ബന്ധം പുലർത്തിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയത്തിൽ പാർട്ടിക്ക് എല്ലാ കാലത്തും ഒരു നിലപാടാണ്. പാർട്ടി സ്വീകരിച്ച നിലപാടിൽ തെറ്റില്ലെന്നും പി. മോഹനൻ പറഞ്ഞു.

സിപിഎം കോഴിക്കോട് സൗത്ത് ഏരിയാ കമ്മറ്റിക്ക് കീഴിലായിരുന്നു അലനും താഹയും നേരത്തെ പ്രവർത്തിച്ചിരുന്നത്. യുഎപിഎ വിഷയത്തിൽ പാർട്ടി നിലപാട് എന്താണെന്ന് വ്യക്തമാക്കണമെന്ന് പ്രതിനിധികൾ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഈ ചോദ്യത്തിനുള്ള മറുപടി പ്രസംഗത്തിലാണ് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ നിലപാട് വ്യക്തമാക്കിയത്.

പൊലീസ് പറഞ്ഞത് മാത്രം വിശ്വസിച്ച് പാർട്ടി മുന്നോട്ടുപോയി എന്നതായിരുന്നു സമ്മേളന പ്രതിനിധികളിൽ ചിലർ ഉയർത്തിയ വിമർശനം. യു.എ.പി.എ വിഷയത്തിലെ പാർട്ടി നിലപാടും സമ്മേളനത്തിൽ ചർച്ചയായി.

യുഎപിഎ വിഷയത്തിൽ പാർട്ടി നിലപാടിൽ മാറ്റമില്ല. കേസിൽ അന്വേഷണ കമ്മീഷനെവച്ച് പാർട്ടി ഇക്കാര്യം പരിശോധിച്ചതാണ്. സിപിഎമ്മിൽ പ്രവർത്തിക്കുമ്പോൾത്തന്നെ അലനും താഹയും മാവോയിസ്റ്റ് ആശയങ്ങളുമായി ബന്ധം പുലർത്തിയിരുന്നു. അങ്ങനെയാണ് സിപിഎമ്മിൽ നിന്ന് ഇരുവരെയും പുറത്താക്കിയത്. മോഹനൻ കൂട്ടിച്ചേർത്തു.

നേരത്തെ പി. മോഹനൻ കോഴിക്കോട് പ്രസ്സ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പൊലീസിനെതിരെ പരോക്ഷമായി ഈ വിഷയത്തിൽ വിമർശനമുന്നയിച്ചിരുന്നു. അന്ന് മുഖ്യമന്ത്രിയുടെ വിശദീകരണം വന്നതോടെ അദ്ദേഹം ഈ നിലപാടിൽ നിന്ന് പിറകോട്ട് പോവുകയായിരുന്നു.