നെയ്യാറ്റിൻകര: ഉദയകുമാർ ഉരുട്ടിക്കൊല കേസിൽ മുൻ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന നെയ്യാറ്റിൻകര കോൺവെന്റ് റോഡ് തങ്കം ബിൽഡിങ്സിൽ ശ്രീകുമാർ(44) കാൻസർ ബാധിച്ചു മരിച്ചു. രോഗബാധ കണ്ടെത്തിയതിന് പിന്നാലെ കഴിഞ്ഞ മൂന്ന് വർഷങ്ങളായി ചികിത്സയിലായിരുന്നു. നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ തുടരവെ ഇന്നലെ വൈകുന്നേരം 5.30 നാണ് മരിച്ചത്.

തുടർ ചികിത്സകൾക്കായി അനുവദിച്ച ജാമ്യത്തിൽ കഴിയുമ്പോഴാണ് മരണം. കേസിലെ രണ്ടാം പ്രതിയായ ശ്രീകുമാറിന് വധശിക്ഷയും പിഴയുമാണ് 2018 ൽ സിബിഐ പ്രത്യേക കോടതി വിധിച്ചത്. ഒന്നാംപ്രതി കെ.ജിതകുമാറായിരുന്നു. സർവീസിലിരിക്കെ വധശിക്ഷയ്ക്ക് വിധേയമാകുന്ന അപൂർവ്വതയാണ് ഈ കേസിൽ സംഭവിച്ചത്. 13 വർഷത്തിന് ശേഷമായിരുന്നു വിധി വന്നത്. കാൻസർ ചികിത്സയിൽ തുടരവെ ശ്രീകുമാറിന് കൊവിഡും പിടികൂടിയിരുന്നു.

പോസിറ്റീവ് ആയെങ്കിലും പിന്നീട് കോവിഡ് വിമുക്തനായിയിരുന്നു. മലപ്പുറത്ത് ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപികയായ ലക്ഷ്മിപ്രിയ ആണ് ഭാര്യ. മകൾ പ്ലസ് ടൂ വിദ്യാർത്ഥിനി ശ്രീപാർവ്വതി. അവസാനമായി തിരുവനന്തപുരത്ത് കന്റോൺമെന്റ് സ്റ്റേഷനിലാണ് ശ്രീകുമാർ ജോലി നോക്കിയത്. 

മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിൽ എടുത്ത ഉദയകുമാർ 2005 സെപ്റ്റംബർ 27 നായിരുന്നു മരിച്ചത്. കേസിലെ മൂന്നാംപ്രതി കെ.വി. സോമനും വിചാരണവേളയിൽ മരണമടഞ്ഞിരുന്നു. ആദ്യ മൂന്ന് പ്രതികളും കുറ്റകൃത്യത്തിൽ നേരിട്ടു പങ്കെടുത്തതായിട്ടാണ് സിബിഐ കോടതി കണ്ടെത്തിയത്. കേസിലെ മറ്റ് മൂന്ന് പ്രതികളായ പൊലീസുകാർക്ക് മൂന്ന് വർഷം തടവാണ് വിധിച്ചത്.